‘പ്രഥമ’ വിശുദ്ധയുടെ തിരുനാൾ; ആഘോഷിക്കാൻ ‘ടീം യൂത്ത് ‘

335

 

കൊപ്പേൽ: ചിക്കാഗോ സീറോ മലബാർ രൂപത യുവജന വർഷാചരണത്തിലൂടെ കടന്നുപോകുമ്പോൾ ഇടവക തിരുനാൾ ആഘോഷം സംതിംഗ് സ്‌പെഷലാക്കുകയാണ് ഡാളസിലെ ടീം യൂത്ത്. കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയിലെ 36 യുവജങ്ങൾ പ്രസുദേന്തിമാരാകുന്നു എന്നതുതന്നെ ഈ വർഷത്തെ തിരുനാളിന്റെ സവിശേഷത.

പ്രധാന തിരുനാൾ ദിനങ്ങളായ ജൂലൈ 29 വൈകിട്ട് 5.00ന് ആഘോഷമായ റാസ നടക്കും. ജൂലൈ 30 വൈകിട്ട് 4.30ന് അർപ്പിക്കുന്ന തിരുനാൾ ദിവ്യബലിക്ക് ചിക്കാഗോ സീറോ മലബാർ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികനാകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.

ജൂലൈ 21ന് ഇടവക വികാരി ഫാ. ജോൺസ്റ്റി തച്ചാറ കൊടിയേറ്റിയതോടെയാണ് തിരുനാളിന് തുടക്കമായത്. ആരംഭദിനത്തിലെ തിരുക്കർമങ്ങൾക്ക് ഭദ്രാവതി രൂപത ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യ കാർമികനായിരുന്നു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 7.00വരെ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. അതൊടൊപ്പം വൈകിട്ട് ദിവ്യബലിയും നൊവേനയും ലദീഞ്ഞും ക്രമീകരിച്ചിട്ടുണ്ട്.

ജൂലൈ 28 വൈകിട്ട് 8.00നും ജൂലൈ 29 വൈകിട്ട് 8.00നും ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്ന് അരങ്ങേറും. വികാരി ഫാ. ജോൺസ്റ്റി തച്ചാറ, കൈക്കാരന്മാരായ ഡെന്നി ജോസഫ്, ഫ്രാങ്കോ ഡേവിസ്, ലിയോ ജോസഫ്, പോൾ ആലപ്പാട്ട്, സെക്രട്ടറി ജെജു ജോസഫ് എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം വഹിക്കും.