പാലാ രൂപത കാരുണ്യമൊഴുകുന്നു…

0
460
പാലാ രൂപത കാരുണ്യമൊഴുകുന്നു...

പ്രളയബാധിതര്‍ക്കായി പാലാ രൂപത നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ആദരിക്കപ്പെടേണ്ടതുതന്നെ. പ്രളയ ബാധിതനാളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്ത രൂപത തുടര്‍ന്ന് അനുദിനം ജീവകാരുണ്യ രംഗത്ത് ബഹുദൂരം മുന്നേറുകയായിരുന്നു.
മഹാപ്രളയത്തില്‍ കനത്ത നാശനഷ്ടം നേരിട്ട കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ പാലാ രൂപത ചങ്ങനാശേരി അതിരൂപതയ്ക്ക് 51 ലക്ഷം രൂപ നല്കി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചങ്ങനാശ്ശേരി മെത്രാസനമന്ദിരത്തില്‍ നേരിട്ട് എത്തിയാണ് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് 51 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ചങ്ങനാശേരി രൂപത വിഭജിച്ച് രൂപീകരിച്ച പാലാ രൂപതയ്ക്ക് അതിരൂപതയുടെ കഷ്ടനഷ്ടങ്ങളാലുള്ള ദുഃഖത്തില്‍ ആശ്വാസമാകാന്‍ ഇനിയും കഴിയുമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രത്യാശ പ്രകടിപ്പിച്ചു. പാലാ രൂപതയിലെ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്മായരും ശ്രദ്ധേയമായ രീതിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ സഹായിക്കുന്നതിനെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ശ്ലാഘിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ ജേക്കബ് മുരിക്കന്‍, ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. ജോസ് കാക്കല്ലില്‍, ഫാ. ജോസഫ് തോലാനിക്കല്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ഇടുക്കി ജില്ലയില്‍ ഉണ്ടായ പേമാരിയിലും ഉരുള്‍പൊട്ടലുകളിലും കണക്കാക്കാനാവാത്ത നാശനഷ്ടങ്ങളാണുണ്ടായത്. ഇതിന്റെ കെടുതിയില്‍ ജനം മനം നുറുങ്ങിക്കഴിയുകയാണ്. ഇതുകൊണ്ടാകണം പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇടുക്കി രൂപതാ കേന്ദ്രത്തിലെത്തി ബിഷപ് ജോണ്‍ നെല്ലിക്കുന്നേലിന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
പാലാ രൂപതയിലെ ഉരുള്‍പൊട്ടിയ കിഴക്കന്‍ പ്രദേശങ്ങളായ എടാട്, ഇലപ്പള്ളി, ലൂര്‍ദ്ദ്മൗണ്ട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മൂലമറ്റം ഫൊറോനയിലെ ഒമ്പത് ഇടവകകളില്‍ പെടുന്ന ആയിരത്തില്‍ അധികം കുടുംബങ്ങള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് 6000 കിലോ അരിയാണ് നല്‍കിയത്. വെള്ളപ്പൊക്കം മൂലവും പണിയില്ലാതെയും ദാരിദ്ര്യമനുഭവിക്കുന്ന പാലായിലും പരിസരങ്ങളിലുമുള്ള കുടുംബങ്ങള്‍ക്ക് പാലാ രൂപതാധ്യക്ഷന്മാര്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. മൂവായിരത്തിലധികം നാനാജാതി മതസ്ഥരായ ആളുകള്‍ അരി വാങ്ങാനെത്തി. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് മുരിക്കല്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ സെബാസ്റ്റ്യാന്‍ വടക്കേല്‍ എന്നീ ബിഷപ്പുമാരും വികാരി ജനറാള്‍മാരും വൈദികരും സിസ്‌റ്റേഴ്‌സും സെമിനാരി വിദ്യാര്‍ത്ഥികളും യുവാക്കളും വിതരണത്തിനു നേതൃത്വം നല്‍കി.
സാധുക്കളെ സഹായിക്കാന്‍ പൊന്നിന്‍ കുരിശുപോലും വില്‍ക്കാമെന്ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിഷപ് ഈ ആഹ്വാനം നടത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നിന്ന ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നമ്മുടെ ഉത്തരവാദിത്വങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും ബഹുദൂരം ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ അദേഹം പറഞ്ഞു.