പാപ്പ എമരിത്തൂസ് ബനഡിക്ട് പതിനാറാമൻ തൊണ്ണൂറ്റൊന്നിന്റെ നിറവിൽ

0
192

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ മുൻഗാമിയായ പാപ്പ എമരിത്തൂസ് ബനഡിക്ട് പതിനാറാമന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. വത്തിക്കാൻ ഗാർഡനിലെ ‘മാത്തർ എക്ലേസിയിൽ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം തൊണ്ണൂറ്റിനാലുകാരനായ സഹോദരൻ ജോർജിനൊപ്പമാണ് പിറന്നാൾ ആഘോഷിക്കുക. കഴിഞ്ഞ വർഷത്തെ പോലെ ബാവേറിയൻ രീതിയിൽ ആയിരിക്കും പിറന്നാൾ ആഘോഷങ്ങൾ.

1927 ഏപ്രിൽ 16 ന് ജർമ്മനിയിലെ ബവേറിയയിലാണ് ജോസഫ് റാറ്റ്സിംഗറെന്ന ബെനഡിക്ട് പതിനാറാമൻ ജനിച്ചത്. 2005 ഏപ്രിൽ 19ന് തന്റെ എഴുപത്തെട്ടാം വയസിൽ ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അതേ വർഷം മേയ് 7ന് ആഗോളസഭയുടെ വലിയ ഇടയനായി സ്ഥാനമേറ്റു. ക്ലമൻറ് പന്ത്രണ്ടാമനു(1724-1730) ശേഷം പേപ്പൽ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ബനഡിക്ട് പതിനാറാമൻ.

കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചത്. 2013 ഫെബ്രുവരി 28-നാണ് വാർധക്യസഹജമായ അവശതകകൾ മൂലം അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്സിംഗർ, പാപ്പയാകുന്നതിന് മുൻപ് ജർമനിയിലെ സർവകലാശാല അധ്യാപൻ, രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്‌സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ, വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകൾ വശമുള്ള പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

2013 ഫെബ്രുവരിയിൽ സ്ഥാനത്യാഗം ചെയ്തതു മുതൽ ‘മാത്തർ എക്ലേസിയയിലാണ് ബെനഡിക്ട് പതിനാറാമൻ വിശ്രമജീവിതം നയിക്കുന്നത്. വളരെ ചുരുക്കമായി മാത്രം പൊതുവേദിയിലെത്തുന്ന എമിരിത്തൂസ് ബെനഡിക്ട് പതിനാറാമൻ ആത്മീയാചാര്യന്റെ ജീവിതക്രമമാണ് പിൻചെല്ലുന്നത്. നിരവധി ദൈവശാസ്ത്ര- താത്വിക- ധാർമ്മിക ഗ്രന്ഥങ്ങളും ബെനഡിക്ട് പാപ്പ രചിച്ചിട്ടുണ്ട്. ‘ക്രിസതീയതക്ക് ഒരു ആമുഖം’ എന്ന പേരിൽ 1968ൽ പ്രസിദ്ധീകരിച്ച പ്രഭാഷണ സമാഹാരം ഏറെ ശ്രദ്ധേയമാണ്. ദൈവശാസ്ത്രത്തിൽ വിശദമായ പഠനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട രേഖകളാണ് ബനഡിക്ട് പതിനാറാമന്റെ രചനകൾ.

മുൻപ് ബനഡിക്ട് പതിനാറാമൻ പാപ്പ അവശനിലയിലാണെന്നും മരണസന്നനാണെന്നുമുള്ള മട്ടിൽ സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ പാപ്പയുടെ സെക്രട്ടറി ആർച്ചുബിഷപ് ജോർജ് ഗ്വാൻസ്വീൻ വാർത്താ നിഷേധിക്കുകയും വാർധക്യസഹജമായ അവശതകളൊഴിച്ചാൽ പാപ്പയുടെ ആരോഗ്യസ്ഥിതി തൃപതികരമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.