പ്രകാശമാവേണ്ടവർ നാം

1101

ഉൽപ്പത്തി പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: ‘ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു’ (1:2). ഭൂമിയിലുള്ളത് അന്ധകാരമായിരുന്നു. അന്ധകാരമായിരുന്ന ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട നാം കാൽ തെറ്റി വീഴാതിരിക്കാൻ അവിടുന്ന് വെളിച്ചം സൃഷ്ടിച്ചു. അവിടുത്തെ വചനംതന്നെയായ യേശുവാണ് ലോകത്തിന്റെ ആ വെളിച്ചം. ആ വെളിച്ചം യാന്ത്രികമല്ല, വഴിമുട്ടി നിൽക്കുന്ന വെളിച്ചമല്ല, ജീവന്റെ പ്രകാശമാണത്.

ഒരിക്കലും അസ്തമിക്കാത്ത ജീവന്റെ പ്രകാശമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടു യാത്ര ചെയ്യുമ്പോൾ നാം ഒരിടത്തും കാൽതെറ്റി വീഴില്ല. കാരണം, നമ്മുടെ മുൻപിലുള്ള വെളിച്ചം അത്ര ശക്തമാ ണ്, യേശുക്രിസ്തുവായ ജീവന്റെ വെളിച്ചമാണ്. വഴിമുട്ടി നിൽക്കാത്ത ഒരു പ്രകാശം നമുക്കുള്ളതിൽ നമുക്ക് അഭി മാനിക്കാം. വഴിതെളിക്കുന്നു പരിശുദ്ധാത്മചൈതന്യത്തെ ഓർത്ത് നമുക്ക് ആനന്ദിക്കാം.

ദൈവത്തിന്റെ അന്തർഗതങ്ങൾ അറിയാവുന്ന പരിശുദ്ധാത്മാവിന് നമ്മിൽ വസിക്കുന്നിടത്തോളം കാലം നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതികൾ നമുക്ക് വ്യക്തമാക്കി തരുകതന്നെ ചെയ്യും. ‘ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവർ ഒരിക്കലും അ ന്ധ കാരത്തിൽ നടക്കുന്നില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും,’ (യോഹ. 8:12).

മേൽപ്പറഞ്ഞ സുവിശേഷഭാഗം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: ‘നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്,’ (5:14). യേശുവിനെ ദർശിച്ചവർ ലോകത്തിന്റെ പ്രകാശമായി മാറണം. നാം ലോകത്തിന്റെ പ്രകാശമായി മാറുമ്പോൾ നമ്മെ കണ്ടുകൊണ്ട് യാത്ര ചെയ്യുന്നവരും കാലുതെറ്റി വീഴാതെ ക്രിസ്തുവിനെ അനുഗമിക്കുന്നവരായി മാറുകതന്നെ ചെയ്യും.

‘വിളക്ക് കൊളുത്തി ആരും പറയുടെ കീഴെ വെക്കാറില്ല. അത് പീ~ത്തിന്മേലാണ് വെക്കുന്നത്,’ (മത്താ 5:15) നാമെല്ലാവരും വിളക്കാണെന്ന് ചിലർ പറയാറുണ്ട്. സത്യത്തിൽ നാം ലോകത്തിന്റെ വിളക്കല്ല മറിച്ച്, ലോകത്തിന്റെ പ്രകാശമാകേണ്ടവരാണ്. കൊളുത്തപ്പെട്ട വിളക്കിനു മാത്രമേ പ്രകാശം നൽകാനാകൂ. അതുകൊണ്ടു നാം ജ്വലിക്കുന്നവരാകണം.

ആദിമസഭയിൽ കന്യക മാതാവുമൊന്നിച്ചുള്ള പ്രാർത്ഥനയിൽ ശിഷ്യഗണങ്ങളിൽ അഗ്‌നിനാവുപോലെ പരിശുദ്ധാതമാവു വന്നിറങ്ങി ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്തതുപോലെ നാമും സഭയിൽ പ്രാർത്ഥനയിലൂടെ ശക്തരായി നീങ്ങണം. അപ്പോൾ നമ്മിലൂടെ യേശു ആഗ്രഹിച്ച ആ പ്രകാശം നമ്മിൽ നിറയും, അനേകർക്ക് നിത്യജീവന്റെ പാത തുറന്നുകൊടുക്കുന്ന ഉപകരണമായി നാം മാറുകയുംചെയ്യും.

