ഫാത്തിമ: നുണക്കഥകളുടെയും കുപ്രചരണങ്ങളുടെയും ലക്ഷ്യം!

800

ഫാത്തിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച നുണക്കഥകളും കുപ്രചരണങ്ങളും യഥാർത്ഥ സന്ദേശത്തിന്റെ ശോഭ കെടുത്താനുള്ള തിന്മയുടെ തന്ത്രങ്ങളായിരുന്നു. ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് പലവിധമായ വാർത്തകൾ ഈ നാളുകളിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. തന്റെ സന്ദേശങ്ങൡലൂടെ പരിശുദ്ധ അമ്മ ലക്ഷ്യം വയ്ക്കുന്ന, ആഗ്രഹിച്ച ചില കാര്യങ്ങൾ പലപ്പോഴും അപ്രസക്തമായ വാഗ്വാദങ്ങളിൽപെട്ട് പ്രധാന്യമില്ലാത്തതായി പാർശ്വവൽക്കരിക്കപ്പെടുന്നു. ലോകാവസാനവും, ഭീകരതയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുകവഴി മാധ്യമങ്ങളിലൂടെ പിശാച് ആഗ്രഹിക്കുന്നത് യഥാർത്ഥ സന്ദേശം ആളുകളിലെത്താതിരിക്കുക എന്ന തന്ത്രമായിരിക്കാം. ഫാത്തിമയിൽ നൽകപ്പെട്ട മൂന്ന് രഹസ്യങ്ങളെക്കുറിച്ചുള്ള ഒരു വിചിന്തനം.

ഒന്നാമത്തെ രഹസ്യം
നരകം? ആരെങ്കിലും അവിടെ പോകുമോ?

‘ഞാൻ ജപമാല രാജ്ഞിയാണ്. വിശ്വാസികളോട് അവരുടെ തെറ്റായ വഴികൾ ഉപേക്ഷിക്കണമെന്നും പാപങ്ങൾക്ക് ക്ഷമ യാചിക്കണമെന്നും മുന്നറിയിപ്പ് തരുവാനാണ് ഞാൻ വന്നിരിക്കുന്നത്. കർത്താവിനെ അവർ ഇനിയും വേദനിപ്പിക്കരുത്. കാരണം, ഇപ്പോൾതന്നെ മനുഷ്യരുടെ പാപങ്ങൾ നിമിത്തം അവിടുന്ന് കഠിനമായി വേദനിക്കുന്നുണ്ട്. ജനങ്ങൾ ജപമാല ചൊല്ലണം. എല്ലാദിവസവും അതു ചൊല്ലുന്നത് അവർ തുടരട്ടെ.”

മറിയം തുടർന്നു, ”പാപികൾക്കുവേണ്ടി പരിത്യാഗങ്ങൾ അനുഷ്ഠിക്കുക. ഓരോ പരിത്യാഗവും ചെയ്യുമ്പോൾ ഇപ്രകാരം പറയുക. ഈശോയെ ഇത് അങ്ങയോടുള്ള സ്‌നേഹത്തെപ്രതിയാണ്. പാപികളുടെ മാനസാന്തരത്തിനുവേണ്ടിയാണ്. മറിയത്തിന്റെ വിമലഹൃദയത്തിനെതിരായി ചെയ്യപ്പെടുന്ന തിന്മകൾക്കുള്ള പരിഹാരമായിട്ടാണ്.”

