പ്രവൃത്തികൾ ദൈവമഹത്വത്തിന് ഉതകണം: മാർ നിക്കളാവോസ്

264
ന്യൂയോർക്ക്: നമ്മുടെ പ്രവൃത്തികൾ ദൈവനാമ മഹത്വത്തിന് ഉതകുന്നതാകണമെന്നും ദൈവീകതയിലേക്ക് പരിണമിക്കുക എന്ന മനുഷ്യന്റെ ആത്യന്തികദൗത്യത്തിൽ ജാഗ്രത പാലിക്കണമെന്നും  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ആഹ്വാനംചെയ്തു. ഭദ്രാസനത്തിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സിയിലെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ സംഘടിപ്പിച്ച പേരന്റ്‌സ് ആൻഡ് കപ്പിൾസ് കോൺഫറൻസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനുമാത്രം സ്വന്തമായ വിവേചന ശക്തി ഉപയോഗിച്ച് മൃഗീയതയിൽനിന്ന് മാനുഷികതയിലേക്കും, മാനുഷികതയിൽനിന്ന് ദൈവീകതയിലേക്കും പരിണമിക്കുകയാണ് ആത്യന്തികമായി മനുഷ്യന്റ ദൗത്യം. ആ പരിണാമ പ്രക്രിയയിൽ നാം എവിടെയെത്തിയെന്ന് വിലയിരുത്താൻ ഇതുപോലുള്ള കൂടിവരവുകൾ സഹായകമാണ്. ‘ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും ദൈവനാമ മഹത്വത്തിനായി ചെയ്യുവിൻ’ എന്ന തിരുവചനഭാഗമാണ് ഇത്തവണത്തെ ചിന്താവിഷയം. ജീവിതചര്യയും പ്രവർത്തനങ്ങളും ഇവെന്റ് മാനേജ്‌മെന്റ്ായി മാറുന്ന ഇക്കാലത്ത് ഇത് വളരെ പ്രസക്തമാണെന്നും മാർ നിക്കളാവോസ് പറഞ്ഞു.
സംസ്‌കാര സമ്പന്നരെന്ന് അഭിമാനിക്കുന്നവരുടെപോലും സംസാരത്തിലും പെരുമാറ്റത്തിലും ചില അവസരങ്ങളിൽ അടിസ്ഥാന പരമായ മൃഗീയ സ്വഭാവം പ്രത്യക്ഷപ്പെടാറുണ്ട്. വിവേചനശക്തി ഉപയോഗിച്ച് സംയമനം കൈക്കൊണ്ട് മാനുഷിക സ്വഭാവം വീണ്ടെടുക്കുകയും നമ്മുടെ വാക്കും പ്രവൃത്തിയും ദൈവതിരുനാമ മഹത്വത്തിനാണെന്ന് തിരിച്ചറിയുകയും വേണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ യോഹന്നാൻ മാർ തേവോദോറസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശാന്തിയും സ്‌നേഹവും ഐശ്വര്യവും നിലനിൽക്കുന്നതിനും അനുവർത്തിക്കേണ്ട നടപടിക്രമങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ശാരീരിക ഐക്യവും മാനസിക ഐക്യവും കൊണ്ടു മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയില്ല. അവിടെയാണ് ആത്മീയതലത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. ചേർച്ചയുണ്ടാകേണ്ടത് ബാഹ്യതയിലല്ല, ആന്തരികതയിലാണ്. ഹൃദയങ്ങളും ഹൃദയങ്ങളും തമ്മിലുള്ള ഐക്യം ശക്തമാകണമെങ്കിൽ അകത്തെ മനുഷ്യനെ ബലപ്പെടുത്തണം.
അകത്തെ മനുഷ്യനെന്നു പറയുന്നത് ദൈവത്തിന്റ് ആത്മാവാണ്.
എന്നാൽ, നമ്മുടെ ശ്രമങ്ങളെല്ലാം മണ്ണായി മാറേണ്ട ബാഹ്യശരീരത്തെ ബലപ്പെടുത്താനാണ്. ബാഹ്യമനുഷ്യനെ ബലപ്പെടുത്തുന്നതിന്റെ ഒരു ചെറിയ അംശമെങ്കിലും ആത്മാവിനെ പുഷ്ടിപ്പെടുത്താൻ മാറ്റിവെക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. ഒരുമിച്ചു പ്രാർത്ഥിച്ച് ഒന്നായി ജീവിക്കണമെന്ന് നാം പറയാറുണ്ട്.
ന്നാൽ ആന്തരിക മനുഷ്യനെ പുഷ്ടിപ്പെടുത്തുന്നതിലൂടെ മാത്രമേ അത് സാധിക്കൂ.
ദൈവം ഹൃദയത്തിൽ വസിക്കുന്ന ജീവനുള്ള ആലയങ്ങളാകുന്ന നാം കല്ലും മരവും ഉപയോഗിച്ചു നിർമിച്ച ആരാധനാലയങ്ങളിലെത്തി യാന്ത്രികമായി ആരാധിച്ച് സ്വയം നീതികരിച്ചു കടന്നു പോകുന്ന അവസ്ഥയാണുള്ളത്. നമ്മുടെ ശരീരം ദൈവാലയമാണ്. അതിലെ അൾത്താരയാണ് ഹൃദയം. ആ ഹൃദയത്തിൽ ക്രിസ്തുവിനെ പ്രതിഷ്ടിച്ച് സ്തുതിച്ചും സ്‌തോത്രം ചെയ്തും ആരാധിക്കാൻ ശ്രമിക്കണം. അപ്പോൾ നമുക്കു രൂപാന്തരമുണ്ടാകുകയും നമ്മുടെ കുടുംബജീവിതം ധന്യമായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിംഗ്ടൺ സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം മുഖ്യ പ്രഭാഷണം നടത്തി.