പ്രസ്റ്റൺ കത്തീഡ്രലിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും

336

പ്ലസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായതിനുശേഷം ആദ്യമായി വരുന്ന വിശുദ്ധവാരത്തിലെ തിരുക്കർമങ്ങൾക്ക് രൂപതയുടെ കത്തീഡ്രലായ പ്രസ്റ്റൺ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും.

ഓശാന ഞായറാഴ്ച രാവിലെ 9.30-ന് ആഘോഷമായ വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും ഈശോയുടെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് കുരുത്തോലകളുമേന്തി പ്രദക്ഷിണവും നടക്കും. അന്ന് ഉച്ചകഴിഞ്ഞ് 2.30-ന് കവൻട്രിയിൽ നടക്കുന്ന ഓശാനഞായർ തിരുക്കർമങ്ങൾക്കും മാർ സ്രാമ്പിക്കൽ നേതൃത്വം നൽകും. ‘വലിയ ബുധൻ’ എന്നറിയപ്പെടുന്ന പെസഹാവ്യാഴത്തിന്റെ തലേന്ന് വൈകിട്ട് 5.30-ന് പ്രസ്റ്റൺ കത്തീഡ്രലിൽ വിശുദ്ധ കുർബാനയും വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവുമുണ്ടായിരിക്കും.

പെസഹാവ്യാഴത്തിന്റെ ശുശ്രൂഷകൾ വൈകിട്ട് ആറുമണിക്ക് ആരംഭിക്കും. കാലുകഴുകൽ ശുശ്രൂഷയും അപ്പംമുറിക്കൽ ശുശ്രൂഷയും തുടർന്നു നടക്കും. ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ രാവിലെ പത്തുമണിക്കും ദുഃഖശനിയുടെ ശുശ്രൂഷകൾ രാവിലെ 9.30-നുമാണ് ആരംഭിക്കുന്നത്. ഉയിർപ്പുതിരുനാളിന്റെ വിജിൽമാസ് വൈകിട്ട് ഏഴുമണിക്കും ഉയിർപ്പുഞായറാഴ്ച രാവിലെ ഒമ്പതുമണിക്കും ഉയിർപ്പിന്റെ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും ആഘോഷമായ വിശുദ്ധ ബലിയർപ്പണവും നടക്കും.

കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങളിൽ രൂപതാധ്യക്ഷനോടൊപ്പം വികാരി ജനറാൾ ഫാ. മാത്യു ചൂരപ്പൊയ്കയിൽ, സെക്രട്ടറി ഫാ. ഫാൻസ്വാ പത്തിൽ, സീറോ മലബാർ സഭാ ഫിനാൻസ് ഓഫീസർ (മൗണ്ട് സെന്റ് തോമസ്, കാക്കനാട്) ഫാ. മാത്യു പുളിമൂട്ടിൽ എന്നിവർ സഹകാർമികരാകും.

കത്തീഡ്രലിൽ ദൈവാലയത്തിനുപുറമെ രൂപതയുടെ എട്ട് റീജിയണുകളിലുമുള്ള എല്ലാ വിശുദ്ധ കുർബാനകേന്ദ്രങ്ങളിലും വിശുദ്ധവാര കർമങ്ങൾക്ക് വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. മിക്കയിടങ്ങളിലും നോമ്പുകാല ഒരുക്കധ്യാനങ്ങളും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആർ.ഒ