പ്രതീക്ഷയുടെ തിരികള്‍ കൊളുത്താം

0
508

ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് അന്ധനായ ഭിക്ഷക്കാരന്‍ സുപരിചിതനായിരുന്നു. ‘ഞാന്‍ അന്ധനാണ് എന്നെ സഹായിക്കണം’ എന്ന് എഴുതിയ ചെറിയൊരു ബോര്‍ഡും സമീപത്ത് വച്ചിരുന്നു. റോഡിലൂടെ പോകുന്ന ചിലരൊക്കെ നാണയത്തുട്ടുകള്‍ എറിഞ്ഞുകൊടുത്തിരുന്നു. മുമ്പില്‍ വിരിച്ചിരുന്ന തുണിയില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നാണയങ്ങള്‍ വൈകുന്നേരമാകുമ്പോള്‍ വാരിക്കൂട്ടുകയായിരുന്നു പതിവ്. പതിവുപോലെ അയാള്‍ ഭിക്ഷ യാചിക്കാനിരിക്കുമ്പോള്‍ ആ വഴി നടന്നുപോയ ഒരു ടൂറിസ്റ്റ് ബോര്‍ഡ് വായിച്ചു. അല്പ നേരം എന്തോ ആലോചിച്ചിട്ട് പോക്കറ്റില്‍നിന്നും ഒരു നോട്ട് എടുത്ത് തുണിയിലേക്ക് ഇട്ടു. അതിനുശേഷം ബോര്‍ഡില്‍ എന്തൊക്കെയോ എഴുതിയിട്ട് നടന്നുപോയി. ഒരാള്‍ സമീപത്തുവന്നുനില്ക്കുന്നതും ബോര്‍ഡില്‍ എഴുതുന്നതും കാല്‍പെരുമാറ്റംകൊണ്ട് അയാള്‍ തിരിച്ചറിഞ്ഞു. അന്ന് ടൂറിസ്റ്റുകേന്ദ്രത്തിലേക്ക് പോയിരുന്ന അനേകര്‍ അയാള്‍ക്ക് നാണയത്തുട്ടുകള്‍ എറിഞ്ഞുകൊടുത്തു. ചിലര്‍ സമീപത്തുവന്ന് നോട്ടുകളും ഇട്ടു. വൈകുന്നേരമായപ്പോഴേക്കും യാചകന്റെ മുമ്പില്‍ നാണയത്തുട്ടുകളും നോട്ടുകളും കുമിഞ്ഞുകൂടി. ആദ്യമായിട്ടായിരുന്നു അത്രയും പണം ലഭിച്ചത്. അതു വാരിക്കൂട്ടുമ്പോള്‍ കാലടി ശബ്ദംകേട്ട് അയാള്‍ മുഖമുയര്‍ത്തി. ”അങ്ങ് ആയിരുന്നോ രാവിലെ ഇവിടെ വന്നത്? എന്തായിരുന്നു ബോര്‍ഡില്‍ എഴുതിയത്?” അയാള്‍ ചോദിച്ചു. സത്യം മാത്രമാണ് ഞാന്‍ എഴുതിയത്, എന്നായിരുന്നു ആഗതന്റെ മറുപടി. ”എത്ര മനോഹരമായ ദിവസമാണ്. പക്ഷേ, എനിക്കു കാണാനാവില്ല.” എന്നായിരുന്നു ബോര്‍ഡില്‍ അപ്പോള്‍ ഉണ്ടായിരുന്നത്.
ബോര്‍ഡില്‍ നേരത്തെ എഴുതിയിരുന്നതും മാറ്റിയെഴുതിയതുമായ വാക്കുകള്‍ക്ക് തമ്മില്‍ കാര്യമായ അര്‍ത്ഥ വ്യത്യാസമില്ല. വായിക്കുന്നവര്‍ക്ക് മനസിലാകുന്നത് ആ യാചകന്‍ അന്ധനാണെന്ന വസ്തുതയായിരുന്നു. എന്നാല്‍, അവതരണ രീതിയുടെ കാര്യത്തില്‍ വലിയ അന്തരം ഉണ്ടായിരുന്നു. വേറിട്ട കാഴ്ചപ്പാടാണ് ആളുകളെ സ്വാധീനിച്ചത്. ആദ്യത്തേതില്‍ നിസഹായതയുടെ ധ്വനിയായിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ പ്രത്യാശയായിരുന്നു നിറഞ്ഞുനിന്നിരുന്നത്. റോഡിലൂടെ പോയവരെ അതു സ്വാധീനിച്ചു എന്നതിനു തെളിവായിരുന്നു നിറഞ്ഞുകവിഞ്ഞ നാണയ കൂമ്പാരം. പ്രത്യാശനിറഞ്ഞ മനുഷ്യരെയാണ് ലോകത്തിനാവശ്യം. ഏറ്റവും വിപരീതമെന്ന് കരുതുന്ന കാര്യങ്ങളില്‍നിന്നുതന്നെ ദൈവത്തിന് നന്മ കൊണ്ടുവരാന്‍ കഴിയും.
