‘പേപ്പൽ ലംബോർഗിനി’ ലേലം കൊണ്ടു; തുക ഇറാഖിലെ പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക്

0
127

വത്തിക്കാൻ: സമ്മാനം ലഭിച്ച ലംബോർഗിനി കാർ ലേലം ചെയ്തുകിട്ടിയ തുകയുടെ ഒരുഭാഗം ഇറാഖിൽ പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് നൽകുമെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വർഷം നവംബറിൽ ലംബോർഗിനി കമ്പനിയുടെ സി.ഇ.ഒ സ്റ്റേപനോ ദൊമിനിക്കൽ സമ്മാനിച്ച ഹുറക്കാൻ എന്ന കാർ ലേലം കൊണ്ട തുകയാണ് പാപ്പ ഇറാഖിലെ ക്രൈസ്തവർക്കായി ചെലവഴിക്കുക. സ്വർണം കൊണ്ടുള്ള ചായം കൊണ്ട് അലങ്കാരപ്പണികൾ ചെയ്ത് പ്രത്യേകമായി നിർമിച്ച വെളുത്ത ഹ്യുറാകാനാണ് പോപ്പിന് കമ്പനി സമ്മാനിച്ചത്.

അടിസ്ഥാനവിലയുടെ നാലിരട്ടി തുകയ്ക്ക് ലേലം കൊണ്ട കാറിന് 5 കോടി 72 ലക്ഷം രൂപയാണ് ലഭിച്ചത്. പേപ്പൽ വർണ്ണങ്ങളായ വെള്ളയും മഞ്ഞയും നിറങ്ങൾ ചേർന്ന ഈ കാർ മ്യൂണിക്കിലെ സൂത്ത്‌ബെയ് കമ്പനിയാണ് ലേലത്തിൽ വിറ്റത്.

ലേലത്തിൽ ലഭിക്കുന്ന തുക ഉപവിപ്രവർത്തനങ്ങൾക്കായി ചിലവിടുമെന്ന് പാപ്പ കാർ സമ്മാനമായി ലഭിച്ച അവസരത്തിൽ വ്യക്തമാക്കിയിരുന്നു. കാർ ആശീർവദിച്ച് ബോണറ്റിൽ തന്റെ കൈയൊപ്പ് രേഖപ്പെടുത്തിയ ശേഷമാണ് പാപ്പ കാർ ലേലത്തിൽ വെച്ചത്. സമ്മാനമായി ലഭിച്ച നിരവധി വാഹനങ്ങൾ മുൻപും പാപ്പ ഇതുപോലെ വിവിധ ജീവകാരൃണ്യ പ്രവർത്തനങ്ങൾക്കായി ലേലം ചെയ്തിട്ടുണ്ട്.