ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം ഫലപ്രദമാകുന്നില്ലെന്ന ആരോപണം ഉയരുന്നു

0
1393

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ വളര്‍ച്ച ലക്ഷ്യമാക്കി നടപ്പിലാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം ഫലപ്രദമാകുന്നില്ലെന്ന് ആരോപണം ഉയരുന്നു. ഒന്നാം ക്ലാസ് മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍വരെയും ഡോക്ടറേറ്റ് തലംവരെയുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 2006 മുതലാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ജെയിന്‍, ബുദ്ധിസ്റ്റ്, പാര്‍സി എന്നീ വിഭാഗങ്ങളാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ഏറെ കടമ്പകളുണ്ടെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗം സിസ്റ്റര്‍ അനസ്താസ്യ ഗില്‍ പറയുന്നു. കമ്മീഷന്റെ മുമ്പിലെത്തിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെപ്പറ്റി ഗവണ്‍മെന്റ് പ്രചാരണം നടത്തുകയോ ഇതു പ്രധാനപ്പെട്ടതാണെന്നു വിധത്തില്‍ കണക്കിലെടുക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ സ്‌കൂളുകളിലും കോളജുകളിലും പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഗവണ്‍മെന്റ് യാതൊരുവിധത്തിലുള്ള ശ്രമങ്ങളും നടത്തുന്നില്ല. അതിനാല്‍, നടന്നുമടുത്ത അനേകര്‍ ഇതില്‍നിന്നും പിന്തിരിയുകയാണെന്നും സിസ്റ്റര്‍ അനസ്താസ്യ ഗില്‍ ചൂണ്ടിക്കാണിക്കുന്നു.
2017-18 അക്കാദമിക് ഇയറില്‍ 42 ലക്ഷം അപേക്ഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് പാര്‍ലമെന്റ്കാര്യ സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 1,01,18,373 അപേക്ഷകള്‍ ലഭിച്ചെങ്കിലും ആനുകൂല്യം ലഭിച്ചത് 59,03,695 അപേക്ഷകര്‍ക്കുമാത്രമായിരുന്നു. ഏതു വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയതെന്ന കണക്കുകള്‍ ഗവണ്‍മെന്റ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇതിനര്‍ത്ഥം വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടു എന്നാണെന്ന് സിസ്റ്റര്‍ അനസ്താസ്യ ഗില്‍ പറയുന്നു. ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഗവണ്‍മെന്റിനുള്ള താല്പര്യക്കുറവായിട്ടാണ് ഈ അയഞ്ഞ സമീപനം പൊതുവേ വിലയിരുത്തപ്പെടുന്നത്. ഗവണ്‍മെന്റിന്റെ ഉദാസീനത മുതലെടുത്ത് പല ഉദ്യോഗസ്ഥന്മാരും നിയമവിരുദ്ധമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതുമൂലമാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നഷ്ടമാകുന്നത്. അതിന്റെ ഫലമായി അനേകം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവും മുടങ്ങുകയാണ്.