പെസഹ സ്‌നേഹത്തിന്റെ അനശ്വര നിർവചനം

527

വിശുദ്ധ വിചിന്തനങ്ങളുടെ സമ്പന്നത നിറഞ്ഞൊരു ദിനമാണ് പെസഹാവ്യാഴം. അവർണനീയമായ ദാനത്തിന്റെ മുമ്പിൽ ധ്യാനപൂർവം സഭാമക്കൾ ചെലവിടുന്ന ദിനം. ഗുരുവിന്റെ പ്രാണദാനവും പാദക്ഷാളനവും പിന്നെ അവയൊക്കെ കാലാന്ത്യത്തോളം അനുസ്മരിക്കാനും അനുഷ്ഠിക്കാനും ആഘോഷിക്കാനും പൗരോഹിത്യ സ്ഥാപനവും ആത്മീയതയുടെ നിറസമൃദ്ധിയിൽ അനുസ്മരിക്കുന്ന വിശുദ്ധ വ്യാഴം.

മൂന്ന് ആണികൾ + രണ്ട് മരക്കഷണങ്ങൾ = പുനരുത്ഥാനം എന്ന മഹാഗണിതം മനുഷ്യവർഗത്തിന് സമ്മാനിക്കപ്പെട്ടതിന്റെ തലേന്ന് ക്രിസ്തു ഒരു തുണ്ട് അപ്പവും ഒരു തൂവാലയും കൈയിലെടുത്ത് അനുഷ്ഠിച്ചതൊക്കെ പിറ്റേന്ന് താൻ സ്‌നേഹത്തിന് നൽകാനിരുന്ന അനശ്വരനിർവചനത്തിന്റെ ആവിഷ്‌കാരമായിരുന്നു. കുരിശിൽ അവൻ മരിച്ചു എന്നതിനെക്കാൾ കുരിശിൽ കിടന്ന് അവൻ സ്‌നേഹിക്കുകയാണ് ചെയ്തത്. സ്‌നേഹിതനുവേണ്ടി ജീവൻ ബലി കഴിപ്പിക്കുന്നതിനെക്കാൾ വലിയ സ്‌നേഹില്ലല്ലോ. അവനെ കുരിശിൽ താങ്ങി കിടത്തിയത് ഇരുമ്പാണികളായിരുന്നില്ല, മറിച്ച് എന്നോടും നാം ഓരോരുത്തരോടുമുള്ള സ്‌നേഹമായിരുന്നു. ഈ സ്‌നേഹത്തിന്റെ ആഴത്തിലേക്കും അനശ്വരതയിലേക്കും ഗുരു ഒരുക്കിയ വിരുന്നുമേശ നമ്മെ ക്ഷണിക്കുന്നുണ്ട്. വിരുന്നുവേദിക്കരുകിൽ എപ്പോഴും ഒരു അടിമയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. വിരുന്നിനെത്തുന്നവരുടെ പാദക്ഷാളനം ഒരു അടിമയുടെ കടമയാണ്.

സ്വർഗത്തിലെ മഹിമ മുറുകെ പിടിക്കേണ്ട കാര്യമായി പരിഗണിക്കാത്തവന്, തന്നെത്തന്നെ താഴ്ത്തുന്നതിന് പ്രയാസം തോന്നിയില്ല. അവൻ താഴ്ന്നു; മണ്ണോളം അല്ല പിന്നെയും, ശിഷ്യപാദങ്ങൾക്കു കീഴോളം!! അവൻ തയാറായി നിന്നു, ഒരടിമയെപ്പോലെ സ്വർഗ ഭൂലോകങ്ങളുടെ ഉടമ!!
അത്താഴ സമയത്ത് അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി
എനിക്ക് പലതും ഒഴിവാക്കാനാകും! പക്ഷേ അത്താഴ സമയം… ദിവസത്തിന്റെ ക്ലേശങ്ങൾക്കൊടുവിൽ ആശ്വാസത്തിന്റെയും വിശ്രമത്തിന്റെയും രുചിഭേദങ്ങളുടെയും അത്താഴസമയം- ഉറ്റവരുടെ ഊഷ്മളത നിറഞ്ഞ സ്‌നേഹസാന്നിധ്യം. എനിക്കത് ഒഴിവാക്കാൻ കഴിയാറില്ലല്ലോ. തീൻമേശയിലെ രുചിസമൃദ്ധി വേണ്ടെന്നുവയ്ക്കാൻ സത്യമായും എനിക്ക് കഴിയാതെ പോകുന്നു. വിളമ്പി വിഭവസമൃദ്ധിയുടെ മുന്നിൽനിന്ന് നീ എഴുന്നേറ്റുപോയി എന്നത് നനയാത്ത കണ്ണുകളോടെ എനിക്ക് വായിക്കാനാകുന്നില്ല. ആലസ്യത്തിന്റെ പട്ടുമെത്തയിൽ കിടപ്പിനാണ് സുഖം, എഴുന്നേൽക്കലിനല്ല എന്ന ന്യായവാദം എനിക്കുണ്ട്.

