പുല്‍ക്കൂട്ടിലെ സന്ദര്‍ശകര്‍

0
870

ജീവിതത്തതിന്റെ മധുരം തെല്ലു കുറഞ്ഞെന്നു തോന്നിത്തുടങ്ങിയ നേരത്താണ് മിച്ചല്‍ ആല്‍ബം എന്ന പത്രപ്രവര്‍ത്തകന്‍ തന്റെ പഴയൊരു അധ്യാപകനെ കണ്ടുമുട്ടുന്നത്. കെച്ച് എന്ന് ക്യാമ്പസില്‍ വിളിപ്പേരുണ്ടായിരുന്ന മോറി ഷ്മാര്‍ട്‌സായിരുന്നു അത്. മുമ്പ് സാമൂഹ്യശാസ്ത്ര അധ്യാപകനായിരുന്ന മോറി അപ്പോള്‍ 78 വയസിന്റെ വാര്‍ധക്യത്തിലും രോഗശയ്യയിലുമായിരുന്നു. മരണം കിടക്കക്കരുകില്‍ പതുങ്ങി നില്‍ക്കുന്നുവെന്നു തോന്നുന്ന സമയത്തുപോലും ആ കണ്ണുകളിലെ വെളിച്ചം മിച്ചല്‍ ശ്രദ്ധിച്ചു. പിന്നീടുള്ള ചൊവ്വാഴ്ചകളില്‍ മിച്ചല്‍ മോറിയെ സന്ദര്‍ശിക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്തു. കൂടുതല്‍ പ്രത്യാശഭരിതമായ മിഴികളോടെ ജീവിതത്തെ നോക്കാന്‍ പ്രേരിപ്പിച്ച ആ ദിനങ്ങളെക്കുറിച്ച് മിച്ചല്‍ ആല്‍ബം എഴുതിയ മോറിയോടൊത്തുള്ള ചൊവ്വാഴ്ചകള്‍ (ഠൗലറെമ്യ െംശവേ ങീൃൃശല) എന്ന പുസ്തകമൊരു മികച്ച വായനാനുഭവമാണ്. ഓരോ സന്ദര്‍ശനവും സന്ദര്‍ശകനെ വിമലീകരിക്കുന്ന ആത്മീയാനുഭവമാണ്.
സന്ദര്‍ശനങ്ങളുടെ ആഘോഷമാണ് ക്രിസ്മസ് ദിനങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ മനസില്‍ നിറയുന്നത്. പാപത്തിന്റെ ഇരുള്‍മൂടിയ മണ്ണില്‍ വിണ്ണിന്റെ സന്ദര്‍ശനം, ഇമ്മാനുവേല്‍ – ദൈവം പിറന്നുവീണ ഈ മണ്ണും കാലവുമിനി വിശുദ്ധമെന്നതാണ് അതിന്റെ പൊരുള്‍. വഴിയൊരുക്കാന്‍ പിറക്കുന്നവനെക്കുറിച്ചുള്ള പ്രവചനവുമായി ദൈവദൂതന്റെ സന്ദര്‍ശനം, ദൈവപുത്രന്റെ പിറവിയെക്കുറിച്ചോതുവാന്‍ ഗബ്രിയേലിന്റെ വരവ്, ഗര്‍ഭിണിയായ എലിസബത്തിനെ കാണുവാന്‍ മറിയവും, ദിവ്യപൈതലിനെ വണങ്ങാന്‍ ആട്ടിടയന്മാരും, രാജാക്കന്മാരും. സന്ദര്‍ശനങ്ങളാല്‍ സമൃദ്ധമാണ് ക്രിസ്മസ് നാളുകളില്‍ ധ്യാനിക്കുന്ന വിശുദ്ധ ഗ്രന്ഥ പശ്ചാത്തലങ്ങള്‍.
പിന്നീടവന്‍ സന്ദര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം അനുഗ്രഹത്തിന്റെ വസന്തങ്ങള്‍ വിരിയുന്നുണ്ട്. ഒരു നഗരത്തിലേക്കോ, തെരുവിലേക്കോ, വീട്ടിലേക്കോ, ഹൃദയത്തിലേക്കോ, ഒക്കെ ഈശോ കടന്നു ചെല്ലുന്നത് ദൈവരാജ്യത്തിന്റെ പുതുവെട്ടവുമായിട്ടാണ്. അവന്റെ ചുവുടുകള്‍ പതിഞ്ഞ മണ്ണില്‍ കണ്ണീര്‍ തുടച്ചുമാറ്റി ജനം ആനന്ദഗീതമാലപിക്കുന്നു. ‘ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.’ (ലൂക്കാ. 7:16,17) അവിടുത്തെ കുരിശുമരണത്തിനുശേഷം നിരാശരായി ശിഷ്യത്വമുപേക്ഷിക്കാന്‍ തുനിയുന്നവരുടെയിടയില്‍ ഉത്ഥിതന്റെ സന്ദര്‍ശനം പുതുജീവന്‍ പകരുന്നുണ്ട്. തിരുപ്പിറവിയുടെ ദിനങ്ങളെ ധ്യാനഭരിതമാക്കുവാന്‍ രണ്ടു സന്ദര്‍ശനങ്ങളെ ആലോചനാവിഷയമാക്കാം.