എപ്പോഴും നിരാശയുടെ ചിന്തകളും വിപരീത അനുഭവങ്ങളും പറയുന്നവരുണ്ട്. അത്തരം കാഴ്ചപ്പാടുകള്‍ നമ്മുടെ ഉള്ളില്‍ അവശേഷിച്ചിരിക്കുന്ന ഊര്‍ജംകൂടി ഇല്ലാതാക്കുകയും മറ്റുള്ളവരുടെ പ്രതീക്ഷകളെ തകര്‍ക്കുകയും ചെയ്യും. പ്രതിസന്ധികളുടെ മധ്യേയും പ്രത്യാശയോടെ ജീവിക്കുന്നവരാണ് സമൂഹത്തെ സ്വാധീനിക്കുന്നത്. ജീവിതം സുരക്ഷിതമായി കടന്നുപോകുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കുവാന്‍ എളുപ്പമാണ്. എന്നാല്‍, നല്‍കിയ ഉപദേശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തേണ്ടി വരുന്ന സാഹചര്യം ദുഷ്‌ക്കരമാണ്. നമ്മുടെ കാഴ്ചപ്പാടുകളില്‍ വലിയൊരു മാറ്റം ആവശ്യമാണെന്ന് യാത്രക്കാരന്‍ ഓര്‍മിപ്പിക്കുന്നു. ചിന്താഗതികളിലും വീക്ഷണങ്ങളിലുമാണ് മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്. ഒരു പ്രതിസന്ധിയും ജീവിതത്തിന്റെ അവസാന വാക്കല്ല. പ്രതിസന്ധികള്‍ ഒരുപാടു സാധ്യതകളാണ് കൊണ്ടുവരുന്നത്. അതു മനസിലാക്കാന്‍ ലോകത്തെ സ്വാധീനിച്ച മഹാന്മാരുടെ ജീവിതത്തിലേക്ക് നോക്കണമെന്നില്ല. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ സമാനമായ സാഹചര്യങ്ങള്‍ കാണാനാകും. ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് വിലയിരുത്തപ്പെട്ട അവസ്ഥകളെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കിടപ്പുണ്ടാകും. അതിനാല്‍ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ താല്ക്കാലികമായി മാത്രം സംഭവിക്കുന്ന ഒന്നായി കാണണം. സ്വന്തം കഴിവുകൊണ്ടല്ല, ഈ നേട്ടങ്ങളൊക്കെ ഉണ്ടാക്കിയതെന്ന് തിരിച്ചറിയണം. ഉയര്‍ച്ചകള്‍ നല്‍കി അനുഗ്രഹിച്ച ദൈവത്തിന് എല്ലാം സാധ്യമാണ്.
കാഴ്ചയില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രതിസന്ധിയാണ് തന്റെ മുമ്പില്‍ നിറഞ്ഞുനില്ക്കുന്ന ഇരുട്ട്. ഇതിന് സമാനമായ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാം. ആ കനത്ത അന്ധകാര അനുഭവങ്ങളെ എങ്ങനെയാണ് നേരിടേണ്ടതെന്നാണ് ബോര്‍ഡില്‍ വരുത്തിയ തിരുത്തലുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. അന്ധനായ ഒരാളുടെ മുമ്പില്‍ എപ്പോഴും ഇരുട്ടാണ്. ആ ഇരുട്ടിനെ പഴിച്ചുകൊണ്ടും തനിക്കു കാഴ്ചതന്നില്ലോ എന്നു പറഞ്ഞ് ദൈവത്തെ കുറ്റപ്പെടുത്തിയും മുമ്പോട്ടുപോകാം. തിരിച്ചടികള്‍ ദൈവം കൈവിട്ടതിന്റെ അടയാളമായി കാണുകയും നിരാശ നിറഞ്ഞ മനസുമായി മുമ്പോട്ടുപോകുകയും ചെയ്താല്‍ അതു ഒരുവിധത്തിലുമുള്ള നേട്ടങ്ങള്‍ കൊണ്ടുവരില്ല. മുമ്പില്‍ ഉയരുന്ന കനത്ത അന്ധകാരത്തെ ഹൃദയത്തിലെ വെളിച്ചം കൊണ്ട് മറികടക്കാന്‍ കഴിയുമ്പോഴാണ് പ്രകാശം പരത്തുന്നവരായി നാം മാറുന്നത്. അവര്‍ കൊളുത്തുന്ന പ്രതീക്ഷയുടെ കൊച്ചുതിരിനാളങ്ങള്‍ അനേകര്‍ക്ക് ജീവിക്കാനുള്ള പ്രകാശമായി മാറുകയും ചെയ്യും.