ഉയിർപ്പുതിരുനാളിന്റെയന്ന് രാത്രിയിൽ കത്തിച്ച മെഴുകുതിരി കൈ യിൽ പിടിച്ചുള്ള പ്രദക്ഷിണം പതി വാണല്ലോ. ഒരിക്കൽ എന്റെ അടുത്ത് നിന്നിരുന്ന സഹോദരന്റെ കൈയിലെ തിരി കെട്ടുപോയത് ഞാൻ കണ്ടു. ഉടനെതന്നെ എന്റെ തിരിയിൽനിന്ന് അദ്ദേഹത്തിന്റെ തിരി കത്തിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു: ‘വേണ്ടാ, കത്തിച്ചാലും കെട്ടുപോകുകയേ ഉള്ളൂ.’

ഇതാണ് നമ്മിൽ ചിലരുടെ മനോഭാവം. തിരി കെട്ടുപോകാതിരിക്കാൻ നാം ശ്രദ്ധിക്കണം, കാറ്റ് വരുമ്പോൾ കെടാകാതിരിക്കാൻ കൈകൊണ്ടു മറച്ചുപിടിക്കണം, യാത്ര പതുക്കെയാകണം. മെഴുകുതിരിയാണ് നാം കത്തിച്ചു പിടിച്ചിരിക്കുന്നെങ്കിൽ അതിൽനിന്നുതിർന്നു വീഴുന്ന ഉരുകിയ മെഴുകു നമ്മുടെമേൽ വീണാലും അപരന്റെമേൽ വീണാലും പൊള്ളലേൽക്കാനിടയുണ്ട്. അതുപോലെയാണ് ജീവിതം.

സൂക്ഷിച്ചു മുമ്പോട്ടു കൊണ്ട് പോ യില്ലെങ്കിൽ അത് തകർന്നു പോകാൻ ഇടയുണ്ട്. പൗലോസ് ശ്ലീഹ ലേഖനത്തിൽ പറഞ്ഞതുപോലെ, ‘മൺപാത്രത്തിൽ കിട്ടിയ നിധിയാണ് നാമോരോരുരുത്തരുടെയും ജീവിതം.’

അതുകൊണ്ടു ജീവനുള്ള ദൈ വത്തിന്റെ ആലയങ്ങളായി നമുക്ക് രൂപാന്തരപ്പെടാം. നമ്മിലോരോരുത്തരിലും ഈശോ വസിക്കുന്നുണ്ട്. ലോകത്തിന്റെ പ്രകാശമായവൻ വസിക്കുന്ന നമുക്ക് മുന്നോട്ടുപോകാം. ചിമ്മിനിവിളക്ക്‌പോലെ പ്രകാശിക്കാം. അനേകർക്ക് ഈ പ്രകാശം അനുഗ്രഹമാകട്ടെ.

ഒരിക്കൽ യു.കെയിൽ മലയാളം വായിക്കാനറിയാത്ത കുട്ടിക്ക് ‘കണ്ണാണ് ശരീരത്തിന്റെ വിളക്ക്’ എന്നത് വായിക്കാൻവേണ്ടി മംഗ്ലീഷിൽ എഴുതിക്കൊടുത്തത് ഓർക്കുന്നു. അത് കുട്ടി വായിച്ചതിങ്ങനെ: ‘കണ്ണാണ് ശരീരത്തിന്റെ വിലക്ക്!’ നമ്മുടെ മുന്നേ നടക്കുന്ന നിത്യ പ്രകാശത്തിലേയ്ക്ക് നോക്കി നമുക്ക് യാത്ര ചെയ്യാം. ജീവിതം കൂദാശകളിലൂടെ കടന്നു പോകാൻ അനുവദിക്കാം. അങ്ങനെ പ്രാർത്ഥനയിലൂടെയും അനുതാപത്തിലൂടെയും നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കാം, മറ്റുള്ളവരിലേക്ക് അത് പകരുകയും ചെയ്യാം.

ജോബോയി