പുതിയ ഉടമ്പടി; ‘ഉക്രൈനിയൻ ഓർത്തഡോക്‌സ്’ ഇനി സ്വതന്ത്രസഭ

0
1351

ഇസ്താംബുൾ: ഉക്രൈനിലെ ഓർത്തഡോക്‌സ് സഭ റഷ്യയിലെ ഓർത്തഡോക്‌സ് സഭയിൽനിന്നും സ്വതന്ത്രമായി. ഉക്രൈനിയൻ സഭയ്ക്ക് സ്വന്തം ഭരണാവകാശം നൽകുന്ന ഉടമ്പടിയിൽ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ബർത്തലോമിയ ഒന്നാമൻ ഒപ്പുവെച്ചു. 1686 മുതൽ റഷ്യൻ ഓർത്തഡോക്‌സ് സഭയോട് ചേർന്ന് നിന്നിരുന്ന സഭയാണ് ഇപ്പോൾ സ്വതന്ത്രയായിരിക്കുന്നത്. ഇസ്താംബൂളിലെ സെന്റ് ജോർജ് കത്തീഡ്രലിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ ഉക്രൈൻ പ്രസിഡന്റ് പെട്രോ പൊറോഷെൻകോ അടക്കമുള്ള ആളുകളുടെ സാന്നിദ്ധ്യത്തിലാണ് പാത്രിയർക്കീസ് ബർത്തലോമിയ ഒന്നാമൻ ‘റ്റോമോസ്’ കരാറിൽ ഒപ്പുവച്ചത്.

നൂറ്റാണ്ടുകളായി റഷ്യൻ സഭയുടെ കീഴിലായിരുന്ന ഉക്രൈൻ സഭയുടെ റഷ്യൻ സഭയുമായുളള ബന്ധം കുറച്ചുകാലങ്ങളായി അത്ര സുഖകരമായിരുന്നില്ല. അങ്ങനെ കഴിഞ്ഞ മാസം ഉക്രൈൻ ഓർത്തഡോക്‌സ് സഭാ നേതൃത്വം മോസ്‌കോ പാത്രിയർക്കീസുമായുള്ള ബന്ധം വിഛേദിക്കുകയും പുതിയ സഭ രൂപികരണത്തിന് റഷ്യൻ ഓർത്തഡോക്‌സ് സഭ അനുമതി നൽകുകയും ചെയ്തിരുന്നു. സഭയ്ക്ക് നേതൃത്വം നൽകുന്നതിനായി 39കാരനായ എപ്പിപ്പാനോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച നടന്ന ചടങ്ങിൽ ഓർത്തഡോക്‌സ് സഭ ഔദ്യോഗികമായി സ്വതന്ത്രയാകുകയായിരുന്നു.

ഈ അനുഗ്രഹിക്കപ്പെട്ട ദിവസത്തിനായി ഏഴ് നൂറ്റാണ്ടാണ് ഉക്രൈനിലെ ഓർത്തഡോക്‌സ് സഭാഗങ്ങൾ കാത്തിരുന്നത്. അടിമത്വത്തിൽ നിന്നും മോചിതരായ ഓർത്തഡോക്‌സ് സഭാഗംങ്ങൾ ഇനി യാതൊരു തടസ്സങ്ങളുമില്ലാതെ സ്വതന്ത്രമായി തങ്ങളുടെ വിശ്വാസപ്രഖ്യാപനം നടത്തുമെന്നും ബർത്തലോമിയ ഒന്നാമൻ പറഞ്ഞു. ഇത്ര ചരിത്രപരമായ ഒരു തീരുമാനമെടുക്കാൻ ധൈര്യം കാണിച്ച ബർത്തലോമിയക്ക് ഉക്രൈൻ പ്രസിഡന്റ് നന്ദിയും രേഖപ്പെടുത്തി.