പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ പക്ഷംചേരണം: ബിഷപ് ചക്കാലയ്ക്കൽ

0
390

പാവങ്ങളുടെയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും പക്ഷംചേരണമെന്ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. കോഴിക്കോട് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ജീവനയുടെ 94-ാം വാർഷികാഘോഷങ്ങൾ കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവരുടെ സമുദ്ധാരണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ദൈവസ്‌നേഹത്തിന്റെ പ്രകാശനങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭവനനിർമാണം, കാൻസർ കെയർ പദ്ധതി, ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയവ മനുഷ്യന്റെ സമഗ്ര വിമോചനത്തിനായി കല്പിക്കപ്പെട്ട ദൈവിക പദ്ധതികളാണ്. കോഴിക്കോട് രൂപത സ്ഥാപിതമായ 1923-ൽതന്നെ പ്രവർത്തനമാരംഭിച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ അഭംഗുരം തുടരുമെന്നും ബിഷപ് പറഞ്ഞു.

മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലും മാഹിയിലും ജീവനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നാനാജാതി മതസ്ഥരായ അനേകരുടെ ജീവിതത്തിന് താങ്ങും തണലുമാണ്. നിർധനരെ സഹായിക്കുന്നതിനുള്ള സെന്റ് ആന്റണീസ് കോൾപ്പിംഗ് പദ്ധതി, എയ്ഡ്‌സ് രോഗികളുടെ പുനരധിവാസ പദ്ധതി, കുടിവെള്ള പദ്ധതി, ശൗചാലയനിർമാണം തുടങ്ങിയ സാമൂഹ്യ സുരക്ഷാപദ്ധതികൾ ജീവന ഏറ്റെടുത്ത് നടത്തിവരുന്നു. ഇത്തരം പ്രവർത്തനങ്ങൾ സഭയുടെ മാനവിക ദർശനത്തിന്റെ അടയാളങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഷപ് പത്രോണിയുടെ പേരിലുള്ള അവാർഡ് സാമൂഹ്യ പ്രവർത്തകൻ എം.സി. സണ്ണിക്ക് ബിഷപ് ഡോ. ചക്കാലയ്ക്കൽ സമ്മാനിച്ചു. ജോർജ് സെബാസ്റ്റ്യൻ, അഡ്വ. ലൈല അഷറഫ്, കെ.പി. സുധീര, അഡ്വ. ബാബു ബനഡിക്ട്, ഓർവൽ ലയണൽ എന്നിവരെ ബിഷപ് ആദരിച്ചു. കാൻസർ രോഗികൾക്ക് പതിനായിരം രൂപവീതം മോൺ. തോമസ് പനയ്ക്കൽ വിതരണം ചെയ്തു. കേരള ജസ്യൂട്ട് വൈസ് പ്രൊവിൻഷ്യൽ റവ. ഡോ. പി.ടി. മാത്യു എസ്.ജെ, ഇൻഡോ അറബ് കോൺ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, കോർപറേഷൻ കൗൺസിലർ ബിജുരാജ്, അപ്പസ്‌തോലികേ സഭാ പ്രൊവിൻഷ്യൽ ഡോ. സിസ്റ്റർ ആൻസില്ല, ജീവന ഡയറക്ടർ ഫാ. ആൽഫ്രഡ് വി.സി, ഷൈനി ദേവസ്യ എന്നിവർ പ്രസംഗിച്ചു.

ഇ.എം പോൾ