പോൾ ദി അപ്പോസ്തൽ ഓഫ് ക്രൈസ്റ്റ്: അഭിനയവേളയിൽ പൗലോസിന്റെ ആത്മാവിനാൽ നിറഞ്ഞെന്ന് നടൻ ജെയിംസ് ഫൗൾക്‌നർ

0
451

മാൾട്ട: ‘പോൾ ദി അപ്പോസ്തൽ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ വിശുദ്ധ പൗലോസിന്റെ ആത്മാവിനാൽ നിറയുന്ന അനുഭവമാണ് തനിക്കുണ്ടായതെന്ന് ഹോളിവുഡ് നടൻ ജെയിംസ് ഫൗൾക്‌നർ. താൻ അഭിനയിക്കുകയായിരുന്നില്ല, അഭിനയിപ്പിക്കുകയായിരുന്നുവെന്നും ഫൗൾക്‌നർ പറഞ്ഞു. വിശുദ്ധ പൗലോസിന്റെ ജീവിതം പ്രമേയമാക്കി ആൻഡ്രൂ ഹയാത്തൊരുക്കിയ ‘പോൾ ദ അപ്പോസ്തൽ ഓഫ് ക്രൈസ്റ്റിൽ’ ജയിംസ് ഫൗൾക്‌നറാണ് പൗലോസായി വേഷമിട്ടത്.

”കഥാപാത്രത്തിന്റെ പ്രത്യേകതകൾ തിരക്കഥയിലുണ്ടായിരുന്നു. എന്നാൽ ചിലപ്പോൾ തിരക്കഥയും ഡയറക്ടറുടെ നിർദേശവും മാറ്റി മറിച്ചതുപോലെ തനിക്ക് തോന്നി. കഥാപാത്രമാകാനുള്ള തയ്യാറെടുപ്പുകൾക്കായി ഏറെ സമയം ലഭിച്ചിരുന്നില്ല. ഒരു ദിവസം മാനേജർ വിളിച്ച് തിരക്കഥ തന്നു. ഉടൻ തന്നെ ചിത്രീകരണത്തിനായി പുറപ്പെട്ടു. അഭിനയത്തിന് മുൻപ് പൗലോസിന്റെ ലേഖനങ്ങൾ വായിച്ചിരുന്നു,” ഫൗൾക്‌നർ പറഞ്ഞു.

മാൾട്ടയിൽ ചിത്രീകരിക്കപ്പെട്ട ‘പോൾ ദി അപ്പസ്റ്റോൽ ഓഫ് ക്രൈസ്റ്റിൽ’ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ എന്ന ചിത്രത്തിൽ യേശുവായി അഭിനയിച്ച ജിം കാവിയേസേലാണ് വിശുദ്ധ ലൂക്കയായത്. ഫ്രഞ്ച് സിനിമ അഭിനേതാവായ ഒലിവർ മാർട്ടിനെസ്, ‘എ.ഡി ദ ബൈബിൾ കണ്ടിന്യൂസ്’ എന്ന ചിത്രത്തിൽ അഭിനയിച്ച ജൊവാനെ വാല, ‘ദ സീക്രട്ട് ഗാർഡൻ’ എന്ന ചിത്രത്തിൽ അഭിനയിച്ച ജോൺ ലിഞ്ച് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാണ്. “റോമിൽ നീറോ ചക്രവർത്തി ക്രൈസ്തവരെ പീഢിപ്പിച്ച കാലത്തുള്ള വി.പൗലോസിന്റെ ജീവിതം സത്യസന്ധമായി ചിത്രീകരിക്കാനാണ് തങ്ങൾ ശ്രമിച്ചത്. മനോഹരമായ ഈ ചിത്രം നമ്മുടെ ജീവിതത്തിലേക്ക് ബൈബിൾ കൊണ്ടുവരുന്നു”. സംവിധായകൻ ആൻഡ്രൂ ഹയാത്ത് പറഞ്ഞു.

റോമൻ ജയിലിൽ ഒറ്റയ്ക്ക് തടവനുഭവിക്കുന്ന പൗലോസിനെയാണ് ചിത്രത്തിൽ നാമാദ്യം കാണുന്നത്. നീറോ ചക്രവർത്തിയിൽ നിന്ന് തന്റെ വധശിക്ഷ ഉത്തരവിനായി അദ്ദേഹം ജയിലിൽ കാത്തിരിക്കുന്നു. ഒരിക്കൽ ടാർസസിലെ സാവൂളായിരുന്ന അവൻ ക്രൈസ്തവരെ ക്രൂരമായി പീഢിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് അവൻ ക്രിസ്തുവിനായി മരണം വരിക്കാൻ പോലും തയ്യാറായിരിക്കുന്നു. ആ സമയത്താണ് അപകടം വകവെയ്ക്കാതെ വൈദ്യനായ ലൂക്ക പൗലോസിലെ ആശ്വസിപ്പിക്കാനും പരിചരിക്കാനുമായി അദ്ദേഹത്തിന്റെ സമീപമെത്തുന്നത്. തുടർന്ന് വളർന്നുവരുന്ന വിശ്വാസി സമൂഹത്തിന് നൽകാനായി വിശുദ്ധ പൗലോസിന്റെ കത്തുകൾ പകർത്തിയെഴുതാൻ അദ്ദേഹം ആവശ്യപ്പെടുന്നു. നീറോയുടെ ക്രൂരമായ മതമർദനത്തിന്റെ നടുവിലും അങ്ങനെ സുവിശേഷം പ്രചരിക്കുകയും അത് ലോകത്തെ മാറ്റിമറിക്കുകയും ചെയ്തു’. നിരൂപകർ പറയുന്നു. ഈസ്റ്ററിനോട് അനുബന്ധിച്ച് ഏപ്രിൽ ഒന്നിനാണ് പോൾ ദി അപ്പോസ്തൽ ഓഫ് ക്രൈസ്റ്റ് തീയേറ്ററിലെത്തുന്നത്.