സ്‌നേഹത്തിന്റെ നിഴലുകള്‍
ആ ദിവസങ്ങളില്‍ മറിയം യൂദായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു (ലൂക്കാ 1:39). സ്‌നേഹത്തിന്റെ നിഴലുകള്‍ തെളിയുന്നത് കാരുണ്യത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ്. ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തിന് തന്റെ സാന്നിധ്യം ആശ്വാസം നല്‍കുമെന്നു നിനച്ച് മറിയം നടത്തുന്ന സന്ദര്‍ശനം വര്‍ത്തമാനകാലജീവിതങ്ങള്‍ക്കൊരു മാതൃകയാണ്. സ്‌നേഹാര്‍ദ്രമാം സന്ദര്‍ശനങ്ങള്‍ ആത്മീയാനുഭവങ്ങള്‍ തന്നെയാണ്. ‘മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി’ (ലൂക്കാ 1:39,40).
സ്‌നേഹത്തിന്റെ ഇഴയടുപ്പങ്ങള്‍ കുറയുന്നതായി തോന്നുന്ന ഈ കാലത്ത് സൗഹൃദത്തിന്റെ നക്ഷത്രവിളക്കുകള്‍ തെളിക്കുവാന്‍ സ്‌നേഹപൂര്‍വമായ സന്ദര്‍ശനങ്ങള്‍ക്കാവും. കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സന്ദര്‍ശിച്ച ഒരു രോഗിയുടെ മിഴികളില്‍ തെളിഞ്ഞ കണ്ണീര്‍ തെളിച്ചം ഇപ്പോഴുമെന്റെ കാഴ്ചയില്‍നിന്നുപോയിട്ടില്ല. കാണാനും പ്രാര്‍ഥിക്കാനുമായി ഞാന്‍ ചെന്നതിന്റെ സന്തോഷം വാക്കുകളും മിഴിനീരുമായി തൂകിപ്പരന്നു. പ്രിയപ്പെട്ടൊരാളുടെ സന്ദര്‍ശനത്തേക്കാള്‍ പ്രിയപ്പെട്ടതായി മറ്റെന്തുണ്ട്?
വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെയും പ്രിയം കുറഞ്ഞുപോകുന്ന സഹോദരങ്ങളെയും സുഹൃത്തുക്കളേയുമൊക്കെ സന്ദര്‍ശിച്ചിട്ട് നാളുകളെത്രയെന്ന് മനസ് ഞെരുങ്ങുമ്പോള്‍ സമയമില്ലൊന്നിനുമെന്ന നഗരത്തിന്റെ യുക്തി തികട്ടിവരും. പ്രായമേറുന്നതും ജീവിത സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് ബന്ധങ്ങളുടെ ഊഴ്മളത കുറഞ്ഞുവരുന്നത് നിങ്ങള്‍ കാണുന്നില്ലേ?
‘കെട്ടുപോയ് ഞങ്ങളിലെ സൂര്യന്‍/കെടുത്തിയോ, കെട്ടുപോയ് താനെ അറിവീല്ലറിവീല്ല’യെന്ന ഒ.എന്‍വിയുടെ സങ്കടം നമ്മുടെ കൂട്ടായ്മകള്‍ക്കും പ്രസക്തമാണ്. അടഞ്ഞ ഫ്‌ളാറ്റില്‍ തോളത്ത് കയ്യിടാന്‍ സ്വന്തം നിഴല്‍പോലുമില്ലാതെ ജീവിക്കുന്നവരെന്ന് കഥാകാരി അഷിത കുറിക്കുമ്പോള്‍ നമ്മുടെ നെഞ്ചും കലങ്ങുന്നുണ്ട്്. സ്‌നേഹത്തിന്റെ മാധുര്യമുള്ള സന്ദര്‍ശനങ്ങള്‍ നടത്താന്‍ ഈ ക്രിസ്മസ് കാലം നമ്മെ പ്രേരിപ്പിക്കട്ടെ. സ്വന്തം ഇഷ്ടങ്ങളിലും താല്‍പര്യങ്ങളിലും സ്വകാര്യതയിലുമൊക്കെ കുരുങ്ങി മറ്റുള്ളവരിലേക്കുള്ള വാതായനങ്ങള്‍ അടയ്ക്കുന്നത് ഗുരുതരമായ ആത്മീയ പതനം തന്നെയാണ്.