മേലങ്കി മാറ്റി
ആ മേലങ്കിക്ക് എന്ത് പേരിടണം? ആ മേലങ്കി നിന്നെ പുതപ്പിച്ചതാരായിരുന്നു? അഴിച്ചുവച്ച മേലങ്കി എന്റെ അഹങ്കാരഭാവത്തെ വല്ലാതെ ഉലയ്ക്കുന്നു. സൗഹൃദങ്ങളോടും രക്തബന്ധങ്ങളോടുമുള്ള എന്റെ അഭിനിവേശത്തിന്റെ അടിവേരുകൾ അറുക്കപ്പെടുന്നതുപോലെ…

തൂവാലയെടുത്ത് അരയിൽ ചുറ്റി
ഞാനണിഞ്ഞിട്ടുള്ള ശുശ്രൂഷയുടെ ശീല അധികാരപ്രയോഗത്തിന്റെ ആയുധമാക്കിയ നിമിഷങ്ങളെ തിക്കിത്തികട്ടി വരുമ്പോൾ മനസിലൊരു മിന്നൽപിണർ! അത് എന്നെ പൊള്ളിക്കുന്നുണ്ടോ? എവിടെയൊക്കെയോ വല്ലാത്ത നീറ്റൽ! ശുശ്രൂഷയുടെ സുകൃതം അധികാരത്തിന്റെ ആവേശമായി വച്ചുമാറ്റിയ നിമിഷങ്ങൾ എന്നെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നു.

ശിഷ്യരുടെ പാദങ്ങൾ കഴുകി
മീനുളുമ്പിന്റെ മണമുള്ള കാലുകളിൽ നീ ചുംബിച്ചു. അവരുടെ കാൽക്കീഴിൽ ഒരടിമയെപ്പോലെ നീ മുട്ടിൽ ഇഴഞ്ഞു. ദ്രവ്യാസക്തിയുടെ അപഥവഴികളിൽ സഞ്ചരിച്ച യൂദാസ്- അവന്റെ കാലിൽ ചുംബിച്ചപ്പോഴാണ് അതോ കടലിൽ ചാടാൻ ധൈര്യം കാണിച്ചവനുമായ പീറ്റർ- അവൻ ഒരു പെണ്ണിന്റെ മുന്നിൽ നാവുപിഴക്കുമെന്ന് അറിയാമായിരുന്നിട്ടും അവന്റെ കാലിൽ ചുംബിച്ചപ്പോഴോ എപ്പോഴായിരുന്നു ഗുരുവേ നീ ഉലഞ്ഞത്? നിന്റെ കരൾ വല്ലാതെ തേങ്ങിയത്? കൂട്ടത്തിൽ ഇളയവന്റെ, നെഞ്ചിൽ തലവെച്ചുറങ്ങാൻ കൊതിച്ചവന്റെ കാലിൽ ചുംബിച്ചപ്പോൾ നിന്റെ അധരങ്ങൾ വിതുമ്പിപ്പോയോ?

മരിക്കുന്ന മനുഷ്യർക്ക് മരിക്കാത്ത ശുശ്രൂഷ ചെയ്യാൻ മായാത്ത മുദ്ര എന്റെ മനസിൽ നീ ചാർത്തിയിട്ടുണ്ടെന്ന് മറന്നുപോയ നിമിഷങ്ങളെ ഓർത്ത് ഞാൻ തേങ്ങുന്നു. ശിഷ്യരുടെ പാദങ്ങൾക്ക് കീഴിൽ നീ മുട്ടിൽ ഇഴയുന്ന ചിത്രം എന്റെ ശുശ്രൂഷാജീവിതത്തിന്റെ രാസത്വരകമായിത്തീരുന്നത് ഞാനറിയുന്നു. അതുകൊണ്ടുതന്നെ പെസഹാവ്യാഴത്തിന്റെ പ്രഭാതം, ദൈവമേ നീ എനിക്കുതന്ന വിളിയെക്കുറിച്ചുള്ള ധ്യാനത്തിന്റെയും പ്രഭാതമായിരുന്നു.

