പ്രാർത്ഥനയ്ക്ക് ഉത്തരം നൽകാൻ കാത്തിരിക്കുന്ന പിതാവാണ് ദൈവം: ഫ്രാൻസിസ് പാപ്പ

0
442

വത്തിക്കാൻ സിറ്റി:പിതാവായ ദൈവം തന്റെ മക്കളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുവാൻ കാത്തിരിക്കുകയാണ് എന്ന് ഫ്രാൻസിസ് പാപ്പ. ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നുവെന്നതും നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്നതും നമ്മുക്ക് അശ്വാസം നൽകുന്നതാണെന്നും പാപ്പ ബുധനാഴ്ചത്തെ ജനറൽ ഓർഡിയൻസിൽ പറഞ്ഞു.

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ദൈവം നമ്മുടെ വലിയ സംരക്ഷകനാണ്. നമ്മുടെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനായി സഭയ്ക്കും നാമോരോരുത്തർക്കും ദൈവത്തിന്റെ പ്രത്യേക സംരക്ഷണം എപ്പോഴുമുണ്ട്. തന്നെ ഒറ്റിക്കൊടുത്തവർക്കും തന്നെ ക്രൂശിലേറ്റിയവർക്കും വേണ്ടിയാണ് ദൈവം പ്രാർത്ഥിച്ചതൊക്കെയും. ഈ മനോഭാവം നമുക്കോരോരുത്തർക്കും അനുകരണീയമായിരിക്കണം. നമ്മൂടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയുന്ന തമ്പുരാനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു സധൈര്യം പറയാൻ നമുക്ക് സാധിക്കണം.

മകൻ അപ്പം ചോദിച്ചാൽ പകരം പാമ്പിനെ നൽകാൻ ലോകത്തൊരു പിതാവിനും കഴിയില്ലെന്ന ഉപമ പറഞ്ഞുകൊണ്ടാണ് നമ്മുടെ ആവശ്യങ്ങൾ അറിയുന്ന തമ്പുരാനെ അവിടുന്ന് വിശദീകരിച്ചത്. പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരും നമ്മുടെ പിതാവ് പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുമെന്ന അചഞ്ചലവിശ്വാസവും നമുക്കുണ്ടായിരിക്കണമെന്നും പാപ്പ പറഞ്ഞു. നല്ലവനായ പിതാവെന്ന നിലയിൽ ദൈവം അവിടുത്തെ രക്ഷാകര പദ്ധതിക്കനുസൃതം തക്കസമയത്ത് എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം നൽകും. അങ്ങനെ പ്രാർത്ഥനയിലൂടെ ഓരോരുത്തരുടെയും ജീവിത്തതിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങട്ടെയെന്നും പാപ്പ ആശംസിച്ചു.