പുല്‍ക്കൂടുണ്ടായ കഥ

0
999

എ.ഡി.1223-ല്‍ അസ്സീസിയിലെ ഫ്രാന്‍സിസ് നിര്‍മ്മിച്ച പുല്‍ക്കൂടാണ് ചരിത്രത്തിലെ ആദ്യപുല്‍ക്കൂടെന്ന് അറിയപ്പെടുന്നത്. സിക്‌സ്‌കൂസ് മൂന്നാമന്‍ പാപ്പ എഫേസൂസ് സൂനഹദോസിനുശേഷം ലിബേറിയന്‍ ബസലിക്ക പുതുക്കി പണിതതിനുശേഷം പ്രധാന അള്‍ത്താരയോടുചേര്‍ന്ന് പുല്‍ക്കൂട് നിര്‍മ്മിച്ചതായും പറയുന്നു. എങ്കിലും ഗ്രേച്ചിയോമലയില്‍ വിശുദ്ധ ഫ്രാന്‍സീസ് നിര്‍മ്മിച്ച പുല്‍ക്കൂടാണ് പ്രസിദ്ധമായത്.
ഓക്കുമരങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഗ്രേച്ചിയോമല. പുല്ലുമേഞ്ഞ കുടിലായിരുന്നു ഗ്രേച്ചിയോവിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമം. നിരനിരയായി ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകള്‍, അങ്ങുതാഴെ ഗ്രേച്ചിയോ ഗ്രാമത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ഒഴുകുന്ന നദി; ഗ്രാമത്തിനപ്പുറം ആകാശത്തേക്ക് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഗിരിശൃംഗങ്ങള്‍. എല്ലാം മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന മനോഹര കാഴ്ച.
ഓക്കുമരങ്ങള്‍ക്കിടയിലുണ്ടായ ഗുഹയാണ് പുല്‍ക്കൂടിനായി വിശുദ്ധന്‍ ഉപയോഗിച്ചത്. ഗുഹയെ കച്ചികൊണ്ടും മരക്കമ്പുകൊണ്ടും കാലിത്തൊഴുത്താക്കി മാറ്റി. അതിന്റെ ഒരുവശത്ത് വെളുത്ത കാളക്കുട്ടിയെ കെട്ടി. മറുവശത്ത് കഴുതക്കുട്ടിയെയും. പിന്നെ ഏതാനും ചെമ്മരിയാടുകളും. പുല്‍ക്കൂട്ടില്‍ ഉണ്ണീശോയുടെ രൂപവും വച്ചു. ”ഈശോ ജനിച്ച ബെത്‌ലഹേമിലെ പുല്‍ക്കൂട് ഇങ്ങനെയായിരുന്നുവല്ലേ?” കണ്ടവരെല്ലാം പരസ്പരം ചോദിച്ചു. സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം ക്രിസ്മസ് ആഘോഷിക്കാന്‍ നിരവധി മനുഷ്യരവിടെയെത്തി. കത്തിച്ച പന്തങ്ങളും വിളക്കുകളുമേന്തി പ്രദക്ഷിണമായിട്ടവര്‍ മലകയറി. ദൈവത്തിന്റെ മഹനീയകൃത്യത്തെ സ്മരിച്ചുകൊണ്ട് ഹല്ലേലൂയ്യാ മുഴക്കി ആബാലവൃദ്ധം ജനങ്ങള്‍ ഉത്സാഹപൂര്‍വ്വം മലഞ്ചെരുവിലൂടെ ഗ്രേച്ചിയോമലയിലേക്ക് നടന്നുനീങ്ങി.
എല്ലാവരും ജിജ്ഞാസയോടെ പുല്‍ക്കൂട്ടിലേക്കു നോക്കി. സുവിശേഷത്തില്‍ കാണുന്ന ബെത്‌ലഹേമും പുല്‍ക്കൂടുമിതാ ഇവിടെ പുനര്‍ജ്ജനിച്ചിരിക്കുന്നു. കുഞ്ഞുങ്ങള്‍ ഉണ്ണിയെ മുത്താനൊരുങ്ങുന്നു. മാതാപിതാക്കള്‍ കൈകള്‍ കൂപ്പുന്നു. സന്യാസ വൈദികരിലൊരാള്‍ തിരുവസ്ത്രങ്ങളണിഞ്ഞ് വേദിയിലെത്തി. ശുശ്രൂഷിയായി ഫ്രാന്‍സീസും. ദിവ്യബലിക്കിടയില്‍ ഫ്രാന്‍സിസ് തിരുവചനം വായിച്ചു. ഭക്ത്യാദരവോടെ വി.ഗ്രന്ഥം ചുംബിച്ച ഫ്രാന്‍സിസ് പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ നോക്കി. ദിവ്യമായ ഒരു ദര്‍ശനം ആ സമയത്ത് ഫ്രാന്‍സിസിനുണ്ടായി.
ദിവ്യാനുഭൂതിയില്‍ നിറഞ്ഞ വിശുദ്ധന്‍ ആത്മീയാനുഭവം പങ്കുവയ്ക്കാന്‍ തയ്യാറായി. ഉണ്ണി അതിനായി അവനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പുല്‍ക്കൂട്ടിലെ ഉണ്ണിയെ എടുത്ത് ചുംബിച്ച് കിടത്തിയശേഷം ഫ്രാന്‍സിസ് വചനപ്രഘോഷണമാരംഭിച്ചു. മനുജനായി അവതരിച്ച ദൈവകുമാരന്റെ ദാരിദ്ര്യത്തെയും വിനയത്തെയും സഹനത്തെയും പറ്റിയാണ് അവന്‍ സംസാരിച്ചത്. പാതിരാവില്‍ ഭൂജാതനായ പാവപ്പെട്ട രാജാവിനെക്കുറിച്ചും ദാവീദിന്റെ പട്ടണത്തില്‍ ജനിച്ച ദൈവപുത്രനെക്കുറിച്ചും അവന്‍ അവരോടു പറഞ്ഞു.
ഉണ്ണീശോയെന്നും ബെത്‌ലഹേമെന്നുമൊക്കെ പറയുമ്പോള്‍ ആത്മാഭിഷേകത്തിന്റെ സ്‌നേഹജ്വാലയില്‍ ദൈവജനം നിറഞ്ഞു. ബെത്‌ലഹേമിലെ ആട്ടിടയന്മാര്‍ക്കുണ്ടായ വികാരവായ്‌പോടെയാണ് അവര്‍ മടങ്ങിപ്പോയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എല്ലാ ഫ്രാന്‍സിസ്‌കന്‍ ആശ്രമങ്ങളിലും ഇതുപോലെ ക്രിസ്മസ് ആഘോഷിക്കാനാരംഭിച്ചു. ആ സ്‌നേഹജ്വാല മറ്റാശ്രമങ്ങളിലേക്കും ഇടവക ദൈവാലയങ്ങളിലേക്കും ഒരു കാട്ടുതീപോലെ കത്തിപ്പടരുകയായിരുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടിലും പുല്‍ക്കൂടുണരുമ്പോള്‍ ഈ ചരിത്ര യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക.

ജയ്‌മോന്‍ കുമരകം