1917 ജൂലൈ മാസം 13 ാം തിയതി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഫ്രാൻസിസ്, ജസീന്ത, ലൂസി എന്നിവർക്ക് വലിയൊരു ദർശനം നൽകി. ദർശനം ലഭിച്ചവരിൽ ഒരാളായ ലൂസി അതിനെക്കുറിച്ച് ഓർമ്മിക്കുന്നത് ഇങ്ങനെ; ”അഗ്നിയുടെ വലിയൊരു കടൽ പരിശുദ്ധ അമ്മ ഞങ്ങളെ കാണിച്ചു. ഭൂമിയുടെ അടിയിലെന്നപോലെയാണ് ഞങ്ങൾ അതിനെ കണ്ടത്. ഇതിൽ നിറയെ പിശാചുക്കളും, മനുഷ്യാത്മാക്കളും. മനുഷ്യരൂപികളായിരുന്നു അവർ. കത്തുന്ന കനൽപോലെയായിരുന്നു അവർ. കഠിനമായ പുക ചുറ്റും. അവരുടെ ശരീരം തുളച്ചുകയറുന്ന അഗ്നിയുടെ മുകളിലായിരുന്നു എല്ലാവരും. എണീക്കുകയും വീണ്ടും വീഴുകയും ചെയ്യുന്നവർ. യാതൊരു നിയന്ത്രണവുമില്ലാതെ അവർ അങ്ങോട്ടും ഇങ്ങോട്ടും വീഴുന്നു. അവരുടെ നിലവിളിയും വേദനിപ്പിക്കുന്ന നിരാശയും ഞങ്ങളെ ശരിക്കും ഭയപ്പെടുത്തിക്കളഞ്ഞു. കണ്ടിട്ടില്ലാത്ത, വികൃതരൂപികളായ മൃഗങ്ങൾ കണക്കുള്ള രൂപങ്ങളായിരുന്നതിനാൽ പിശാചുക്കളെ തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. കറുത്തിരുണ്ടതായിരുന്നു അവയുടെ രൂപം. ഈ ദർശനം ഒരു നിമിഷമേ നീണ്ടുള്ളൂ. മുന്നറിയിപ്പ് തന്ന മറിയത്തിനും, ഞങ്ങളെ സ്വർഗത്തിൽ കൊണ്ടുപോകാം എന്നു പറഞ്ഞതിനും ഒത്തിരി നന്ദി. അല്ലെങ്കിൽ, ഈ ദർശനം കണ്ടിട്ട് ഞങ്ങൾ ഭയവും ഉത്കണ്ഠയും കൊണ്ട് മരിച്ചുപോകുമായിരുന്നു. ഞങ്ങൾ മറിയത്തിനു നേരെ കണ്ണുകളുയർത്തിയപ്പോൾ അമ്മ പറഞ്ഞു, ”പാപികളുടെ ആത്മാക്കൾ പതിക്കുന്ന നരകം നിങ്ങൾ കണ്ടു. അവരെ രക്ഷിക്കുന്നതിനായി എന്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ വളർത്തുന്നതിന് ദൈവം ആഗ്രഹിക്കുന്നു. ഞാൻ പറയുന്നത് പ്രവർത്തിക്കുവാൻ മനുഷ്യർ തയ്യാറാകുന്നുവെങ്കിൽ അനേകം ആത്മാക്കൾ രക്ഷിക്കപ്പെടുകയും സമാധാനം സ്ഥാപിക്കപ്പെടുകയും ചെയ്യും.”

മറിയം തുടർന്നു, ”പ്രാർത്ഥിക്കുക. കഠിനമായി പ്രാർത്ഥിക്കുകയും ധാരാളം പരിത്യാഗങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക. കാരണം, അനേകം ആത്മാക്കൾ നരകത്തിൽ നിപതിക്കുന്നത് അവർക്കുവേണ്ടി പരിത്യാഗമനുഷ്ഠിക്കാനോ പ്രാർത്ഥിക്കാനോ ആരുമില്ലാത്തതിനാലാണ്.”

ഫാത്തിമ മുന്നോട്ടു വയ്ക്കുന്ന ആദ്യത്തെ ചോദ്യവും ഉത്തരവും നരകത്തെക്കുറിച്ചാണ്. നരകമില്ലെന്നും, ഉണ്ടങ്കിൽതന്നെ ആരും അവിടെ പോകില്ലെന്നും വിശ്വസിക്കുന്നവരുടെ എണ്ണം ഈ നാളുകളിൽ കൂടിവരികയാണ്. മരണത്തിന് കുറച്ചുനാൾ മുമ്പ് ലൂസി നരകത്തെക്കുറിച്ച് ഇങ്ങനെ എഴുതി; ”ഈ സത്യങ്ങൾ നിഷേധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. എന്നാൽ നിഷേധിക്കപ്പെടുന്നു എന്നു കരുതി അവ യാഥാർത്ഥ്യങ്ങളല്ലാതാവുന്നില്ല. അവരുടെ അവിശ്വാസം പാപികളെ നരകത്തിൽനിന്ന് രക്ഷിക്കുന്നില്ല. ഈ സത്യങ്ങൾ ഊട്ടിയുറപ്പിക്കുന്ന മറ്റൊരു തെളിവുകൂടി ദൈവം ഞങ്ങൾക്ക് നൽകിയിരുന്നു. ഇതിൽ അവിശ്വസിക്കുന്നവരുടെ തെറ്റിദ്ധരിപ്പിക്കുന്ന പഠനങ്ങളിൽ ഞങ്ങൾ വീണുപോകാതിരിക്കുന്നതിനായിരുന്നു അത്. ഇന്നുവരെ, ഉറപ്പുള്ള കാര്യമിതാണ്. നരകം ഒരു സത്യമാണ്. പാപികളുടെ ആത്മാക്കൾ അവിടെ പതിയ്ക്കുകയും ചെയ്യും.”

