പരിശുദ്ധ അമ്മയുടെ മുന്നറിയിപ്പുകൾ

606

1958 ഒക്‌ടോബർ ഒമ്പതിന് റേഡിയോയിൽ പന്ത്രണ്ടാം പീയൂസ് പാപ്പാ കാലം ചെയ്ത വാർത്ത കേട്ടപ്പോൾ ഈഡാ പെർഡെമാൻ സ്വയം പറഞ്ഞു കാണണം, അമ്മ എന്നോട് പറഞ്ഞതെല്ലാം സത്യം. കാരണം പാപ്പായെക്കുറിച്ച് അമ്മ പറഞ്ഞത് അമ്മ വെളിപ്പെടുത്തിയ ദിവസം തന്നെ സംഭവിച്ചിരിക്കുന്നു. 1945 മാർച്ച് 25 മുതൽ 1959 മെയ് 31 വരെ തനിക്കു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മയോട് സന്ദേശങ്ങളുടെ ഉറപ്പിന് ഒരു അടയാളം ചോദിച്ചപ്പോൾ അമ്മ പറഞ്ഞിരുന്നു, എന്റ വാക്കുകൾ തന്നെയാണ് എന്റെ അടയാളം എന്ന്.

സംഭവം നടക്കുന്നതിന് ആറുമാസം മുമ്പ് ഫെബ്രുവരി 19 ന് ഈഡ പെർഡെമാൻ അമ്മയുടെ നിർദേശ പ്രകാരം മാർപാപ്പയുടെ മരണത്തെക്കുറിച്ച് തനിക്കു കിട്ടിയ വെളിപാട് കടലാസിൽ എഴുതി കവറിലിട്ട് കവർ മെഴുകുകൊണ്ട് സീൽ ചെയ്ത് തന്റെ ആത്മീയ പിതാവായ ഫ്രെഹെ അച്ചനെ ഏൽപ്പിച്ചിരുന്നു. ഇതിലുള്ളത് ഒരു പ്രവചനം ആണെന്നും അവൾ വ്യക്തമാക്കിയിരുന്നു. പലവട്ടം ‘അതു സംഭവിച്ചോ’ എന്ന് അച്ചൻ അവളോട് തിരക്കിക്കൊണ്ടിരുന്നു. മാർപാപ്പായുടെ സംസ്‌കാരം നടന്ന ഒക്‌ടോബർ 13 ന് പിറ്റേന്ന് അവൾ അച്ചനെ കാണാനെത്തി.

താനെഴുതിയ പ്രവചനം നിറവേറിയെന്ന് അവൾ പറഞ്ഞു. അവൾ കൊടുത്ത രേഖയുടെ കോപ്പി അവൾ കൊണ്ടുവന്നിരുന്നു. കവർ എവിടെയാണ് വച്ചതെന്ന് അച്ചൻ അപ്പോഴേയ്ക്കും മറന്നു പോയിരുന്നു. മുറിയെല്ലാം തപ്പി കവർ കണ്ടെടുത്തു. സീലു പൊട്ടിക്കാത്ത കവർ. രഹസ്യം അറിയാൻ കവർ പൊട്ടിക്കാൻ മുതിർന്നപ്പോൾ ഈഡ പറഞ്ഞു. സീൽ പൊട്ടിക്കാതെ അച്ചന്റെ കവറിംഗ് ലെറ്ററുമായി ആ കത്ത് റോമിലേക്കയക്കുക. കത്തിന്റെ കോപ്പിയിൽ നിന്നും പ്രവചനം മനസിലാക്കാം. അവൾ കത്തിന്റെ കോപ്പി അച്ചനെ വായിച്ചു കേൾപ്പിച്ചു. മാർപാപ്പായുടെ മരണം ഒക്‌ടോബർ ഒമ്പതിന് നടക്കും എന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം.

അമ്മ പറഞ്ഞവയിൽ ചൈന കമ്മ്യൂണിസ്റ്റ് പിടിയിലാകാൻ പോകുന്നു എന്ന മുന്നറിയിപ്പ് 1945 ൽ തന്നെ നിറവേറിയിരുന്നു. കൊറിയൻ യുദ്ധം, ഇസ്രായേലിന്റെ രൂപീകരണം, ശീതയുദ്ധം, തുടങ്ങിയവയും നിറവേറി. സാമ്പത്തിക മാന്ദ്യം, ചിപ്പുകൾ ഉണ്ടാക്കുന്ന ദുരന്തം, മനുഷ്യന്റെ ബഹിരാകാശ യാത്ര തുടങ്ങിയവ സംബന്ധിച്ച് പ്രവചനങ്ങളും നിറവേറുന്നത് അവൾ കണ്ടതാണ്.

