ന്യൂയോർക്ക് തീവ്രവാദിയാക്രമണം: ഇരകൾക്കായി പ്രാർത്ഥിക്കുന്നതായി ഫ്രാൻസിസ് പാപ്പ

0
295

വത്തിക്കാൻ: ന്യൂയോർക്കിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകൾക്കായി താൻ പ്രാർത്ഥിക്കുന്നതായും നിരപരാധികളായ സ്ത്രീപുരുഷന്മാരെ വധിച്ചവരെ ദൈവനാമത്തിൽ കുറ്റപ്പെടുത്തുന്നതായും ഫ്രാൻസിസ് പാപ്പ.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തീർത്ഥാടകർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘ന്യൂയോർക്കിൽ കഴിഞ്ഞദിവസം എട്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ താൻ അതീവ ദു:ഖിതനാണ്. തീവ്രവാദികളുടെ മാനസാന്തരത്തിനായും വെറുപ്പിൽ നിന്നും മരണം വിതയ്ക്കാൻ ദൈവത്തിന്റെ നാമം ദുരുപയോഗം ചെയ്യുന്ന ഹിംസാത്മകമായ വിഡ്ഢിത്തത്തിൽ നിന്നും ഈ ലോകം മുക്തമാകാനായി താൻ പ്രാർത്ഥിക്കുകയാണ്’. പാപ്പ പറഞ്ഞു.

‘ആക്രമണങ്ങളെ വിമർശിച്ചുകൊണ്ട് താൻ കഴിഞ്ഞ ദിവസം സൊമാലിയയിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവർക്കായും പരിക്കേറ്റവർക്കായും അവരുടെ കുടുംബത്തിനായും പ്രാർത്ഥിക്കുകയാണ്’. പാപ്പ പറഞ്ഞു. സൊമാലിയയിലെ മൊഗാഡിഷുവിലെ ഒരു ഹോട്ടലിൽ അൽഷബാബ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം ഐ എസ് ചാവേർ നടത്തിയ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം, ന്യൂയോർക്ക് നിവാസികളോട് ഒരുമിക്കണമെന്നും പ്രാർത്ഥിക്കണമെന്നും പരസ്പരം ബഹുമാനം പുലർത്തണമെന്നും ന്യൂയോർക്ക് ആർച്ച് ബിഷപ്പായ കർദിനാൾ തിമോത്തി ഡോളൻ ആഹ്വാനം ചെയ്തു.