പാപ്പയുടെ പുതുവർഷ സന്ദേശത്തെ പ്രകീർത്തിച്ച് ഇറ്റാലിയൻ പ്രസിഡന്റ്

0
1442

വത്തിക്കാൻ സിറ്റി:പുതുവർഷത്തിൽ ഫ്രാൻസിസ് പാപ്പ അവതരിപ്പിച്ച ‘നന്മയുള്ള രാഷ്ട്രീയം സമാധാന സേവനത്തിന്’ എന്ന സന്ദേശം ആഗോളതലത്തിൽ പ്രസക്തിയുള്ളതെന്ന് ഇറ്റാലിയൻ പ്രസിഡന്റ് സേർജോ മത്തരല്ലോ. ആഗോള സഭ ജനുവരി ഒന്നിന് ആചരിച്ച ലോകസമാധാനദിനത്തിൽ പാപ്പ പങ്കുവെച്ച സന്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെയുമുള്ള ഏത് ഭരണാധികാരിക്കും അയാൾ വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ പാപ്പയുടെ സന്ദേശം ഏറെ സ്വാധീനിക്കുമെന്നും ജനസേവനമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വെല്ലുവിളികൾ നിരത്തുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രിയത്തിന്റെ മഹത്തരമായ ആശയങ്ങളാണ് സന്ദേശത്തിൽ പങ്കുവെച്ചിട്ടുള്ളത്. രാഷ്ട്രങ്ങളിൽ പൊതു നന്മ വളർത്തിയെടുക്കാനും അടിസ്ഥാന മനുഷ്യാവകാശങ്ങളെ ആദരിക്കാനുമിള്ളതാണ് രാഷ്ട്രിയം. ജനങ്ങൾക്കിടയിൽ കൂട്ടായ്മ വളർത്താനും ജനങ്ങളുടെ ക്ഷേമത്തിനായും പ്രവർത്തിക്കേണ്ടതാണ് രാഷ്ട്രീയമെന്നും പാപ്പ സന്ദേശത്തിൽ പറയുന്നുണ്ടെന്നും മത്തരല്ലോ പറഞ്ഞു.

നല്ല രാഷ്ട്രീയത്തിൽ സംവാദങ്ങൾ പതിവാണ്. അത് യുവജനങ്ങളെ ഉത്തേജിപ്പിക്കുന്നതും നല്ല പൗരന്മാരാകാൻ അവരെ സഹായിക്കുന്നതുമാണ്. മാത്രമല്ല സാമുഹിക നന്മക്കായി ഓരോ പൗരന്റെയും കഴിവുകൾ ഉപയോഗിക്കുന്നതുമാണ് രാഷ്ട്രീയമെന്ന് പാപ്പ സന്ദേശത്തിൽ വ്യക്തമാക്കുന്നത് ലോകത്തുള്ള സകല രാഷ്ട്രങ്ങൾക്കും രാഷ്ട്രീയക്കാർക്കും വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.