പൗരോഹിത്യ രജതജൂബീലി; കാരുണ്യത്തിന്റെയും

536

ബംഗളൂരു: പൗരോഹിത്യ രജതജൂബിലി കാരുണ്യത്തിന്റെ ആഘോഷമാക്കി മാറ്റുകയാണ് ഫാ. ജോർജ് കണ്ണന്താനം. വീടില്ലാത്ത രണ്ടു പേർക്ക് വീട് നൽകികൊണ്ടാണ് ഫാ. കണ്ണന്താനം പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിച്ചത്. കാരുണ്യം നിറഞ്ഞ പ്രവൃത്തികളാണ് ക്രിസ്തുവിന് സ്വീകാര്യമാകുന്നത്, അതിനാലാണ് പൗരോഹിത്യമെന്ന ദാനം നൽകി കർത്താവ് ഉള്ളംകൈയിലെന്നപോലെ നയിച്ച 25 വർഷങ്ങൾക്ക് നന്ദി അർപ്പിക്കാൻ ഇത്തരമൊരു മാർഗം സ്വീകരിച്ചതെന്ന് ഈ  ക്ലാരിഷ്യൻ വൈദികൻ പറയുന്നു. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിഞ്ഞിരുന്ന രണ്ട് പേർക്ക് സ്വന്തമായി വീട് ഉണ്ടായിരിക്കുന്നു എന്നത് ആ കാരുണ്യപ്രവൃത്തിയുടെ മഹത്വം ഒന്നുകൂടി വർധിപ്പിക്കുകയാണ്. വീൽച്ചെയറിൽമാത്രം സഞ്ചരിക്കാൻ കഴിയുന്ന ഒരു ഭിന്നശേഷിക്കാരനും, നിരാലംബയായ വിധവയ്ക്കുമാണ് അങ്ങനെ വീടുണ്ടായത്. ഭർത്താവ് നഷ്ടപ്പെട്ട ആ സ്ത്രീയ്ക്ക് മാനസിക വെല്ലുവിളി നേരിടുന്ന മകളുമുണ്ട്.

ബംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്ത് നിർമിച്ച രണ്ടു വീടുകളുടെയും താക്കോൽ കൈമാറികൊണ്ട് ഫാ. കണ്ണന്താനം പൗരോഹിത്യ രജതജൂബി ആഘോഷം പൂർത്തിയാക്കി. 500 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള രണ്ടു വീടുകളാണ് നിർമിച്ചിരിക്കുന്നത്. ഓരോന്നിനും നാല് ലക്ഷം രൂപ വീതമാണ് ചെലവു വന്നിരിക്കുന്നത്. രണ്ട് സന്നദ്ധസംഘടനകളാണ് വീടു നിർമാണത്തിനായുള്ള പണം നൽകിയത്.

ഫാ. ജോർജ് കണ്ണന്താനം പൗരോഹിത്യം സ്വീകരിച്ചത് ഓർമിപ്പിക്കുന്ന രണ്ടു വീടുകൾ അദ്ദേഹത്തിന്റെ സ്വദേശമായ കോട്ടയത്തിനടുത്ത് മണിമലയിൽ ഇപ്പോഴുമുണ്ട്. 1992 ഏപ്രിൽ 25-നായിരുന്നു ഫാ. കണ്ണന്താനത്തിന്റെ പൗരോഹിത്യ സ്വീകരണം. കുടുംബാംഗങ്ങൾ എല്ലാവരുംകൂടിച്ചേർന്ന് അത് വലിയ ആഘോഷമാക്കി മാറ്റാൻ തീരുമാനിച്ചു. 1000-ലധികം ആളുകളെ വിളിക്കാനായിരുന്നു പദ്ധതി. ഇതറിഞ്ഞ് ഫാ. ജോർജ് കണ്ണന്താനം തന്റെ പിതാവിനോട് അപേക്ഷ നടത്തി. ആഘോഷങ്ങളുടെ മാറ്റുകുറച്ച് ആ പണം കൊണ്ട് രണ്ടു വീട് നിർമിക്കാൻ സഹായിക്കാം. വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്ന പിതാവിന് ആ നിർദ്ദേശം ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നു. പൗരോഹിത്യ സ്വീകരണത്തിന് എത്തിയവർക്ക് ചായയും ഒരു കടിയും നൽകി മിച്ചംപിടിച്ച പണം ഉപയോഗിച്ച് അങ്ങനെ രണ്ടു വീടുകൾ ഉയർന്നു. വീടില്ലാത്തത് താമസിക്കാൻ ഒരിടം ഇല്ലെന്നതിനേക്കാൾ മനുഷ്യൻ എന്ന നിലയിലുള്ള പരിഗണന നഷ്ടപ്പെടുന്ന സാഹചര്യമാണ് സംജാതമാക്കുന്നതെന്ന് വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഫാ. കണ്ണന്താനം പറയുന്നു. പാവപ്പെട്ട ഒരാൾക്ക് വീട് നൽകുമ്പോൾ അവരുടെ മഹത്വമാണ് ഉയർത്തുന്നത്; ഫാ. കണ്ണന്താനം കൂട്ടിച്ചേർത്തു.

അന്ധരായവരെ നേത്രദാനത്തിലൂടെ കാഴ്ചയുടെ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രൊജക്ട് വിഷൻ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകനും ഡയറക്ടറുമാണ് ഫാ. ജോർജ് കണ്ണന്താനം. ബംഗളൂരു കേന്ദ്രമാക്കിയാണ് ഫാ. കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ. ഫാ. കണ്ണന്താനത്തിന്റെ പൗരോഹിത്യ ജൂബിലിയുടെ സ്മാരകമായി അദ്ദേഹം ജനിച്ചു വളർന്ന ഗ്രാമത്തിൽ പാവപ്പെട്ട ഒരാൾക്ക് വീട് നിർമിച്ചു നൽകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹത്തിന്റെ സഹോദരങ്ങൾ.