പ്രവാസീമക്കൾ കനേഡിയൻ മണ്ണിനോടും കൂറുകാട്ടണം: മാർ ജോർജ് ആലഞ്ചേരി

652
എഡ്മണ്ടൺ: കാനഡയിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്ന സീറോ മലബാർ പ്രവാസിജനത മാതൃദേശത്തെ സ്‌നേഹിക്കുന്നതുപോലെതന്ന കനേഡിയൻ മണ്ണിനോടും കൂറു പുലർത്തണമെന്ന് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എഡ്മണ്ടൺ സെന്റ് അൽഫോൻസാ ദൈവാലയത്തിന്റെ കൂദാശാകർമത്തോട് അനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ ജീവിതം സമ്മാനിക്കുന്ന പ്രവാസദേശത്തെ സ്വന്തം മാതൃരാജ്യത്തെ പോലെ സ്‌നേഹിക്കേണ്ടത് ഒരോരുത്തരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മാർത്തോമാ ശ്ലീഹ പകർന്നുതന്ന വിശ്വാസമാണ് നമ്മുടെ അടിസ്ഥാനം. പൂർവികർ പകർന്നുതന്ന വിശ്വാസതീക്ഷണതയും വിശ്വാസപാരമ്പര്യങ്ങളും മുറുകെപിടിച്ചും പരിപോഷിപ്പിച്ചുമാവണം നമ്മുടെ പ്രയാണം. ലോകത്തെവിടെയുമുള്ള ഓരോ സീറോ മലബാർ വിശ്വാസിയുടെയും കടമയാണത്. കാനഡയുടെ ഭാഗമായ ഇവിടത്തെ സീറോ മലബാർ സമൂഹവും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാവണം. തദ്ദേശീയ ജനതയ്ക്ക് സാക്ഷ്യമാകാനും നമുക്ക് സാധിക്കണം. ദാമ്പത്യം, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട മൂല്യങ്ങൾ പകരുന്നതിൽ നമുക്ക് വലിയ പങ്കുവഹിക്കാനാകും.
നാമും നമ്മുടെ കുടുംബവുംമാത്രം എന്നതിൽ നാം കുരുങ്ങിപ്പോകരുത്. നമ്മെപ്പോലെ നമ്മുടെ അയൽക്കാരനെയും സ്‌നേഹിക്കുക എന്നാണ് ക്രിസ്തു നമ്മെ പ~ിപ്പിച്ചത്. ആ ദർശം ഉൾക്കൊണ്ട് നമ്മുടെ ചുറ്റുപാടുമുള്ളവരെ സംരക്ഷിക്കാനും കടപ്പെട്ടവകരാണ് നാം. അതാണ് യഥാർത്ഥ ക്രൈസ്തവികത. ഇക്കാര്യത്തിൽ പ്രവാസിജനം കൂടുതൽ കരുതലുള്ളവരാകണമെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.വളരെ ചെറിയ ഇടവേളയിൽ ദൈവാലയം സ്വന്തമാക്കിയ വിശ്വാസീഗണത്തെ അഭിനന്ദിച്ച അദ്ദേഹം, ദൈവാലയ നവീകരണ പ്രവർത്തനങ്ങളുമായി സഹകരിച്ചവരെ പ്രത്യേകം അഭിനന്ദിക്കുകയുംചെയ്തു.
മിസിസാഗ എക്‌സാർക്കേറ്റ് അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, എഡ്മണ്ടൻ ആർച്ച്ബിഷപ്പ് റിച്ചാർഡ് സ്മിത്ത്, സഹായമെത്രാൻ ഗ്രിഗറി ബിറ്റമാൻ, യുക്രേനിയൻ ബിഷപ്പ് മാർ ഡേവിഡ് മോട്ടിക് തുടങ്ങിയവർ സഹകാർമികരായിരുന്നു. ദിവ്യബലിയെ തുടർന്ന്, വെസ്റ്റേൺ റീജ്യൻ പാസ്റ്ററൽ സെന്ററിന്റെ ഓഫീസ് ഉദ്ഘാടനവും മാർ ആലഞ്ചേരി നിർവഹിച്ചു.
തിരുക്കർമങ്ങൾക്കുശേഷം സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ മാർ ആലഞ്ചേരി അധ്യക്ഷനായിരുന്നു. ഫെഡറൽ മിനിസ്റ്റർ അമർജിത് സോഹി, പ്രൊവിൻഷ്യൽ മിനിസ്റ്റർ ക്രിസ്റ്റിന ഗ്രെ, സിറ്റി കൗൺസിലർ ആൻഡ്ര്യൂ നോക്ക് എന്നിവർക്കൊപ്പം നൈറ്റ് ഓഫ് കൊളംബസ്, എഡ്മണ്ടൻ എക്കുമെനിക്കൾ കൗൺസിൽ എന്നിവയുടെ പതിനിധികളും ആശംസയർപ്പിച്ചു. എഡ്മണ്ടണിലെ സീറോ മലബാർ വിശ്വാസികളോടൊപ്പം ആദ്യകാലം മുതൽ പ്രവർത്തിച്ചിരുന്ന ഫാ. ജെയിംസ് ചിറ്റേത്തും ആശംസകൾ അർപ്പിച്ചു.
ഇടവക ഡയറക്ടറി, വികാരി റവ. ഡോ. ജോൺ കുടിയിരിപ്പിൽ രചിച്ച 13-ാമത്തെ പുസ്തകം ‘ഡെയ്‌ലി സ്ട്രെംഗ്ത്’ എന്നിവയുടെ പ്രകാശനവും മാർ ആലഞ്ചേരി നിർവഹിച്ചു. ഡയറക്ടറി ക്രിസ്റ്റീന ഗ്രേയും പുസ്തകം ബിഷപ്പ് ഡേവിഡും ഏറ്റുവാങ്ങി. റവ. ഡോ. ജോൺ കുടിയിരിപ്പിൽ, ഇടവക കമ്മിറ്റി സെക്രട്ടറി തോമസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
വർക്കി കളപ്പുരയിൽ