പരിശുദ്ധ അമ്മയുടെ സ്‌നേഹത്തിന് മുന്നില്‍

0
1295

സന്യസ്ത യാത്രയില്‍ കൊടുങ്കാറ്റുണ്ടായാലും ശത്രുക്കള്‍ നിരന്നുനിന്നാലും അമ്മേ, എന്ന ഒറ്റവിളി മതി. ഓടിവന്ന് കൂടെ നില്‍ക്കുന്ന പരിശുദ്ധ അമ്മയുടെ സ്‌നേഹത്തിന് മുമ്പില്‍ ഒരായിരം നന്ദി.
വീട്ടിലായിരുന്ന കാലഘട്ടത്തില്‍ മെയ്മാസത്തില്‍ മാതാവിനോടുള്ള ഭക്തി ഒരു ഹരമായിരുന്നു. നിത്യസഹായ മാതാവിന്റെ രൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ച് അമ്മയെ സ്‌നേഹിക്കാനുള്ള വ്യഗ്രത. ഏതെങ്കിലും കാലത്ത് പരിശുദ്ധ അമ്മയോട് പ്രകടിപ്പിച്ച ഒരു നുള്ള് സ്‌നേഹം വലിയ സ്‌നേഹക്കടലായി അമ്മ തിരിച്ചുതരും. അന്ന് വീട്ടിലുണ്ടായിരുന്നത് ഒരു കൊച്ചു നിത്യസഹായ മാതാവിന്റെ രൂപമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അതേ മുഖഛായയുള്ള വലിയ രൂപം കഴിഞ്ഞ മാസം ഒരു കടയില്‍ കണ്ടപ്പോള്‍ വലിയ കൗതുകത്തോടെ നോക്കിനിന്നു. വില ചോദിച്ചപ്പോള്‍ വലിയ തുക വേണമെന്ന് മനസിലായി. മനസുകൊണ്ട് അമ്മയ്‌ക്കൊരു ഉമ്മ കൊടുത്ത് നിസഹായതയോടെ കടയില്‍നിന്നിറങ്ങി. പിറ്റേദിവസം ഞാനായിരിക്കുന്ന സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് അതേ കടയില്‍ മാതാവിന്റെ ഒരു ചെറിയ രൂപം വാങ്ങാനെത്തി. ഞാന്‍ കണ്ട നിത്യസഹായമാതാവിന്റെ രൂപം അദ്ദേഹം കണ്ടപ്പോള്‍ അത് വാങ്ങാനുള്ള പ്രേരണയും ലഭിച്ചു. അത് വാങ്ങിയശേഷം ഇതാര്‍ക്ക് കൊടുക്കുമെന്ന് ചിന്തിച്ചുനില്‍ക്കുമ്പോള്‍ കടയുടെ ഉടമസ്ഥന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇന്നലെ രണ്ട് സിസ്റ്റേഴ്‌സ് ഈ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചുനിന്നിരുന്നു. അന്വേഷിച്ചപ്പോള്‍ കടയുടമസ്ഥന്‍ എന്റെ പേര് പറഞ്ഞു.
മാതാവ് എന്തുകൊണ്ടാണ് ആ രൂപം വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് അപ്പോള്‍ അദ്ദേഹത്തിന് മനസിലായി. സ്‌നേഹത്തോടെ ആ രൂപം വാങ്ങിയ അദ്ദേഹം സ്‌കൂളിന് സമ്മാനമായി നല്‍കി. വര്‍ഷങ്ങള്‍ക്കുമുമ്പ് നിത്യസഹായ മാതാവിനോട് പ്രകടിപ്പിച്ച ഒരു നുള്ള് സ്‌നേഹത്തിന്റെ പ്രതിഫലം. ആ രൂപം സ്‌കൂളില്‍ പ്രതിഷ്ഠിച്ച ദിവസം അമ്മ സ്‌കൂളിനെ അനുഗ്രഹിച്ചു. ഏതാനും മണിക്കൂറുകള്‍ മാത്രം പരിശീലനം ലഭിച്ച അവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ ചെസ് മത്സരത്തില്‍ പങ്കെടുത്ത് മികച്ച സ്‌കൂളിനുള്ള സമ്മാനവുമായാണ് തിരിച്ചുവന്നത്.
അവരുടെ കൈയിലുള്ള ആയുധം ജപമാലയായിരുന്നു. അന്നുതന്നെ നടന്ന ജില്ലാതല ബോള്‍ ബാഡ്മിന്റണ്‍ മത്സരത്തിലും ഞങ്ങളുടെ വിദ്യാര്‍ത്ഥിനികള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
രണ്ടുമാസം മുമ്പ് എന്റെ സ്‌കൂളിലെ കുട്ടികള്‍ എന്റെ മേശപ്പുറത്തിരുന്ന മെഡ്ജുഗോറിയയിലെ മാതാവിന്റെ രൂപം അവര്‍ക്ക് വേണമെന്ന് പറഞ്ഞു. മടിച്ചാണെങ്കിലും അതവര്‍ക്ക് കൊടുത്ത അതേ നിമിഷം തന്നെ എനിക്കൊരു ഫോണ്‍കോള്‍. എനിക്ക് പരിചയമുള്ള ഒരു സഹോദരി ലണ്ടനില്‍നിന്നും വിളിച്ചു. അവര്‍ അടുത്തുതന്നെ മെഡ്ജുഗോറിയയിലേക്ക് പോകുന്നുണ്ടെന്നും മാതാവിന്റെ രൂപം എനിക്ക് വാങ്ങിത്തരുമെന്നും പറഞ്ഞു. ഏത് വലിയ പ്രശ്‌നത്തിലും പരിശുദ്ധ അമ്മയെ ഒന്നുനോക്കിയാല്‍ മാത്രം മതി മക്കളോടുള്ള സ്‌നേഹം അപ്പോള്‍ത്തന്നെ അമ്മ പ്രകടമാക്കും. ചെറുപ്പകാലത്ത് വളരെ സഭാകമ്പമുണ്ടായിരുന്ന എനിക്ക്, ഇന്ന് അമ്മയുടെ കരുതല്‍കൊണ്ട് അനേകരുടെ മുമ്പില്‍ മണിക്കൂറുകള്‍ പ്രസംഗിക്കാനുള്ള കൃപ അമ്മ നല്‍കി. അമ്മയുടെ സംരക്ഷണത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം.

സിസ്റ്റര്‍ ഷാന്‍ മരിയ SABS