പതിമൂന്നാമത്തെ അപ്പസ്‌തോലൻ

290

ഏഷ്യാ മൈനറിലെ അതിപുരാതനവും സംസ്‌കാര കേന്ദ്രവുമായ താർസൂസിൽ ഏ.ഡി 1നും 5നും ഇടയ്ക്കായിരുന്നും സാവൂളിന്റെ ജനനം. പൂർവികർ ജറുസലേമിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ പിതാമഹൻ റോമൻ ഭരണത്തിൻ കീഴിലായിരുന്ന താർസൂസിലാണ് താമസിച്ചിരുന്നത്. വിശാലമായ റോമാസാമ്രാജ്യത്തിന്റെ ഏതു ഭാഗത്തു താമസിക്കുന്നവർക്കും റോമൻ പൗരത്വം ഏറ്റവും വിലപ്പെട്ടതായിരുന്നു. പിൽക്കാലത്ത് സാവൂളിനത് ഉപകരിക്കുകയും ചെയ്തു.

താർസൂസിൽ ധാരാളം യഹൂദർ ഉണ്ടായിരുന്നു. ഒരേ കോളനിയിലായിരുന്നു എല്ലാവരും താമസിച്ചിരുന്നതും. ഇവിടെ ഇവർക്കൊരു സിനഗോഗും ഉണ്ടായിരുന്നു. താർസൂസിൽ പൗരസ്ത്യാചാരങ്ങളാണ് കൂടുതൽ ശക്തമായിരുന്നത്. അവിടെയുണ്ടായിരുന്ന യഹൂദസമൂഹം നഗരത്തിന്റെ അടിസ്ഥാനപരമായ പൗരസ്ത്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. കടുത്ത യാഥാസ്ഥിതികർ ആയിരുന്നു അദ്ദേഹത്തിന്റെ പൂർവികർ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വിചാരത്തിലും പ്രവൃത്തിയിലും ഹെബ്രായരിൽ ഹെബ്രായരായിതന്നെ നിലകൊണ്ടു. ആ അഗ്നിജ്വാല കത്തി നിൽക്കാൻവേണ്ടി ബാലനായ സാവൂളിനെ മതകാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി യഥാസമയം ജറുസലേമിലേക്കയച്ചു.

യഹൂദരിലെ രണ്ടു പ്രമുഖ വിഭാഗങ്ങളിൽ ഒരു വിഭാഗമായ ഫരിസേയരിൽ പെട്ടതായിരുന്നുന സാവൂൾ. സദുക്കായരാണ് രണ്ടാമത്തെ വിഭാഗക്കാർ. തങ്ങളാണ് ഏറ്റവും ശ്രേഷ്ഠർ എന്നു ഫരിസേയർ അഭിമാനിച്ചിരുന്നു. പ്രത്യേകം വേർതിരിക്കപ്പെട്ടവരായി അവർ തങ്ങളെ പരിഗണിച്ചിരുന്നു. അവരുടെ മതാത്മക ജീവിതത്തിലെ ധാർമിക ബോധവും ജീവിതവിശുദ്ധിയുമാണ അവരെ അതിന് പ്രേരിപ്പിച്ചത്.

പൂർവികരുടെ പാരമ്പര്യങ്ങളുടെ തീക്ഷ്ണമതിയായ സംരക്ഷകൻ എന്നവിധം നല്ലൊരു പേരുതന്നെ താൻ നേടിയെടുത്തെന്നു സാവൂൾ അഭിമാനിച്ചിരുന്നു. ചെറുപ്പംമുതൽ യഹൂദപാരമ്പര്യങ്ങളെ വളരെ നിഷ്ഠയോടെ പാലിച്ചിരുന്ന ഒരു യഹൂദനായിരുന്ന തന്റെ കഴിഞ്ഞകാല ജീവിതം കുറ്റമറ്റതായിരുന്നുവെന്നു അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വളരെ ജാഗ്രതയോടുകൂടി ഏറ്റവും നിസാരമായ കൽപനകൾ പോലും അദ്ദേഹം പാലിച്ചിരുന്നു. സാവൂളിന് ആദ്യകാലത്ത് ക്രിസ്തുമതത്തെ ഉൾക്കൊള്ളാൻ സാധിക്കാതെ വന്നതിൽ നമുക്ക് അദ്ദേഹത്തെ കുറ്റം പറയാൻ നിവൃത്തിയില്ല. അദ്ദേഹത്തിന്റെ സ്ഥാനത്ത് നമ്മളാണെങ്കിലും അദ്ദേഹം സ്വീകരിച്ച നയം തന്നെയല്ലേ സ്വീകരിക്കുകയുള്ളൂ?