1917 ൽ ലഭിച്ച ഈ ദർശനം 1941 വരെ രഹസ്യമായി സൂക്ഷിക്കാനായിരുന്നു പരിശുദ്ധ അമ്മ നൽകിയ നിർദേശം. ജസീന്തയ്ക്ക് ഈ ദർശനം വലിയ ഭയത്തിന് കാരണമായിരുന്നു. നരകത്തിൽ പതിക്കുന്ന ആത്മാക്കളുടെ വേദനയെക്കുറിച്ച് അവൾ വലിയ വേദനയനുഭവിച്ചിരുന്നു. പലപ്പോഴും ധ്യാനനിമഗ്നയായി ഒരു പാറയിലിരുന്ന് അവൾ പറയുമായിരുന്നു, ”നരകം, നരകത്തിൽ പോകുന്ന ആത്മാക്കളെക്കുറിച്ച് ഞാനെത്ര വേദനിക്കുന്നു.” അവൾ അതികഠിനമായി പ്രാർത്ഥിക്കുകയും പരിത്യാഗം ചെയ്യുകയും നശിച്ചുപോകുന്ന ആത്മാക്കൾക്കായി കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

1992 ൽ പോർച്ചുഗല്ലിലെ കോയിംമ്പ്ര കർമ്മലീത്ത മഠത്തിൽ തന്നെ കാണാനെത്തിയ ഒരു കർദിനാളിനോട് ലൂസി ഇങ്ങനെ പറഞ്ഞു, ”നരകം ഒരു യാഥാർത്ഥ്യമാണ്. നരകത്തെക്കുറിച്ച് ജനങ്ങളോട് പറയുക. നമ്മുടെ കർത്താവ് തന്നെ നരകത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ബൈബിളിലുണ്ടല്ലോ. ദൈവം ആരെയും നരകത്തിലേക്കയയ്ക്കുന്നില്ല. ജനങ്ങൾ തനിയെ പോകുന്നതാണ്. ദൈവം മനുഷ്യകുലത്ത് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, ആ സ്വാതന്ത്ര്യത്തെ ദൈവം മാനിക്കുകയും ചെയ്യുന്നു.”

മറിയം പല കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു, ”ലോകത്തിന്റെ പാപം വളരെ വലുതാണ്. നിത്യതയിൽ എന്താണുള്ളതെന്ന് അറിഞ്ഞിരുന്നെങ്കിൽ തങ്ങൾക്കാവുന്നതെല്ലാം ചെയ്യുവാനും ജീവിതരൂപാന്തരീകരണം വരുത്തുവാനും ജനങ്ങൾ ശ്രമിക്കുമായിരുന്നു.” ‘സമ്പത്തിൽനിന്നും ആഢംബരത്തിൽനിന്നും ഓടിയകലുക.’ ‘അനേകം ആത്മാക്കൾ നരകത്തിൽ പോകാൻ കാരണം ജഡിക പാപങ്ങളാണ്, മറ്റൊന്നുമല്ല.” ”ഈ ലോകത്തിൽ നടക്കുന്ന പല വിവാഹങ്ങളും ദൈവം ആഗ്രഹിക്കുന്നതല്ല, അവ ദൈവത്തെ വേദനിപ്പിക്കുന്നുണ്ട്.”

