പ്രളയം: ശുചീകരണത്തിന് ബിഷപ്പുമാരും വൈദികരും

0
581
പ്രളയം: ശുചീകരണത്തിന് ബിഷപ്പുമാരും വൈദികരും

ചങ്ങനാശേരി: പ്രളയത്തിന് ശേഷം നടന്ന ശുചീകരണത്തിന് വൈദികശ്രേഷ്ഠരും വൈദികരും എത്തിയത് സഭക്ക് ആദരവേറ്റി.കുട്ടനാടിനെ ശുചീകരിക്കാന്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലാ രൂപതാ വികാരി ജനറാള്‍മാരായ മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍, ഫാ.സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍ ഫാ. ജോസഫ് കാക്കല്ലില്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, പാലാ സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഫാ. മാത്യു പുല്ലുകാലായില്‍, പാലാ സെന്റ് തോമസ് കോളജ് മുന്‍പ്രിന്‍സിപ്പല്‍ ഫാ. കുര്യന്‍ മറ്റം, ചേന്നങ്കേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പനക്കേഴം എന്നിവരാണ് എത്തിയത്.

വൈദികര്‍ എട്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ശുചീകരണ പരിപാടികളില്‍ നാട്ടുകാരും പങ്കാളികളായി. പള്ളിയും പള്ളിമുറികളും പാരിഷ്ഹാളും ഹൈസ്‌കൂള്‍ കെട്ടിടവും മാത്രമല്ല ഇരുപതോളം വീടുകളും ശുചീകരിച്ചാണ് സംഘം മടങ്ങിയത്.
പ്രളയക്കെടുതിയില്‍ മാലിന്യമടിഞ്ഞ കുട്ടനാടിനെ ശുചിയാക്കാന്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍നിന്നുള്ള സംഘവുമെത്തി. ‘ക്ലീന്‍ കുട്ടനാട്’പദ്ധതിയുടെ ഭാഗമായി 20 വൈദികരുടെ നേതൃത്വത്തില്‍ 250 വൈദിക വിദ്യാര്‍ത്ഥികളാണ് കുട്ടനാട്ടിലെത്തിയത്. സെമിനാരി റെക്ടര്‍ റവ.ഡോ.ജോയി ഐനിയാടന്റെ നേതൃത്വത്തില്‍ അന്‍പതുപേരുള്ള അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ശുചീകരണ പ്രവര്‍ത്തനം.

നെടുമ്പാശേരിക്കടുത്ത കുറ്റിപ്പുഴയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണവുമായി എത്തിയത് തലശേരി അതിരൂപതയിലെ വൈദിക സംഘമാണ്. അതിരൂപതയിലെ വൈദികരുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 50 അംഗ സന്നദ്ധ പ്രവര്‍ത്തകരാണ് ശുചീകരണത്തില്‍ പങ്കാളികളായത്. സേവന പ്രവര്‍ത്തനങ്ങളുടെ സമാപനത്തില്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റവും പങ്കാളിയായി.

രണ്ടു ദിവസംകൊണ്ട് മുപ്പതിലേറെ കിണറുകളും വീടുകളും വിദ്യാലയങ്ങളും സംഘം ശുചീകരിച്ചു. തലശേരി അതിരൂപതയുടെ 75 വൈദികരും നിരവധി ഇടവകകളും എഫ്‌സിസി, നസ്രത്ത് സന്യാസിനി സഭകളും വിന്‍സെന്റ് ഡി പോള്‍, മതബോധനകേന്ദ്രം, ഫാമിലി അപ്പോസ്തലേറ്റ്, കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി എന്നീ സംഘടനകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.