പ്രതിസന്ധികൾക്കിടയിലും സുവിശേഷം പ്രഘോഷിക്കപ്പെടണം: കർദിനാൾ ആഞ്ചലോ ബഗ്നാസ്‌കോ

211

മിൻസ്‌ക്: പ്രതിസന്ധികൾക്കിടയിലും സുവിശേഷം പ്രഘോഷിക്കപ്പെടണമെന്നും മതേതരത്വം മുൻനിർത്തി ദൈവത്തെ മറന്ന് ജീവിക്കുന്ന സമൂഹമാണ് ഇന്നുള്ളതെന്നും യൂറോപ്യൻ ബിഷപ്പ് സമിതി തലവൻ കർദിനാൾ ആഞ്ചലോ ബഗ്‌നാസ്‌കോ. സംസ്‌കാരം രൂപീകരിച്ച ക്രൈസ്തവ പാരമ്പര്യത്തെ യൂറോപ്പ് മുറുകെ പിടിക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു. നാൽപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നും ബിഷപ്പ് സമിതി തലവന്മാർ പങ്കെടുത്ത ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വികസ്വര രാഷ്ട്രങ്ങളിലെ മനുഷ്യ ശാക്തീകരണം യൂറോപ്പിനെയും സ്വാധീനിക്കുന്നുണ്ട്. മുൻപത്തെ പോലെ ക്രൈസ്തവ വിശ്വാസത്തിനു യൂറോപ്പിൽ നവോത്ഥാന ഫലങ്ങൾ പുറപ്പെടുവിക്കാനാകും”.സുവിശേഷവത്ക്കരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിശ്വാസികളോട് ദൈവത്തിൽ പ്രതീക്ഷയർപ്പിച്ച് ജീവിക്കാൻ ബിഷപ്പുമാർ ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

“സംഘടനകളും അവയുടെ പ്രവർത്തനങ്ങളും സുവിശേഷ മൂല്യങ്ങളെ പ്രതിനിധീകരിച്ചായാൽ മനുഷ്യന്റെ നിലനില്പ്, ലക്ഷ്യം, മരണാന്തര ജീവിതം എന്നിവയെ വ്യക്തമായി മനസ്സിലാക്കാനാകും. കൂടെ തിന്മയുടെ ശക്തിയും പ്രലോഭനങ്ങളും വേർതിരിച്ചറിയാനാകണം”. മൂല്യങ്ങളിലടിസ്ഥാനമാക്കി കുടുംബകേന്ദ്രീകൃതമായ ഭൂഖണ്ഡമാകാൻ യൂറോപ്പിനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 28ന് തുടങ്ങിയ സമ്മേളനം ഈ മാസം ഒന്നിനാണ് സമാപിച്ചത്.