ഫാ. ഫെഡറിക്കോ ലൊംബാർഡി വളരെ പ്രശസ്തനായ ദൈവശാസ്ത്രജ്ഞനാണ്. അദ്ദേഹം വിശ്വാസമില്ലാത്തവരുടെ രക്ഷയെക്കുറിച്ച് ഒരു പുസ്തകം എഴുതിയപ്പോൾ ദൈവത്തിന്റെ കരുണ അധികം മനുഷ്യരെ നരകത്തിൽ തള്ളില്ല എന്ന രീതിയിൽ എഴുതിയിരുന്നു. 1950 കളിലാണിത്. അദ്ദേഹം ലൂസിയുമായി ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് സംസാരിക്കുന്നുണ്ട്. ലൂസി പറഞ്ഞു, ”നവീകരണത്തിന്റെ ആവശ്യമുണ്ട്. അത് നടക്കുന്നില്ലെങ്കിൽ മനുഷ്യകുലത്തിന്റെ വലിയൊരുഭാഗം നരകത്തിലാണ് നിപതിക്കുക.” അപ്പോൾ അദ്ദേഹം ചോദിച്ചു, ”അധികമാളുകൾ നരകത്തിൽ നിപതിക്കുമെന്ന് ലൂസി വിശ്വസിക്കുന്നുണ്ടോ? ദൈവം കരുണ കാണിക്കില്ലേ?” ലൂസി പറഞ്ഞു, ”അനേകർ നരകത്തിൽ നിപതിക്കും.” ഫാദർ ലൊംബാർഡി വീണ്ടും പറഞ്ഞു, ”ലോകത്തിൽ വലിയ രീതിയിൽ തിന്മ വളരുന്നു എന്നത് ശരിതന്നെ. പക്ഷേ, രക്ഷയ്ക്കുള്ള പ്രതീക്ഷ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.” ലൂസി വീണ്ടും പറഞ്ഞു, ”ഇല്ല ഫാദർ, അനേകർ നശിക്കും.”

അവിടെനിന്നുള്ള യാത്രയിൽ ഫാദർ ലൊംബാർഡി ഇങ്ങനെ എഴുതുന്നു, ”ലൂസിയുടെ വാക്കുൾ എന്നെ വല്ലാതെ ഉലച്ചു. ആ കടുത്ത മുന്നറിയിപ്പ് തെല്ലൊന്നുമല്ല എന്റെ ഹൃദയത്തെ മാറ്റിമറിച്ചത്.”

നരകം ഒരു യാഥാർത്ഥ്യമാണ്. മനുഷ്യർക്കുവേണ്ടിയാണ് അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് ബൈബിളിൽ ഒരിടത്തും നാം കാണുന്നില്ല. അതിനാൽതന്നെ ദൈവത്തെ പഴിക്കാൻ നമുക്കാവില്ല. ‘പിശാചിനും അവന്റെ ദൂതന്മാർക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ” (മത്തായി 25:41) എന്നാണ് തിരുവചനം നരകത്തെക്കുറിച്ച് പറയുന്നത്. ദൈവത്തെ അറിയാത്തവർ നരകത്തിൽ പോകുമോ എന്നുറപ്പിക്കാനാവില്ല. എങ്കിലും ദൈവത്തെ വേണ്ടാത്തവരുടെ കാര്യം നിശ്ചയിക്കാനാവില്ല. കാരണം, ദൈവത്തെ വേണ്ടാത്തവർ – തീർത്തും വേണ്ടാത്തവർ സ്വർഗത്തിൽ എന്തെടുക്കാനാണ്? ഇവിടെയാണ് നാം രണ്ടാമത്തെ ഫാത്തിമാ രഹസ്യത്തിലേക്ക് കടക്കുന്നത്. നിരീശ്വരവാദമാണ് മുഖ്യപ്രമേയം എന്നുവേണം ആത്യന്തികമായി കരുതാൻ. റഷ്യയ്ക്കും, അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉയർത്തിയ നിരീശ്വരവാദചിന്താഗതിക്കും, ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കാനുള്ള ആഹ്വാനമായിരുന്നു രണ്ടാമത്തെ രഹസ്യ സന്ദേശം.