സഭയുടെ ആദ്യത്തെ രക്തസാക്ഷിയായ സ്‌തേഫാനോസിനെ കല്ലെറിയുന്ന സന്ദർഭത്തിൽ സാവൂളും സന്നിഹിതനായിരുന്നു. കല്ലെറിയാൻ കൂടിയില്ല എന്നാണ് നടപടി പുസ്തകത്തിലും ദർശനത്തിലും കാണുന്നത്. കല്ലെറിയാൻ പുറപ്പെട്ടവർ സാവൂളിന്റെ കാൽക്കൽ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചുവച്ചു. സ്റ്റീഫനും സാവൂളും പണ്ഡിത ശ്രേഷ്ഠനായ ഗമാലിയേലിന്റെ ശിഷ്യന്മാരായിരുന്നു. ഈയവസരത്തിൽ ഗമാലിയേൽ മൗനം ദീക്ഷിക്കുന്നതു കണ്ട് സാവൂൾ അദ്ദേഹത്തെ കഠിനമായി വിമർശിച്ചു.

”സ്‌നേഹിതാ ക്രിസ്തുവിന്റെ വഴിയിൽ നിന്നെ കാത്തു ഞാൻ നിൽക്കും” എന്ന് സ്റ്റീഫൻ പറഞ്ഞപ്പോൾ കാളക്കൂറ്റനെപ്പോലെ നിന്നിരുന്ന സാവൂൾ ചീത്ത പറഞ്ഞുകൊണ്ട് ഒരു തൊഴി വച്ചുകൊടുത്തു. അതോടെ സ്റ്റീഫൻ വീണുപോയി. ക്രിസ്ത്യാനികളെ ജറുസലേമിലേക്ക് കൊണ്ടുപോയി കൊന്നൊടുക്കുന്നതിനുവേണ്ടി ഡമാസ്‌ക്കസിലെ സംഘടനകൾക്കു വേണ്ട നിർദേശം പ്രധാന പുരോഹിതനിൽനിന്ന് വാങ്ങി ഡമാസ്‌ക്കസിലേക്ക് പുറപ്പെട്ടു.

വഴിമധ്യേ ആകാശത്തിൽനിന്നു പൊടുന്നനവെ ഒരു പ്രകാശം വീശി. ഉടനെ അയാൾ നിലംപതിച്ചു. ”സാവൂൾ, സാവൂൾ നീ എന്തിനാണെന്നെ പീഡിപ്പിക്കുന്നത്” എന്നൊരു ശബ്ദം അയാൾ കേട്ടു. ”കർത്താവേ അങ്ങ് ആരാണ്” എന്ന സാവൂളിന്റെ ചോദ്യത്തിന് ”നീ പീഡിപ്പിക്കുന്ന നസ്രത്തുകാരനായ ഈശോയാണ് ഞാൻ” എന്ന് ഈശോ അരുൾചെയ്തു. സാവൂളിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

”നീ എഴുന്നേറ്റ് നഗരത്തിലേക്കു പോകുക. നീ എന്താണ് ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കാം.” അതോടുകൂടി സാവൂൾ മാനസാന്തരപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ട സാവൂളിന് അതിമാനുഷികമായ കാഴ്ച ലഭിച്ചു. അതിലൂടെ താൻ ആരെ വെറുക്കുകയും ആരുടെ ശിഷ്യന്മാരെ പീഡിപ്പിക്കുകയും ചെയ്തിരുന്നുവോ ആ വ്യക്തിയെ ഏറ്റുപറഞ്ഞ് അദ്ദേഹത്തിനുവേണ്ടി അനേക യാതനകൾ സഹിച്ച് രക്തസാക്ഷിയായി.
സുപ്രസിദ്ധ ഇറ്റാലിയൻ ബൈബിൾ പണ്ഡിതനും ബൈബിൾ ചരിത്രകാരനുമായ ജൂസെപ്പെ റിച്ചിയോത്തി പൗലോസ് അപ്പസ്‌തോലനെക്കുറിച്ച് പറയുന്നത് ”സാവൂൾ എന്ന ഹീബ്രു നാമത്തിനു പുറമെ പൗലോസെന്ന റോമൻ പേരും മാതാപിതാക്കൾ ശിശുവിന് നൽകി.

