പ്രസ്റ്റൺ… നീയെത്ര ഭാഗ്യവതി!

3452

ശാലോം ചീഫ് എഡിറ്റർ ബെന്നി പുന്നത്തറ എഴുതിയ എഡിറ്റോറിയൽ

കേരളത്തിലെ റോഡുകളിലൂടെ ഓടുന്ന ‘ലയ്‌ലാന്റ്’ ബസുകളും ലോറികളുമാണ് പ്രസ്റ്റൺ എന്ന പേര് എനിക്ക് ആദ്യമായി പരിചയപ്പെടുത്തിയത്. 1903-ൽ പ്രസ്റ്റൺ നഗരത്തിൽ ആരംഭിച്ച ലയ്‌ലാന്റ് മോട്ടോർ കമ്പനികളുടെ വാഹനങ്ങളാണ് മലയാളനാട്ടിലെ റോഡ് ഗതാഗതത്തിന് ആധുനികത പകർന്നത്. പിൽക്കാലത്ത് പ്രസ്റ്റൺ നഗരത്തിലെത്തിയപ്പോഴാണ് പ്രസ്റ്റൺ വെറുമൊരു പട്ടണമല്ലെന്നും അത് ‘പ്രീസ്റ്റ് ടൗൺ’ ആയിരുന്നെന്നും മനസ്സിലായത്. 11-ാം നൂറ്റാണ്ടിൽ അവിടെയെത്തിയ ഫ്രാൻസിസ്‌ക്കൻ സന്യാസിമാരുടെ ആവാസകേന്ദ്രം എന്ന നിലയിൽ പഴയ ഇംഗ്ലീഷിലെ ‘പ്രീസ്റ്റ് ടൂൺ’ ലോപിച്ചാണ് പ്രസ്റ്റൺ എന്ന പേരുണ്ടായത്.

ഹെൻറി എട്ടാമൻ ചക്രവർത്തി ആശ്രമങ്ങളെല്ലാം അടച്ചുപൂട്ടി സന്യാസിമാരെ വധിക്കുകയും നാടുകടത്തുകയും ചെയ്തപ്പോഴും പ്രസ്റ്റൺ നഗരവാസികൾ സത്യവിശ്വാസത്തിൽ ഉറച്ചുനിന്നു. കത്തോലിക്കാ വൈദികരെ രാജ്യ ദ്രോഹികളായി വിധിച്ച് വധിച്ചിരുന്ന ആ കാലഘട്ടത്തിലും തൊഴിലാളികളുടെ വേഷത്തിൽ നിരവധി വൈദികർ വിശ്വാസികളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റാൻ അവിടെ ജീവിച്ചു. തൊഴിലാളികളുടെ വേഷത്തിൽ പകൽ കൂലിപ്പണിയെടുക്കും. രാത്രികളിൽ ഭവനങ്ങളിലും കാടുകളിലും രഹസ്യമായി ദിവ്യബലി അർപ്പിക്കും. അങ്ങനെ ജീവൻ പണയംവെച്ച് ജീവിച്ചിരുന്ന അനേകം വൈദികരുടെ സങ്കേതം എന്ന നിലയിലും ‘പ്രീസ്റ്റ് ടൗൺ’ ആയി പ്രസ്റ്റൺ പ്രശോഭിച്ചു. ഇന്നിതാ സീറോ മലബാർ സഭയുടെ ‘ഗ്രേറ്റർ ബ്രിട്ടൺ’ രൂപതാ ആസ്ഥാനമെന്ന നിലയിലും പ്രസ്റ്റൺ വീണ്ടും അനുഗൃഹീതമാകുന്നു.

ഒരിക്കൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിയുടെ ഭാഗമായിരുന്നു നമ്മുടെ കേരളം. ഇന്ന് തോമാശ്ലീഹായുടെ മക്കൾ കേരളത്തിൽനിന്നും ബ്രിട്ടീഷ് മണ്ണിലെത്തി അവിടെ തങ്ങളുടെ കൂടാരങ്ങൾ ഉറപ്പിച്ചിരിക്കുന്നു. സീറോ മലബാർ സഭയുടെ ഗ്രേറ്റർ ബ്രിട്ടൺ രൂപതാ സ്ഥാപനത്തിലൂടെ ബ്രിട്ടീഷ് ജനതയ്ക്കിടയിൽ തോമാശ്ലീഹായുടെ മക്കൾ തങ്ങളുടെ സ്ഥാനം ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുകയാണ്. 50 വർഷം മുമ്പ് സ്വപ്‌നം കാണാൻപോലും കഴിയാതിരുന്ന കാര്യം കാലത്തിന്റെ തികവിൽ യാഥാർത്ഥ്യമായിരിക്കുന്നു. ദൈവപരിപാലനയുടെ വഴികളെ നന്ദിയോടെ ഓർമിക്കാം.

എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു രൂപത? നിരവധി കത്തോലിക്കാ ദൈവാലയങ്ങൾ ആളില്ലാതെ ശൂന്യമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ വീണ്ടും പുതിയ ദൈവാലയങ്ങൾ പടുത്തുയർത്താൻ എന്തിനു കഷ്ടപ്പെടണം? നാം ചെല്ലുന്ന ഇടങ്ങളിലെ നിലവിലുള്ള സഭാ സമൂഹങ്ങളെ ശക്തിപ്പെടുത്തുകയല്ലേ കൂടുതൽ നല്ലത്? ഇത്തരം ചോദ്യങ്ങൾക്കുള്ള ഏറ്റവും നല്ല ഉത്തരം ഇതാണ്. ലോകം മുഴുവൻ മലയാളികളെ വ്യാപിപ്പിച്ച ദൈവത്തിന്റെ പദ്ധതിയുടെ ഭാഗംതന്നെയാണ് മലയാളികൾക്കായുള്ള സഭാസംവിധാനങ്ങളുടെ രൂപീകരണവും. നമ്മുടെ ബുദ്ധിയെക്കാൾ വലുതാണ് ദൈവത്തിന്റെ ഭോഷത്തരമെന്ന അപ്പസ്‌തോലന്റെ വാക്കുകളും ഇവിടെ സ്മരണീയമാണ്. ദൈവികപദ്ധതികളോട് ചേർന്ന് നിൽക്കുമ്പോൾമാത്രമാണ് വ്യക്തികൾക്കും സമൂഹങ്ങൾക്കും ദൈവകൃപയുടെ സമൃദ്ധി സ്വീകരിക്കാനാകുക. യൂറോപ്പിലെ സഭ തളർച്ചയിൽനിന്ന് പുനരുദ്ധരിക്കപ്പെടേണ്ടത് കുടിയേറ്റക്കാരുടെ ദിവ്യബലിയിലെ പങ്കാളിത്തം വഴിയല്ല. പ്രത്യുത, യൂറോപ്യൻ ജനതയോട് പുതുതായി സുവിശേഷം പ്രഘോഷിക്കപ്പെടുന്നതിലൂടെ മാത്രമാണ്.

ഭവനം വിട്ടുപോയ മക്കളെ അന്വേഷിച്ച് കണ്ടെത്തുകയും അവർ വിട്ടുപോയതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിനു പകരം കുടിയേറ്റ ജനതയിലൂടെ ദൈവാലയങ്ങളുടെ ശൂന്യത നികത്താൻ ശ്രമിക്കുന്നത് കൂടുതൽ തകർച്ചക്കുമാത്രമേ കാരണമാകൂ. ഇടയൻമാരില്ലെങ്കിൽ ആടുകൾ ചിതറിപ്പോകും, കാടുകയറിപ്പോകും. ഒറ്റയ്ക്ക് പോകുന്ന ആടുകളെയാണ് ഹിംസ്രജന്തുക്കൾ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത്. വിദേശങ്ങളിലെ പ്രത്യേക സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോയവരെയും ഒറ്റയ്ക്ക് പോകാൻ ഇഷ്ടപ്പെടുന്നവരെയും സുരക്ഷിതത്വം നൽകുന്ന ആട്ടിൻതൊഴുത്താകുന്ന സഭയിൽ സംരക്ഷിക്കാൻ സഭാ സംവിധാനങ്ങൾ അത്യാവശ്യമാണ്.

നല്ല ഇടയന്മാരും നമുക്കുണ്ടാകണം. കുമ്പസാരിക്കാൻപോലും മുൻകൂട്ടി ‘അപ്പോയിന്റ്‌മെന്റ്’ എടുക്കേണ്ട യൂറോപ്പിലെ സഭാസംവിധാനത്തിൽ അത് അസാധ്യമാണ്. അതിനാൽ പ്രത്യേകമായ സഭാസംവിധാനരൂപീകരണത്തിലൂടെ ദൈവം സീറോ മലബാർ മക്കളോടുള്ള തന്റെ കരുതലും സ്‌നേഹവുംതന്നെയാണ് പ്രകടമാക്കുന്നത്. എന്നാൽ എന്തിനുവേണ്ടിയാണ് ഇത്തരത്തിൽ ഒരു സഭാസമൂഹത്തെ ദൈവം ഉയർത്തിനിർത്തുന്നതെന്ന വസ്തുതയും നാം ഗ്രഹിക്കേണ്ടതുണ്ട്.

വിളക്ക് കൊളുത്തി പീഠത്തിൻമേൽവയ്ക്കുന്നത് പീഠത്തിനു വേണ്ടിയല്ല, മറിച്ച് ചുറ്റുമുള്ളവർക്ക് വെളിച്ചം കാണാനാണ്. നമ്മുടെ സമൂഹത്തെക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ വിളക്കുകൊളുത്തി പറയുടെ കീഴിൽ വയ്ക്കുന്നതിന് തുല്യമാകും. യൂറോപ്യൻ ജനതയ്ക്ക് ക്രിസ്തുവിന്റെ വെളിച്ചം കാണാൻ തക്കവിധം വിശ്വാസദീപം ഉയർത്തിപ്പിടിക്കാനുള്ള പീഠമാണ് പുതിയ രൂപത. വിശ്വാസത്തകർച്ചയുടെ അന്ധകാരത്തിലൂടെ കടന്നുപോകുന്ന യൂറോപ്യൻ ജനതയ്ക്ക് സകലരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം കാണാൻ പുതിയ രൂപതയുടെ വളർച്ച കാരണമാകട്ടെ. ഗ്രേറ്റർ ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കും ഇടയനായി അഭിഷേകം ചെയ്യപ്പെടുന്ന അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനും ശാലോമിന്റെ പ്രാർത്ഥനയും ആശംസകളും നേരുന്നു.

benny_sign