രണ്ടാമത്തെ രഹസ്യം
യുദ്ധവും റഷ്യയും നിരീശ്വരവാദവും!

1917 ലാണ് ഫാത്തിമയിൽ ദൈവമാതാവ് പ്രത്യക്ഷപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ ലോകമെങ്ങും വ്യാപിച്ചിരുന്ന സമയം. മറിയം പറഞ്ഞു, ”ലോകത്തെ രക്ഷിക്കുവാനായി എന്റെ വിമലഹൃദയത്തോടുള്ള ഭക്തി വളർത്തപ്പെടണം. ഞാൻ പറയുന്നത് ചെയ്താൽ അനേകം ആത്മാക്കൾ രക്ഷിക്കപ്പെടുകയും, ലോകത്തിൽ സമാധാനമുണ്ടാകുകയും ചെയ്യും. ജനങ്ങൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ പീയൂസ് പതിനൊന്നാമൻ പാപ്പയുടെ കാലത്ത് അടുത്ത യുദ്ധമുണ്ടാകും.” ഇതിന്റെ അവസാനഭാഗം ഇങ്ങനെയായിരുന്നു, ”പരിശുദ്ധ പിതാവ് റഷ്യയെ എന്റെ വിമലഹൃദയത്തിന് സമർപ്പിക്കും. ലോകത്തിൽ സമാധാനമുണ്ടാകും.”

ഈ മുന്നറിയിപ്പിന് ലോകം വലിയ വില കൊടുത്തില്ല എന്നുവേണം കരുതാൻ. പീയൂസ് പതിനൊന്നാമൻ പാപ്പയുടെ കാലത്താണ് രണ്ടാം ലോകമഹായുദ്ധം ഉണ്ടാകുന്നത്. ജനങ്ങൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ വീണ്ടും യുദ്ധമുണ്ടാകുമെന്ന് മറിയം പറഞ്ഞത് ശരിവയ്ക്കുകയായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിലൂടെ.

ഒന്നാം ലോകമഹായുദ്ധത്തിൽ രണ്ടരലക്ഷത്തോളം പോർച്ചുഗീസുകാർ ദാരുണമായി കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. മറ്റ് രാജ്യങ്ങളിലെ കൂട്ടിയാൽ അതിനെക്കാൾ അനേക മടങ്ങ്. 1911 നും 1916 നും ഇടയ്ക്ക് 2000 ലധികം വൈദികർ കൊല്ലപ്പെട്ട രാജ്യം കൂടിയാണ് പോർച്ചുഗൽ.

രണ്ടാം ലോകമഹായുദ്ധം ഉണ്ടാകാതിരിക്കാൻ ഫാത്തിമാ മാതാവ് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിട്ടും ആരും ചെവിക്കൊണ്ടില്ല. 30 രാജ്യങ്ങളും 100 മില്യണിലധികം ആളുകളും യുദ്ധമുഖത്തുണ്ടായിരുന്നു. 11 മില്യൺ ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എത്ര ഭീകരമായിരുന്നു ആ ദുരന്തം!

റഷ്യ എന്ന വാക്ക് രണ്ടാമത്തെ രഹസ്യവുമായി ബന്ധപ്പെട്ട് വലിയ പ്രസക്തിയുള്ളതാണ്. ഒരു രാജ്യം എന്നതിനെക്കാൾ അതു പ്രതിനിധാനം ചെയ്യുന്ന നിലപാടുകളാണ് പ്രാർത്ഥനാ വിഷയമാക്കേണ്ടിയിരുന്നത്. നിരീശ്വരവാദം ഉൾപ്പെട്ട കമ്മ്യൂണിസമായിരുന്നു റഷ്യയുടെ വിശ്വാസസംഹിത. ഇതിനെതിരെ ഫലപ്രദമായി പോരാടിയ വ്യക്തി ജോൺ പോൾ രണ്ടാമൻ പാപ്പയാണ്. ദൈവവിശ്വാസമില്ലാത്തവരായിരുന്നു സ്റ്റാലിനും, മറുവശത്തുണ്ടായിരുന്ന ഹിറ്റ്‌ലറും, മുസ്സോളിനിയുമൊക്കെ. ദൈവത്തിൽ വിശ്വസിച്ച് ചെയ്യാവുന്ന കാര്യങ്ങളായിരുന്നില്ല അവരാരും ചെയ്തുകൂട്ടിയതും. വ്യക്തികളെയോ രാജ്യങ്ങളെയോ പഴിക്കുന്നതിനെക്കാൾ പടർന്നുപന്തലിച്ച നിരീശ്വരവാദത്തിന്റെ ‘ബൈപ്രൊഡക്ടായി’ വേണം രണ്ടാം ലോകമഹായുദ്ധത്തെ കാണുവാൻ.

