പാരമ്പര്യം പരിപാലിക്കണം, ജീവിതം സാക്ഷ്യമാകണം: മാർ ആലഞ്ചേരി

ആരാധനാലയങ്ങളുടെ നിർമാണം സമൂഹത്തെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കണം

244
മിസിസാഗ: പൂർവ പിതാക്കന്മാർ പകർന്നുതന്ന പാരമ്പര്യം പരിപാലിക്കാനും ജീവിതംകൊണ്ട് സുവിശേഷത്തിന് സാക്ഷ്യം നൽകാനും ജാഗ്രത പുലർത്തണമെന്ന് പ്രവാസീ സീറോ മലബാർ സമൂഹത്തിന് വലിയ പിതാവിന്റെ ആഹ്വാനം. മിസിസാഗാ സീറോ മലബാർ എക്‌സാർക്കേറ്റിലെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിശ്വാസതീക്ഷ്ണതയും പാരമ്പര്യവും ഊട്ടിയുറപ്പിക്കാൻ, എക്‌സാർക്കേറ്റിന്റെ കുടക്കീഴിൽ ഒറ്റക്കെട്ടായി അണിചേരണമെന്നും അദ്ദേഹം നിർദേശിച്ചു.
സ്‌നേഹത്തിലും കാരുണ്യത്തിലും അധിഷ്~ിതമായ ക്രൈസ്തവ ജീവിതസാക്ഷ്യത്തിലൂടെയാകണം ക്രിസ്തുവിലേക്ക് ജനങ്ങളെ ആകർഷിക്കേണ്ടത്. ഇതാകണം പുതുതലമുറ ഏറ്റെടുക്കേണ്ട സുവിശേഷ ദൗത്യം. ആരാധനയിലും പ്രാർത്ഥനയിലും കുടുംബമൂല്യങ്ങളിലുമെല്ലാം മാതൃകയായ നമ്മുടെ പാരമ്പര്യം മുറുകെപിടിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനാകണം ഊന്നൽകൊടുക്കേണ്ടത്. ജീവിതം ധന്യമാക്കേണ്ടത് സഭയോട് ചേർന്നുനിന്നുമാകണം.
രണ്ടായിരം വർഷംമുമ്പ് തോമാശ്ലീഹയാണ് സവിശേഷമായ നമ്മുടെ വിശ്വാസത്തിന് അടിത്തറ പാകിയത്. ലോകമെമ്പാടും സാന്നിധ്യമറിയിക്കുകയാണ് നാം ഇപ്പോൾ. ഇതിന്റെ ഭാഗമായ ദൈവീകപദ്ധതിയാണ് കാനഡയിലെ സീറോ മലബാർ എക്‌സാർക്കേറ്റ് രൂപീകരണമെന്ന് കാലം തെളിയിക്കും. വിശ്വാസത്തിനും സഭയ്ക്കുമാകണം പ്രാധാന്യം. നാം നിർമിക്കുന്ന ആരാധനാലയങ്ങളും കെട്ടിടങ്ങളുമെല്ലാം ക്രിസ്തുവിലേക്ക് സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്നതിനും സുവിശേഷദൗത്യത്തിനും ഉപകരിക്കുന്നതാവണം.
മാനവശേഷിയിൽ സമ്പന്നമാണ് സീറോ മലബാർ സഭ. പ്രൊഫഷനൽ രംഗത്തും സംരംഭങ്ങളിലുമെല്ലാം സഭാംഗങ്ങളുടെ തിളക്കമാർന്ന സാന്നിധ്യവും മികവും പ്രകടമാണ്. ഒറ്റക്കെട്ടായി മുന്നേറുകയെന്നതാണ് പ്രധാനം. ഇക്കാര്യത്തിൽ സഭാംഗങ്ങൾ ഓരോരുത്തരും തങ്ങളുടെ കടമ നിർവഹിക്കണം. സ്വയം പുകഴ്ചയ്‌ക്കോ സ്വന്തം നേട്ടത്തിനോ അല്ല, സമൂഹത്തെ സേവിക്കാനുള്ള അവസരമാണിത്. ഇക്കാര്യത്തിലും കുടുംബകൂട്ടായ്മകളുടെ വളർച്ചയിലുമെല്ലാം എക്‌സാർക്കേറ്റിന്റേത് മാതൃകാപരവും സുതാര്യവുമായ പ്രവർത്തനങ്ങളാണ്.
എല്ലാവരെ ഒരുമിപ്പിച്ചും സഭാനേതൃത്വത്തിന്റെയും ഇതര രൂപതകളുടെയും പിന്തുണ ഉറപ്പാക്കിയും അജപാലന ദൗത്യം നിർവഹിക്കുന്ന മാർ ജോസ് കല്ലുവേലിലിന്റെ ശൈലിമാകൃകാപരമാണെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. ഏതാണ്ട് രണ്ടു വർഷംകൊണ്ട് എക്‌സാർക്കേറ്റ് കൈവരിച്ച അത്ഭുതാപൂർവമായ വളർച്ചയിൽ ആഹ്ലാദം രേഖപ്പെടുത്തിയ അദ്ദേഹം, രൂപതയെന്ന സ്വപ്‌നസാക്ഷാത്കാരം ഏറെ താമസിയാതെ സഫലീകരിക്കുമെന്ന പ്രത്യാശ പങ്കുവെച്ചതും ശ്രദ്ധേയമായി.
ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, മോൺ. സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാ. ജേക്കബ് എടക്കളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. ചാൻസിലർ ഫാ. ജോൺ മൈലംവേലിൽ, പാസ്റ്ററൽ കൗൺസിൽ ജോയിൻറ് സെക്രട്ടറി മാർട്ടിൻ രാജ് മാനാടൻ, സിറോ മലബാർ യൂത്ത് മൂവ്‌മെൻറ് നേതാക്കളായ ഷോൺ സേവ്യർ, ആൻ മേരി, ഫൈനാൻസ് കൗൺസിൽ സെക്രട്ടറി ജോളി ജോസഫ് എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എക്‌സാർക്കേറ്റ് നേതൃത്വത്തിലുള്ളവർ സമാഹരിച്ച ഫണ്ട് കർദിനാൾ മാർ ആലഞ്ചേരിക്ക് തോമസ് കണ്ണമ്പുഴ കൈമാറി.