ഉണ്ണിയേയുമെടുത്ത് ആരവങ്ങളുമായി വീടുവീടാന്തരം കയറിയിറങ്ങുന്ന കരോള്‍ രാത്രികള്‍ ഒരു സൂചകമാണ്. ഹൃദയത്തില്‍ ക്രിസ്തുവിനേയും പേറി സഹോദരങ്ങളിലേക്കു നിരന്തരം ചുവടുവെക്കണമെന്നതിന്റെ സൂചകമാണിത്.
‘അവനെ നോക്കിയവര്‍ പ്രകാശിതരായി’
‘ആട്ടിടയര്‍ പരസ്പരം പറഞ്ഞു നമുക്കു ബെത്‌ലഹേം വരെ പോകാം’ (ലൂക്കാ. 2:15). പുല്‍ക്കൂട്ടില്‍ മിശിഹായെക്കണ്ട് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവര്‍ തിരിച്ചുപോയി. ആകാശത്തുതെളിഞ്ഞ താരം കൊരുത്ത വഴിയെ ഉണ്ണിയെ കണ്ടെത്തിയ ജ്ഞാനികള്‍ പുതിയ വഴിയെ തിരിച്ചുപോകുന്നു. ജ്ഞാനികളും ആട്ടിടയന്മാരുമൊക്കെ പുല്‍ക്കൂട് സന്ദര്‍ശിച്ചു കഴിയുമ്പോള്‍ കൂടുതല്‍ പ്രകാശഭരിതമാകുന്നു. ഹേറോദോസാകട്ടെ തന്റെ സ്ഥിരം ഉപദേശികളാല്‍ നയിക്കപ്പെട്ട് കൂടുതല്‍ ക്രൂരതകളിലേക്കു വീഴുന്നു. ആശയങ്ങളും മനസുകളും ഒക്കെ കൂടുതല്‍ കൂടുതല്‍ ചുരുങ്ങിവരുന്നൊരു കാലമാണ് നമ്മുടെ മുമ്പിലുള്ളത്. ജീവിതങ്ങളെ പ്രകാശിപ്പിക്കാന്‍ സാധ്യതയുള്ളവരേക്കാള്‍ തങ്ങളുടെ അഭിരുചികള്‍ക്ക് ചേരുന്നവരുമായുള്ള സഹവാസമാണ് മനുഷ്യര്‍ പൊതുവേ അന്വേഷിക്കുന്നത്. തങ്ങളെ രസിപ്പിക്കുന്നവരുടെ കൂട്ടാണ് വാരാന്ത്യങ്ങളിലും ഒഴിവുസമയങ്ങളിലുമൊക്കെ നാം തേടാറ്. നമ്മെ പ്രകാശിപ്പിക്കുന്നവരുടേതല്ല ഉണ്ണിയേശുവിനെ കണ്ട ജ്ഞാനികളും ദമാസ്‌കസിലേക്കുള്ള വഴിയില്‍ ഉത്ഥിതന്റെ സ്വരം കേട്ട സാവൂളും മിലാനിലെ കത്തീഡ്രല്‍ പള്ളിയില്‍ അംബ്രോസിന്റെ പ്രവാചകശബ്ദത്തിനുമുമ്പില്‍ കീഴടങ്ങിയ അഗസ്റ്റിനുമെല്ലാം.. സന്ദര്‍ശനങ്ങളില്‍ പ്രകാശിതരായവരുടെ ജീവിതസാക്ഷ്യങ്ങള്‍ ഒട്ടനവധിയാണ്. നമ്മെ വെളിച്ചത്തിലേക്ക് നയിക്കുന്ന സന്ദര്‍ശനങ്ങള്‍ നടത്താന്‍ (ഒരു ആത്മീയ നിയന്താവിനെ, ഗുരുവിനെ, ധ്യാനവെളിച്ചമുള്ളൊരാളെ) ഈ ക്രിസ്മസ് കാലം നമ്മെ പ്രചോദിപ്പിക്കണം.

ഫാ. ഷിന്റോ മംഗലത്ത് വി.സി