പ്രഥമ പാസ്റ്ററൽ കോ-ഓർഡിനേറ്ററായി ഫാ.ടോണി പഴയകുളം നിയമിതനായി

0
281

പ്രസ്റ്റൺ:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പ്രഥമ പാസ്റ്ററൽ കോ-ഓർഡിനേറ്ററായി ഫാ.ടോണി പഴയകുളം സി.എസ്.റ്റിയെ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകൾ ഏകോപിപ്പിക്കുന്ന ചുമതലയാണ് രൂപതാ കൂരിയ അംഗമായ ഫാ.ടോണിക്കുള്ളത്.

ചെറുപുഷ്പ സന്യാസ സഭാംഗമായ ഫാ.ടോണി ചങ്ങാനാശേരി അതിരൂപതയിലെ കൈനടി ഇടവകാംഗമാണ്. 2001 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബാംഗ്ലൂർ ധർമ്മാരാം വിധ്യക്ഷേത്രത്തിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും റോമിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷിയേറ്റും ഡബ്ലിൻ സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രീഡോക്ടറൽ പഠനവും പൂർത്തിയാക്കി.

ആലുവ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് റിലീജിയനിൽ ഡീൻ ഓഫ് സ്റ്റഡീസായിരുന്ന അദ്ദേഹം ഡബ്ലിൻ സെന്റ് ക്രോസ് ഇടവകയിൽ അഞ്ചുവർഷം അജപാലന ശുശ്രൂഷയും നിർവ്വഹിച്ചിട്ടുണ്ട്. അറിയപ്പെടുന്ന വചന പ്രഘോഷകനായ ഫാ.ടോണി മികച്ച സംഘാടകനുമാണ്.