1962 ൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ഉദ്ഘാടന ചടങ്ങുകൾ ടെലിവിഷനിൽ കണ്ടപ്പോൾ വീണ്ടും ഈഡാ ഓർത്തു. പുതിയ പന്തക്കുസ്താക്കുവേണ്ടി പ്രാർത്ഥിക്കുന്ന സഭയെ കാണിച്ചു കൊടുത്തപ്പോൾ അമ്മ കാണിച്ച അതേ ദൃശ്യം തന്നെ.. യോഹന്നാൻ 23 -ാമൻ പാപ്പായുടെ മരണം. പോൾ ആറാമന്റെ തെരഞ്ഞെടുപ്പ്, ബെർലിൻ ഭിത്തി, ജൈവയുദ്ധം, റഷ്യയിലെ കമ്മ്യൂണിസത്തിന്റെ പതനം, യൂഗോസ്ലാവ്യയിലെ യുദ്ധം തുടങ്ങി അമ്മ പറഞ്ഞ ഒരു പിടി മുന്നറിയിപ്പുകൾ പിന്നീട് നിറവേറുന്നത് 1996 ജൂൺ 17 ന് 91 -ാമത്തെ വയസിൽ അന്തരിക്കുന്നതിനു മുമ്പ് ഈഡ കണ്ടു.

നെതർലണ്ടിലുള്ള അവിവാഹിതയായ 40 കാരിയായിരുന്നു ഈഡ. 1945 ൽ അവളുടെ വിട്ടിൽ വച്ചാണ് പരിശുദ്ധ അമ്മ അവൾക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് മംഗലവാർത്ത തിരുനാളായിരുന്നു. അവൾ തനിക്കു പ്രത്യക്ഷപ്പെട്ട സ്ത്രീയോട് ചോദിച്ചു. ‘നീ മറിയമാണോ?’ അവർ പറഞ്ഞു: ”ജനതകൾ അങ്ങനെയാണ് എന്നെ വിളിച്ചിരുന്നത്. ഇനി എന്നെ ‘സർവജനപദങ്ങളുടെയും നാഥ’ എന്ന് വിളിക്കണം.

ഞാൻ എല്ലാവരുടെയും അമ്മയാണ് നല്ലവരുടെ മാത്രം അമ്മയല്ല. ക്രൈസ്തവരുടെ മാത്രം അമ്മയല്ല. എല്ലാവരുടെയും അമ്മ. അത് കാൽവരിയിൽ വച്ച് തിരുക്കുമാരൻ എനിക്കു തന്ന ദൗത്യമാണ്.”
ലോകം സാത്താന്റെ ഭീകരമായ ബന്ധനത്തിലാണെന്നും അതിൽ നിന്നും ജനത്തെ രക്ഷിക്കാൻ കുരിശ് വീണ്ടും സമൂഹത്തിന് നടുവിൽ പ്രതിഷ്ഠിക്കേണ്ടതുണ്ടെന്നും അമ്മ ഉപദേശിച്ചു. ലോകത്തിന് പുതിയ പന്തക്കുസ്താ അത്യാവശ്യമായിരിക്കുന്നു. അതിനുവേണ്ടി തീക്ഷ്ണതയോടെ പ്രാർത്ഥിക്കാൻ ഉപദേശിച്ച അമ്മ ഒരു പ്രാർത്ഥനയും പഠിപ്പിച്ചു.

ലോകത്തിന്റെ അവസ്ഥയെ അമ്മ മൂന്ന് സംജ്ഞകളിൽ സംഗ്രഹിച്ചു. യുദ്ധം, ദുരന്തം, ധാർമ്മിക തകർച്ച. ഈ മൂന്ന് അവസ്ഥകളുടെയും യഥാർത്ഥ ശില്പി സാത്താനാണ്. അവനിൽ നിന്നും ലോകത്തെ രക്ഷിക്കാൻ രക്ഷയും സമാധാനവും ദൈവികജീവനും ഉറപ്പാക്കാൻ പരിശുദ്ധാത്മാവിന് മാത്രമേ സാധിക്കൂ. പരിശുദ്ധാത്മാവിനെ ലോകത്തിലേക്കു നവ്യമായി എത്തിക്കാൻ അമ്മ നിയോഗിക്കപ്പെട്ടിരിക്കുന്നു. അതിന് അമ്മ പഠിപ്പിച്ച പ്രാർത്ഥന ലോകം മുഴുവൻ എത്തണം. എല്ലാവരും പ്രാർത്ഥിക്കണം. സാത്താൻ തകർക്കപ്പെടും, അമ്മ വെളിപ്പെടുത്തി. ലോകത്തിന്റെ വിജയം കുരിശിലൂടെയാണ്. ജപമാല ചൊല്ലി പ്രാർത്ഥിക്കുക. അമ്മ ഉപദേശിച്ചു.

