പരിശുദ്ധ കാതോലിക്കാ ബാവായും എത്യോപ്യൻ പ്രസിഡൻറുമായി കൂടിക്കാഴ്ച്ച നടത്തി   

228

എത്യോപ്യയിലെ ദേശീയ ഉത്സവമായ സ്ലീബാ പെരുന്നാളിൽ ദേശീയ അതിഥിയായി പങ്കെടുക്കാൻ  എത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിൻറെ ക്ഷണമനുസരിച്ച് ആഡീസ് അബാബയിൽ എത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും, എത്യോപ്യൻ പാത്രിയർക്കീസും ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ പ്രസിഡൻറ് മലാതു തെഷോമേയുമായി കൂടിക്കാഴ്ച്ച നടത്തി. ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുളളതായിരുന്നു കൂടിക്കാഴ്ച്ച . മലങ്കര ഓർത്തഡോക്‌സ് സഭയും എത്യോപ്യൻ; സഭയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.; കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും പാത്രിയർക്കേറ്റ് അരമനയിലേക്ക് മടങ്ങി.

എത്യോപ്യൻ ഓർത്തഡോക്‌സ് സഭയും മലങ്കര ഓർത്തഡോക്‌സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും, സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും ലക്ഷ്യമാക്കിയുളള ഉഭയകക്ഷി ഉടമ്പടി ഒപ്പുവെയ്ക്കുമെന്ന് ഇത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസ് പ്രസ്താവിച്ചു. ഇരു സഭകളിലെയും സുന്നഹദോസുകൾ ചർച്ച ചെയ്ത് അംഗീകരിച്ചതാണ് ഈ ഉടമ്പടി. സ്ലീബാ പെരുന്നാളിന് മുഖ്യ അതിഥിയായി എത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാക്ക് ആഡീസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ ആമുഖപ്രസംഗം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം സ്വീകരണഗാനത്തോടെയാണ് പരിശുദ്ധ കാതോലിക്കാ ബാവായെ വരവേറ്റത്. സമ്പന്നമായ എത്യോപ്യൻ സഭയുടെ പാരമ്പര്യം ഓർത്തഡോക്‌സ് സഭകൾക്ക് പ്രചോദനമേകുന്നതാണെന്ന് മറുപടി പ്രസംഗത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. സ്വീകരണത്തിൽ പരമ്പരാഗത വേഷധാരികളായ പതിനായിരക്കണക്കിന് സഭാംഗങ്ങൾ സംബന്ധിച്ചു. പാത്രിയർക്കേറ്റ് പാലസിൻറെ കവാടത്തിൽ എത്തി പാത്രിയർക്കീസ് ബാവാ കാതോലിക്കാ ബാവായെ സ്വീകരിച്ചു. ഇരുവരും തമ്മിൽ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി.