പരിസ്ഥിതി വിദ്യാഭ്യാസം സമഗ്രമായിരിക്കണം: ഫ്രാൻസിസ് പാപ്പ

0
373

വത്തിക്കാൻ: പരിസ്ഥിതി വിദ്യാഭ്യാസം സമഗ്രമായിരിക്കണമെന്നും അത് ഭൂമിയെ സംരക്ഷിക്കുന്ന മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തന്നതിനെപ്പറ്റിയാകണമെന്നും ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം ഇറ്റലിയിലെ കത്തോലിക്കാ അധ്യാപക സംഘടനയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

“പ്രായമായവരുടെ പ്രശ്‌നങ്ങൾ അവഗണിക്കുകയും, വംശനാശം നേരിടുന്ന ജന്തുക്കളെ സംരക്ഷിക്കുന്നതിൽ അതീവതാല്പര്യം കാണിക്കുകയും ചെയ്യുന്ന ജീവിതശൈലിയല്ലത.് ആമസോൺ കാടുകളുടെ സംരക്ഷണത്തെക്കുറിച്ച് വ്യഗ്രതപ്പെടുകയും, തൊഴിലാളികളുടെ അവകാശങ്ങളെയും, ന്യായമായ വേതനത്തെയും അവഗണിക്കുകയും ചെയ്യുന്ന തരത്തിലുള്ളതോ അല്ല ആജീവിത ശൈലി. പരിസ്ഥിതി വിദ്യാഭ്യാസം, അത് സമഗ്രമായിരിക്കണം”, പാപ്പ പറഞ്ഞു.

“കുട്ടികളുടെ പ്രാഥമികവിദ്യാഭ്യാസ കാലത്തുതന്നെ കൂടിക്കാഴ്ചയുടെ സംസ്‌ക്കാരത്തിന് അടിസ്ഥാനമിടണം. കാരണം, ബാല്യകാലം നിർണായകമാണ്. ചരിത്രവും യോഗ്യതയും അയോഗ്യതയും സമ്പത്തും പരിമിതികളും തിരിച്ചറിഞ്ഞ് അപരനെ സഹോദരനായി ആദരിക്കുന്നതിന് വിദ്യാർഥികളെ പ്രചോദിപ്പിക്കാനാണ് ക്രൈസ്തവരായ അധ്യാപകർ വിളിക്കപ്പെട്ടിരിക്കുന്നത്”, പാപ്പ പറഞ്ഞു.

“സ്‌കൂളുകളും കുടുംബങ്ങളുമായി വിദ്യാഭ്യാസപരമായ ഒരു ബന്ധം ഉണ്ടാകണം. മുൻപ് അധ്യാപകരിൽ നിന്നും മാതാപിതാക്കളിൽ നിന്നും പരസ്പരം ശക്തിപ്പെടുത്തുന്ന ഉത്തേജനം കുട്ടികൾക്കു ലഭിച്ചിരുന്നു. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നുവെങ്കിലും, അധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള പുതിയ ബന്ധം പ്രോത്സാഹിപ്പിക്കണമെന്നും” പാപ്പ പറഞ്ഞു.