പാപ്പയുടെ സ്പർശനം! കൺസ്യൂല ജീവിക്കാൻ തീരുമാനിച്ചു

385

കൊളംബിയ: അനുരഞ്ജനസന്ദേശാർത്ഥം ഫ്രാൻസിസ് പാപ്പ നടത്തിയ കൊളംബിയ സന്ദർശനം അക്ഷരാർത്ഥത്തിൽ ജീവൻ പകർന്നത് കൺസ്യൂല കോർഡോബ എന്ന യുവതിക്കാണ്. മുൻ ജീവിതപങ്കാളി നടത്തിയ ആസിഡാക്രമണത്തിൽ മനംനൊന്ത് ഈ മാസം 29ന് കാരുണ്യവധത്തിന് വിധേയയാകാനിരിക്കെയാണ് യുവതിക്ക് പാപ്പയുടെ സാമീപ്യം ജീവൻ പകർന്നത്.

കൺസ്യൂലയുടെ മുൻ ജീവിത പങ്കാളി ഡാഗോ ബെർട്ടോയാണ് 2000- ൽ അവളുടെ സുന്ദരമായ മുഖം വിരൂപമാക്കാൻ ആസിഡൊഴിച്ചത്. തുടർന്ന് വൈരൂപ്യം മറികടക്കാൻ 87 ശസ്ത്രക്രിയകൾക്കാണ് അവൾ വിധേയയായത്. ആ സമയങ്ങളിലൊക്കെ നാസാദ്വാരങ്ങളിൽ കടത്തിയ കുഴലിലൂടെയായിരുന്നു അവൾ ശ്വാസോച്ഛ്വാസം പോലും നിർവഹിച്ചിരുന്നത്. എന്നാൽ, അതിനുശേഷവും ആരോഗ്യപ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുകയും തലച്ചോറിന് അണുബാധയേൽക്കുകയും ചെയ്തതോടെ കാരണ്യവധം എന്ന നിയമത്തിന്റെ ആനുകൂല്യമനുസരിച്ച് തന്റെ ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു. കൺസ്യൂലയുടെ ഡോക്ടറാകട്ടെ കുത്തിവെയ്പ്പിലൂടെ ജീവിതമവസാനിപ്പിക്കാമെന്ന് അവളോട് പറയുകയും ചെയ്തു.

എന്നാൽ, ദൈവാനുഗ്രഹമെന്നോണം ഫ്രാൻസിസ് പാപ്പ കൊളംബിയ സന്ദർശിക്കുന്ന കാര്യമറിഞ്ഞ കൺസ്യൂല പാപ്പയോട് സമ്മതം ചോദിച്ചശേഷം മരിക്കാമെന്ന തീരുമാനത്തിലെത്തി. അങ്ങനെയാണ് അവൾക്ക് പാപ്പയെ കാണാനുള്ള അവസരം ലഭിക്കുന്നത്. എന്നാൽ പാപ്പയോട് ജീവിതമവസാനിപ്പിച്ചോട്ടെ എന്ന് ചോദിക്കുന്നതിന് മുൻപ തന്നെ അദ്ദേഹം അവളെ പൃതൃവാത്സല്യത്തോടെ രണ്ട് തവണ ആശ്ലേഷിച്ചു. തുടർന്നവളോട് ഒരിക്കലും ജീവിതമവസാനിപ്പിക്കരുതെന്ന് നിർദേശിച്ച പാപ്പ അവൾ സുന്ദരിയും ധീരയുമാണെന്ന് പറയുകയും ചെയ്തു. പാപ്പയുമായുള്ള കൂടിക്കാഴ്ച തന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചതായും തനിക്കിപ്പോൾ ജീവിക്കണമെന്ന ആഗ്രഹമുണ്ടെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അവൾ പ്രതികരിച്ചത്. “കുത്തിവെയ്പിലൂടെ ജീവിതമവസാനിപ്പിക്കാമെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്. പക്ഷെ ഞാനൊരിക്കലും ജീവിതമവസാനിപ്പിക്കില്ല. കാരണം ദൈവം എന്റെ ജീവിതത്തിൽ മഹത്തായ കാര്യങ്ങൾ ചെയ്യാൻ പോകുകയാണ്”. അവൾ പറഞ്ഞു.