പോളീഷ് പ്രധാനമന്ത്രിയുടെ മകൻ വൈദികനായി!

608

ജോൺ പോൾ രണ്ടാമൻ പാപ്പയിലൂടെ പോളണ്ടിൽ നടന്ന ആത്മീയവിപ്ലവം ചെറുതായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ഭരണവും നിരീശ്വരവാദവും കത്തിപ്പടർന്ന പോളണ്ടിൽനിന്ന് ദൈവകൃപയാൽ കരോൾ വോയ്റ്റീവ എന്ന വ്യക്തി സഭയുടെ താക്കോൽ പിടിക്കാനെത്തിയത് മാറ്റങ്ങളുടെ ഘോഷയാത്രയാണ് സൃഷ്ടിച്ചത്. പോളണ്ടിന്റെ മാനസാന്തരാനുഭവങ്ങൾ തീരുന്നില്ല.

മെയ് 27 ന് അവിടെ ഒരു യുവാവ് പൗരോഹിത്യം സ്വീകരിച്ചു. പേര് തിമോത്തെയൂസ് സിഡ്‌ലോ. ഒരു വ്യക്തി പൗരോഹിത്യം സ്വീകരിക്കുന്നതിലെന്തിരിക്കുന്നു എന്നു കരുതരുത്. സെന്റ് നിക്കോളാസ് കത്തീഡ്രലിൽ പൗരോഹിത്യാഭിഷേകം സ്വീകരിച്ചത് പോളീഷ് പ്രധാനമന്ത്രിയുടെ മകനാണ്! പൗരോഹിത്യാഭിഷേക ചടങ്ങിലും തുടർന്നുള്ള പുത്തൻകുർബാനയിലും പ്രധാനമന്ത്രി ബെയാത്ത സിഡ്‌ലോയും ഭർത്താവ് എഡ്വേർഡും, സഹോദരൻ ബ്ലേസും പങ്കെടുക്കുകയും ചെയ്തു.

ക്രാക്കോവ് അതിരൂപതയിലായിരുന്നു ഫാ. സിഡ്‌ലോയുടെയും വൈദിക വിദ്യാഭ്യാസം. ”ദൈവത്തോടുള്ള എന്റെ നന്ദി വാക്കുകളാൽ വർണ്ണിക്കാനാവില്ല. വളരെ വിനീതനായി ഞാൻ ചോദിക്കുന്ന ഒരു കാര്യമേയുള്ളൂ, അങ്ങയുടെ ശുശ്രൂഷയിൽ നിലനിൽക്കാൻ എനിക്ക് കൃപതരണം.”

കുടുംബാംഗങ്ങളോടായി സിഡ്‌ലോ പറഞ്ഞു, ”എനിക്കുവേണ്ടി പ്രാർത്ഥിക്കുക. ഞാൻ വളരെ പ്രഗത്ഭനായ വൈദികനാകാനല്ല, എന്റെ മേൽ തിന്മകളൊന്നും ഭവിക്കാതിരിക്കാനുമല്ല. ഒരു വൈദികനെന്ന നിലയിൽ നല്ലൊരു കരിയർ ലഭ്യമാകുന്നതിനുമല്ല. ഒരു വൈദികനെന്ന നിലയിൽ മാതൃകാപരമായ ഒരു ജീവിതം നയിക്കാൻ ഞാൻ പ്രാപ്തനാകുന്നതിന്.”

പോളണ്ടിലെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വലിയ വാർത്ത പ്രധാനമന്ത്രിയും ഭർത്താവും സ്വന്തം മകന്റെ ആശീർവാദത്തിനായി ശിരസ്സുകുനിച്ച് നിൽക്കുന്ന ചിത്രങ്ങളാണ്. സ്വന്തം മകനെക്കുറിച്ച് പോളീഷ് പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, ”ഇന്നലെ അവൻ കത്തീഡ്രലിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. ഇവിടെവച്ചാണ് അവൻ മാമ്മോദീസ സ്വീകരിച്ചത്. ആദ്യകുർബാനയും ഇവിടെയായിരുന്നു. ഒരു അൾത്താരബാലനായി സേവനം ചെയ്തതും ഇവിടെത്തന്നെ. ഞങ്ങൾ ഏറെ സന്തോഷിക്കുന്നു.”

സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ വിമോചിപ്പിച്ചിരിക്കുന്നു എന്ന ഗലാത്തിയ ലേഖനത്തിലെ വാക്കുകളാണ് തിമോത്തെയൂസ് ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ജോൺ പോൾ രണ്ടാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തി കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് തിമോത്തേയൂസും കൂട്ടുകാരും 2011 ൽ സെമിനാരിയിൽ ചേരുന്നത്. പോളണ്ടിലെ യുവസെമിനാരിക്കാരുടെ പ്രത്യേക മധ്യസ്ഥൻ കൂടിയാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ.

2015 ൽ നടത്തിയ ഒരു അഭിമുഖത്തിൽ തന്റെ മകൻ സെമിനാരിയിൽ വൈദികപഠനം നടത്തുന്ന വിവരം പറഞ്ഞപ്പോൾ ബെയാത്തയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ”അവൻ വൈദികനാകാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ അതിന്മേൽ ഒരു ചർച്ചയ്ക്ക് ഞങ്ങൾ മുതിർന്നില്ല. കാരണം അവനെടുക്കുന്ന തീരുമാനങ്ങൾ അത്ര ഉറപ്പുള്ളതായിരുന്നെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”

രൂപീകരണകാലഘട്ടത്തിൽ തങ്ങളുടെ മകനുവേണ്ടി ഏറെ പ്രാർത്ഥിച്ചിരുന്നുവെന്നും ബെയാത്ത വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ചുമതലകൾക്കിടയിലും ഏറെനേരം മകന്റെ ദൈവവിളിക്കായി പ്രാർത്ഥിക്കാൻ ഇവർ സമയം കണ്ടെത്തിയിരുന്നത്രേ. ഒരു നല്ല വൈദികനായിരിക്കണം എന്നതിനെക്കാൾ അധികമായി മകനെക്കുറിച്ച് യാതൊരു സ്വപ്‌നങ്ങളുമില്ലെന്നും ബെയാത്ത വ്യക്തമാക്കുന്നു.