മൂന്നാം രഹസ്യം
ഒരു പാപ്പയുടെ കൊലപാതകവും വിശ്വാസത്യാഗവും!

രഹസ്യസ്വഭാവം ഏറ്റവുമധികമുണ്ടായിരുന്നതും ഏറെ ചർച്ചകൾക്കിടയാക്കിയതും മൂന്നാമത്തെ സന്ദേശവും രഹസ്യവുമാണ്. 1941 ൽ ഫാത്തിമയെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ രേഖപ്പെടുത്തവെ, മൂന്നാമത്തെ രഹസ്യം വെളിപ്പെടുത്താൻ മറിയം അനുവാദം നൽകിയിട്ടില്ല എന്ന വാക്കുകൾ ലൂസിയുടെ വിശദീകരണത്തിൽ എഴുതപ്പെട്ടപ്പോൾ അത് വലിയ വാർത്തയായി. 1943 ൽ ലൂസി കടുത്ത രോഗിണിയായി. മൂന്നാം രഹസ്യം വെളിപ്പെടുത്താതെ അവൾ മരണപ്പെടുമെന്ന ആശങ്കയിൽ ഫാത്തിമാ മെത്രാൻ അവളോട് ആ രഹസ്യം കുറിച്ചുവയ്ക്കുവാൻ ആവശ്യപ്പെട്ടു. അനുസരണത്തിന്റെ പുറത്ത് അവളതു ചെയ്തു. 1944 ജനുവരിയിൽ പേപ്പറിലാക്കിയ ആ രഹസ്യം മുദ്രവച്ച കവറിൽ 1960 ന് ശേഷമെ തുറക്കാവൂ എന്ന കുറിപ്പോടെ ലൂസി മെത്രാനെ ഏൽപിച്ചു. അല്ലെങ്കിൽ തന്റെ മരണത്തിന് ശേഷം, ഏതാണോ ആദ്യം വരുന്നത് അത്. ഈ നിർദേശം നൽകിയത് പരിശുദ്ധ അമ്മയായിരുന്നോ എന്ന് വത്തിക്കാനിൽനിന്നെത്തിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രതിനിധി ചോദിച്ചപ്പോൾ സ്വന്തം അഭിപ്രായമായിരുന്നുവെന്നും, അപ്പോഴായിരിക്കും കൂടുതൽ രഹസ്യം മനസിലാക്കാൻ സാധിക്കുക എന്നും ലൂസി പറഞ്ഞു.

1957 വരെ ഈ കവർ രൂപതയിൽ സൂക്ഷിക്കപ്പെട്ടു. പിന്നീട് വത്തിക്കാനിലേക്ക് മാറ്റപ്പെട്ടു. 2000 വരെ രഹസ്യം പുറത്തുവിട്ടില്ല എന്നത് ജിജ്ഞാസയും കുപ്രചരണവും കൂട്ടി എന്ന കാര്യത്തിൽ തർക്കമില്ല. 2000 മെയ് 13 ന് ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓർമ്മയാചരണത്തോടനുബന്ധിച്ച് മൂന്നാം രഹസ്യം പുറത്തുവിടുകയുണ്ടായി. ലൂസിയുടെ കൈപ്പടയിലെഴുതിയ പോർച്ചുഗീസ് കത്തും, അതിന്റെ വിശദീകരണവുമാണ് പുറത്തുവിട്ടത്. ഒരു ദർശനമായിട്ടാണ് ഈ രഹസ്യവും ഫാത്തിമയിലെ കുട്ടികൾ കണ്ടത്. അനേകർ മരിച്ചുവീണുകിടക്കുന്നതും, അതിനുനടുവിലൂടെ വെളുത്ത ഉടുപ്പിട്ട മെത്രാൻ നടക്കുന്നതും. അവസാനം അദ്ദേഹവും വെടിയേറ്റ് വീഴുന്നതും. ദർശനമായതിനാൽതന്നെ വ്യാഖ്യാനങ്ങളും നിരവധിയുണ്ടായി. ഏതായാലും വത്തിക്കാൻ ലൂസിയെ നേരിട്ട് കണ്ട ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രതിനിധിയായ കർദ്ദിനാൾ ആഞ്ചലോ സോഡാനോയിലുടെ പറയുന്നത്; 20 ാം നൂറ്റാണ്ടിൽ തിരുസ്സഭ നേരിട്ട കടുത്ത ക്രൈസ്തവപീഢനങ്ങളും, 1981 മെയ് 13 ന് ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നേരെയുണ്ടായ വധശ്രമവുമായിരുന്നു മൂന്നാം രഹസ്യത്തിന്റെ ഉള്ളടക്കം എന്നാണ്.

