പരിശുദ്ധ അമ്മ മനുഷ്യമക്കളെ നയിച്ചുകൊണ്ടിരിക്കുന്നു: ആർച്ച്ബിഷപ്പ് ജോസ് എച്ച് ഗോമസ്

0
229

ലോസ്ആഞ്ചലസ്: ന്യായവിധിയുടെ ദിനം വരെ തന്റെ പ്രിയപുത്രനായ കർത്താവായ യേശുക്രിസ്തുവിനെ കണ്ടു മുട്ടുന്നതിന് പരിശുദ്ധ അമ്മ മനുഷ്യമക്കളെ നയിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോസ് ആഞ്ചലസ് ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ്. കഴിഞ്ഞ ഞായറാഴ്ച ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിനു മുന്നോടിയായി ലോസ് ആഞ്ചലസിൽ നടന്ന മരിയൻ പ്രദക്ഷിണത്തോടനുബന്ധിച്ചു നടന്ന ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. 30,000 കത്തോലിക്കരാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്. ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ഡിസംബർ 12 ന് അവസാനിക്കും.

“ഗ്വാഡലൂപ്പിലെ പരിശുദ്ധമറിയമേ ഞങ്ങൾ ഞങ്ങളുടെ ഹൃദയം തരുന്നു. ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കുക, ഞങ്ങളെ കേൾക്കുക, ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കുക. തന്റെ പുത്രന്റെ സാന്നിധ്യത്തിലേക്ക് അമ്മ നിരന്തരം നമ്മെ നയിക്കുന്നു. അതിനാൽ ഇന്ന് നമ്മുടെ അമ്മയോടുള്ള സ്‌നേഹം നമ്മൾ പ്രഖ്യാപിക്കുകയാണ്. തങ്ങളോടും തങ്ങളുടെ മക്കളോടും ഉള്ള അമ്മയുടെ വാത്സല്യമുള്ള സ്‌നേത്തിന് നന്ദി പറയുന്നു”. പ്രദക്ഷിണത്തിന് ശേഷം നടന്ന ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് പറഞ്ഞു.

ലോസ്ആഞ്ചലസിലെ ഏറ്റവും പഴക്കമേറിയ പ്രദക്ഷിണമാണ് മരിയൻ പ്രദക്ഷിണം. ക്രിസ്റ്റെറോ യുദ്ധകാലത്ത് മെക്‌സിക്കൻ സർക്കാരിന്റെ മതപീഢനം മൂലം പലായനം ചെയ്യേണ്ടി വന്ന മെക്‌സിക്കൻ കത്തോലിക്കരാണ് 86 വർഷം മുൻപ് മരിയൻ പ്രദക്ഷിണത്തിന് തുടക്കം കുറിച്ചത്. സീസർ ഷാവെസ് അവന്യുവിൽ നിന്നും കിഴക്കൻ ലോസ് ആഞ്ചസിലെ ഫോർഡ് സ്ട്രീറ്റിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ നിറപ്പകിട്ടാർന്ന ഫ്‌ളോട്ടുകളുമായി വിശ്വാസികൾ അണി നിരന്നു. മെക്‌സിക്കോ ബസലിക്കയിലെ ഗാഢലൂപ്പ മാതാവിന്റെ ചിത്രത്തിൽ മുട്ടിച്ച് വെഞ്ചരിച്ച പകർപ്പിന്റെ പിറകിൽ സ്‌കൂൾ വിദ്യാർത്ഥികൾ അണി നിരന്നു. മരിയൻ പ്രദക്ഷിണത്തിൽ പങ്കെടുത്തവർ മെക്‌സിക്കോ പതാകയുടെ നിറമായ ചുവപ്പും പച്ചനിറത്തിലുള്ളമുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു.

പ്രദക്ഷിണത്തിന് മുൻപ് 1531 ൽ മെക്‌സിക്കൻ ഗോത്രവംശജനായ വിശുദ്ധ ജുവാൻ ഡിയഗോയ്ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത് അഭിനേതാക്കൾ പുനരാവിഷ്‌ക്കരിച്ചു.