അമ്മയെ സർവജനപദങ്ങളുടെയും നാഥയും സഹരക്ഷകയും അഭിഭാഷകയും മധ്യസ്ഥയുമായി സഭ പ്രഖ്യാപിക്കണം. ഒരു മെയ് 31 ന് അത് സംഭവിക്കുമെന്നും അമ്മ വെളിപ്പെടുത്തി. സഹരക്ഷക എന്ന വിശ്വാസസത്യ പ്രഖ്യാപനം ദൈവശാസ്ത്രജ്ഞർ എതിർക്കുമെങ്കിലും അവസാനം അതുണ്ടാകും എന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞു. ഇതിനായി പരിശുദ്ധപിതാവിനോട് അപേക്ഷിക്കാനും ദൈവസന്നിധിയിൽ നിലവിളിക്കാനും അമ്മ ഉപദേശിച്ചു. ഈ വിശ്വാസസത്യ പ്രഖ്യാപനം ഉണ്ടാകുന്നതോടെ സാത്താന്റെ ഭരണം എന്നന്നേക്കുമായി ഇല്ലാതാകുമെന്ന് അമ്മ പറഞ്ഞു.

ഇതെല്ലാം നടക്കുമെന്ന് വിശ്വസിക്കാൻ എന്തടയാളമാണ് തരിക എന്ന് അവൾ അമ്മയോട് ചോദിച്ചപ്പോൾ, എന്റെ വാക്കുകൾ തന്നെയാണ് അടയാളം എന്നാണ് അമ്മ പറഞ്ഞത്. ആദ്യ സന്ദേശത്തിൽ ഒന്ന് ആ വർഷം തന്നെ ലോകമഹായുദ്ധത്തിൽ നിന്നും നെതർലണ്ട് രക്ഷപ്പെടും എന്നതായിരുന്നു. മാർച്ച് 25 ന് അമ്മ വെളിപ്പെടുത്തിയ സത്യം മെയ് അഞ്ചിന് നിറവേറി.. അന്ന് ജപമാല ഉയർത്തിക്കാണിച്ച് അമ്മ അവളോട് പറഞ്ഞു, ഇതിലൂടെയാണ് വിജയം വരുന്നത്.

അവസാനകാലത്തെ സന്ദേശങ്ങളിൽ വിശുദ്ധ കുർബാനയോടുള്ള ഭക്തിയെക്കുറിച്ചും വിശുദ്ധ കുർബാനയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചുമാണ് അമ്മ പറഞ്ഞത്. ഓരോ ദിവസവും ഓരോ മണിക്കൂറിലും ഓരോ മിനിറ്റിലും നടക്കുന്ന മഹാത്ഭുതം എന്നാണ് അമ്മ വിശുദ്ധകുർബാനയെക്കുറിച്ച് പ്രതിപാദിച്ചത്.

പ്രാർത്ഥനയ്ക്കും ചിത്രത്തിനും 1996 മെയ് 31 ന് ഈഡയുടെ നാടായ ഹാർലമിലെ മെത്രാൻ അംഗീകാരം നല്കി. എന്നാൽ വിവാദം തുടർന്നു. പ്രാർത്ഥനയുടെ അവസാനത്തെ ഖണ്ഡിക ‘ഒരിക്കൽ മറിയമായിരുന്ന സർവജനപദങ്ങളുടെയും നാഥ ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ’ എന്നായിരുന്നു. മറിയം ഇപ്പോൾ മറിയമല്ലേ എന്ന തർക്കവുമായി പണ്ഡിതർ പ്രാർത്ഥനക്കെതിരെ വന്നു. സഭ ഇടപെട്ടു. അവസാനം സഭയുടെ തീരുമാനം വന്നു. ‘ഒരിക്കൽ മറിയമായ’ എന്ന പ്രയോഗം മാറ്റണം. പകരം ‘സർവജനപദങ്ങളുടെയും നാഥയായ മറിയം’ എന്ന് പ്രാർത്ഥിക്കാം. സഭ വാസ്തവത്തിൽ ഒരു മാറ്റവും പ്രാർത്ഥനയിൽ വരുത്തിയില്ല.
അമ്മ ആംസ്റ്റർഡാമിൽ തന്നെക്കുറിച്ചു വെളിപ്പെടുത്തിയ സർവജനപദങ്ങളുടെയും നാഥ എന്ന ശീർഷകം ഇതിലൂടെ അംഗീകരിക്കുകയും ആർക്കും തെറ്റിദ്ധാരണ ഉണ്ടാകാതെ പ്രാർത്ഥിക്കുന്നതിനുള്ള ക്രമത്തിന് അംഗീകാരം നല്കുകയും ചെയ്തു

മഞ്ഞു തുള്ളികൾ പോലെ ലോകത്താകെ പ്രചരിക്കും എന്ന് പറഞ്ഞ് അമ്മ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോൾ ചൊല്ലേണ്ടത് ഇങ്ങനെയാണ്:

ക്രിസ്തുനാഥാ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക് അയക്കണമെ. സർവജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാർമിക അധഃപതനം, ദുരന്തങ്ങൾ, യുദ്ധം ആദിയായവയിൽ നിന്നും അവർ സംരക്ഷിക്കപ്പെടട്ടെ. സർവജനപദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യാകമറിയം ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ. ആമ്മേൻ.

ടി.ദേവപ്രസാദ്