പലസ്തീനായിലും ഡിയാസ്‌ഫോറായിലും ഉണ്ടായിരുന്ന യഹൂദരുടെ ഇടയിൽ ഇരട്ടനാമധേയം സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു. ഗ്രീക്കുകാരും റോമാക്കാരുമായുള്ള ഇടപാടുകളിൽ ഇതുകൂടുതൽ സൗകര്യം പ്രദാനം ചെയ്തിരുന്നു. രണ്ടുകൂട്ടരും സെമിറ്റിക്കു നാമങ്ങളുടെ ഉച്ചാരണം വികൃതമാക്കിയിരുന്നു. ഇക്കാരണത്താൽ ഹീബ്രു നാമവുമായി ശബ്ദസാദൃശ്യമുള്ള വൈദേശികനാമങ്ങൾ സ്വീകരിച്ചിരുന്നു. അതുകൊണ്ട് സാവൂൾ എന്ന പേരിനോട് സാദൃശ്യമുള്ള പൗലോസെന്ന നാമം കൂടി കുട്ടിക്കു നൽകി” എന്നാണ്.

മാനസാന്തരത്തിനുശേഷം അദ്ദേഹത്തിന്റെ ജീവിതം മുഴുവനും ക്രിസ്തുവിലേക്കുള്ള തീക്ഷ്ണമായ ഒരോട്ടമായിരുന്നു. യഥാർത്ഥത്തിൽ ഈ ഓട്ടം ക്രിസ്തുവിനാൽ നയിക്കപ്പെട്ടതും സുരക്ഷിതമാക്കപ്പെട്ടതുമായിരുന്നു. മറ്റു അപ്പസ്‌തോലന്മാരെക്കാൾ കൂടുതലായി അദ്ദേഹം ക്രിസ്തുവിനുവേണ്ടി സഹിച്ചു. യഹൂദർ നൽകിയ അഞ്ചുപ്രാവശ്യത്തെ ചമ്മട്ടിയടി, മറ്റുപല പ്രാവശ്യങ്ങളിലെ സാധാരണ അടിയും കല്ലേറും പ്രേഷിതപ്രവർത്തനത്തിനിടയിലുള്ള കപ്പലപകടങ്ങളും ഒരു രാവും പകലും കടലിൽ കഴിച്ചുകൂട്ടിയതിനെക്കുറിച്ചും അദ്ദേഹം തന്റെ ലേഖനങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്.

ക്രിസ്ത്യാനികളെ കഠിനമായി വെറുത്തിരുന്ന സാവൂൾ, ഒരു ക്രിസ്ത്യാനിയായി തങ്ങളുടെ ഇടയിൽ വന്നപ്പോൾ ആദിമക്രിസ്ത്യാനികൾ അദ്ദേഹത്തെ സംശയദൃഷ്ട്യായാണ് വീക്ഷിച്ചിരുന്നത്. അത് സ്വാഭാവികമാണല്ലോ. എങ്കിലും, അദ്ദേഹം അതൊന്നും ഗൗനിക്കാതെ അവിടെ പിടിച്ചുനിന്നു.

ഊർജസ്വലമായ പ്രകൃതിയുള്ളവനും അങ്ങേയറ്റം വികാരചിത്തനും ജാത്യാ സാഹസികനുമായതുകൊണ്ടാണ് അദ്ദേഹത്തിന് മറ്റുള്ളവരെക്കാൾ കൂടുതൽ ക്രിസ്തുവിനു വേണ്ടി നേടാൻ സാധിച്ചത്.

സഹനത്തിന്റെ മൂർത്തീഭാവംതന്നെയായിരുന്നു വിശുദ്ധ പൗലോസിന്റെ ജീവിതം. ഈശോയ്ക്കുവേണ്ടി അദ്ദേഹം എല്ലാം സഹിച്ചു. ഈശോയെ അദ്ദേഹം അത്രമാത്രം സ്‌നേഹിച്ചിരുന്നു. എന്റെ എല്ലാമാണ് ക്രിസ്തുവെന്നാണ് പറഞ്ഞിരുന്നത്. താൻ ആദ്യകാലത്തു ചെയ്തുപോയ തെറ്റിന് കഠിനമായി പ്രായശ്ചിത്തം ചെയ്തു. ക്രിസ്തുവിന്റെ വഴിയിൽ തന്നെ കാത്തിരുന്ന സ്‌തേഫാനോസിനോടൊപ്പം വിശുദ്ധ പൗലോസ് ഇന്ന് സ്വർഗത്തിൽ വാഴുകയാണ്.