പീഡനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി എക്യുമെനിക്കല്‍ കൂട്ടായ്മ

0
614

ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പെര്‍സിക്ക്യൂഷന്‍ റിലീഫ് എന്ന എക്യുമെനിക്കല്‍ കൂട്ടായ്മ പ്രാര്‍ത്ഥനാചരണം നടത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നാരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടിരിക്കുന്ന സന്യസ്തരെയും വിശ്വാസികളെയും മോചിപ്പിക്കണമെന്ന് റിലീഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍നിന്ന് ഓടിപ്പോകുവാനോ ജീവിതം കാലം മുഴുവന്‍ ഭയത്തില്‍ ജീവിക്കുവാനോ ആരും ആഗ്രഹിക്കുന്നില്ല. പ്രാര്‍ഥന മാത്രമാണ് ക്രൈസ്തവരുടെ ഏക ആശ്രയം; സംഘടനാ നേതാക്കള്‍ പങ്കുവച്ചു.
എല്ലാ ക്രൈസ്തവ സഭകളുടെയും പ്രതിനിധികളും ക്രൈസ്തവ സ്ഥാപനങ്ങളും പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട 1200 ല്‍ ഏറെ കേസുകള്‍ പെര്‍സിക്ക്യൂഷന്‍ റിലീഫ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യമായി ഒറ്റപ്പെടുത്തിക്കൊണ്ട് ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സംഭവങ്ങളാണ് ഇന്ന് ഏറ്റവുമധികം വ്യാപകം എന്ന് പെര്‍സിക്ക്യൂഷന്‍ റിലീഫ് നേതാക്കള്‍ പങ്കുവച്ചു. ക്രൈസ്തവരെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമത്തില്‍ നടക്കുന്ന ചടങ്ങുകളില്‍നിന്നും പൊതുകിണറിലെ വെള്ളം ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുന്നത് സാധാരണമാണ്. ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം കള്ളക്കേസില്‍ ഉള്‍പ്പെട്ട ക്രൈസ്തവര്‍ക്കുള്ള സഹായവും വര്‍ഗീയ ആക്രമണങ്ങളില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസ സ്ഥലവും പെര്‍സിക്ക്യൂഷന്‍ റിലീഫ് വാഗ്ദാനം ചെയ്തു.