അപ്പംപോലെ മനുഷ്യന് ഹിതമായി മറ്റെന്താണുള്ളത്? അപ്പത്തിന്റെ ഭവനത്തിൽ സ്വർഗത്തിൽ നിന്നിറങ്ങിവന്ന അപ്പമായി അവൻ അവതീർണനായപ്പോൾ മുതൽ സ്‌നേഹത്തിന് ഒരു നവഭാഷ്യം നൽകുകയായിരുന്നു. ദിവ്യകാരുണ്യം എന്റെ ഭോജനമായി മാറുമ്പോൾ സ്‌നേഹത്തിന്റെ അനശ്വരഭാഷ്യം ഞാൻ രുചിച്ചറിയുന്നു. തന്റെ ശരീരം അപ്പമായും രക്തം പാനീയമായും നൽകി ഓർമ നിലനിർത്തുവാൻ ആഗ്രഹിച്ച ആ സ്‌നേഹരൂപം ലോകത്തിന് മുന്നിൽ സ്‌നേഹത്തിന്റെ കാലാതിശയിയായ നിർവചനമായി മാറുന്നു.

നിത്യപുരോഹിതനായവൻ
പൗരോഹിത്യത്തിന്റെ അകംപൊരുൾ ആവിഷ്‌കരിച്ച ദിനം കൂടിയാകുന്നു ഈ വ്യാഴം. കാലിത്തൊഴുത്തിൽ പിറക്കുന്നത് പുരോഹിത ജീവിതശൈലിയുടെ ഇതിവൃത്തവും കാൽവരിയിൽ വിരിയുന്നത് അവന്റെ ജീവിതദർശനത്തിന്റെ പരിവെട്ടവുമാണ്. ദൈവഹിതം നിറവേറ്റാൻ കാലിത്തൊഴുത്തും കർമഭൂമിയാക്കാം എന്ന വെളിപാട്. ജീവിതം കാണിക്കയായി നൽകാനുള്ള ഭണ്ഡാരമാണ് കാൽവരി എന്ന ബോധ്യം. പുരോഹിതപാതകളിൽ ഇവ രണ്ടും വെളിച്ചം വിതറും, തീർച്ച. അയക്കപ്പെടുകയാണ് അവന്റെ ഭാഗധേയം. ഗലീലി, സമരിയ, ഗനേസറത്ത്, കാനാ…. എല്ലാം അവൻ അയക്കപ്പെടാനുള്ള ദിശകളിലേക്കുള്ള സമൃദ്ധ സൂചനകൾ തന്നെ. പ്രഘോഷണമാണ് അവന്റെ ഭക്ഷണം, വചനം ഭജിച്ചും അത് ഭുജിച്ചും ഭോജനത്തിനായി അത് വിളമ്പിയും തന്റെ ജീവിതസാഫല്യം കണ്ടെത്തേണ്ടൻ. ദൈവഹിതത്തിന്റെ സാക്ഷാത്കാരത്തിന് തടസം നിൽക്കുന്ന പിശാചുക്കളോട് സന്ധിയില്ലാസമരം ചെയ്യാനുള്ള സമരാവേശം സക്രാരിയിൽ നിന്ന് സമ്പാദിക്കേണ്ടവൻ.

ദാസന്മാരില്ലാതിരുന്നിട്ടും യജമാനൻ എന്ന് വിളിക്കപ്പെടുകയും ബിരുദങ്ങളൊന്നുമില്ലാതിരുന്നിട്ടും മാസ്റ്റർ എന്ന് വിളിക്കപ്പെടുകയും പടയാളികൾ ഇല്ലാതിരുന്നിട്ടും രാജാവ് എന്ന് വിളിക്കപ്പെടുകയും ചെയ്ത നീ എനിക്കെന്നും ആവേശംതന്നെ. പെസഹായുടെ പ്രഭാതം ധ്യാനത്തിന്റെയും ആരാധനയുടെയും ദൈവകൃപയുടെയും പ്രഭാതം തന്നെ! സ്‌നേഹത്തിന് അനശ്വരതയുടെ നിർവചനം ലഭിച്ച വിശുദ്ധ വ്യാഴത്തിന്റെ ആശംസകൾ!!

പോളി പടയാട്ടി