ലൂസി എഴുതിയ അന്നത്തെ കത്താണല്ലോ മൂന്നാം രഹസ്യം. ഇത് ആദ്യം തുറന്ന് വായിച്ചത് വിശുദ്ധ ജോൺ 23 ാമൻ പാപ്പയാണ്. പിന്നീട് പോൾ ആറാമൻ പാപ്പയും അത് വായിച്ചതായി പറയുന്നു. രണ്ടുപേരും സഭാനേതൃത്വത്തിനുള്ളിൽ സൂക്ഷിച്ചാൽ മതിയെന്ന തീരുമാനമെടുത്തു. കാരണം സന്ദേശം പാപ്പമാരെക്കുറിച്ചുള്ളതായതിനാൽ. പീന്നീട് വരുന്ന പാപ്പ ജോൺ പോൾ ഒന്നാമൻ. അദ്ദേഹത്തെ പാപ്പയാകുന്നതിന് മുമ്പ് പരിചയപ്പെടുമ്പോൾ ലൂസി പാപ്പയായുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും, കുറച്ചുകാലം മാത്രം നീളുന്ന പാപ്പാകാലഘട്ടത്തെക്കുറിച്ചും പറഞ്ഞുവത്രേ. ഇത് യാഥാർത്ഥ്യമാണോ എന്നറിയില്ലെങ്കിലും, ലൂസിയോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞതിങ്ങനെ; ”അദ്ദേഹം പാപ്പയാകുമെന്ന് ഞാൻ പറഞ്ഞോ എന്നോർക്കുന്നില്ല. പക്ഷേ, നല്ലൊരു വിശുദ്ധനായ മെത്രാനാണെന്നും പാപ്പയായാൽ സഭയ്ക്ക് നല്ലതാണെന്നും ഞാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.”

മൂന്നാം രഹസ്യം പുറത്തുവിടുന്നതിന് മുമ്പ് കർദ്ദിനാൾ ആഞ്ചലോ സൊഡാനോയെ ലൂസിയുടെ അടുക്കലേക്കയച്ച് ലൂസി എഴുതിയ കത്താണോ അതെന്നും, അതിലെ രഹസ്യത്തിന്റെ ഉള്ളടക്കമെന്തെന്നും ആരാഞ്ഞത് ജോൺ പോൾ രണ്ടാമൻ പാപ്പയാണ്. ലൂസിയുടെ കൈയ്യിൽ കൊടുക്കുവാൻ ഒരു കത്തും ജോൺ പോൾ പാപ്പ കൊടുത്തയച്ചിരുന്നു. അതിൽ എന്റെ പ്രതിനിധിയായിട്ടാണ് കർദ്ദിനാൾ ഫാത്തിമയിലെ ബിഷപ്പിനോടൊപ്പം എത്തുന്നതെന്നും ചോദിക്കുന്ന സംശയങ്ങൾക്ക് തുറവിയോടെ മറുപടി നൽകണമെന്നും പാപ്പ ആവശ്യപ്പെട്ടിരുന്നു. ലൂസി എഴുതിയ ശേഷം വത്തിക്കാനിലെത്തി സൂക്ഷിക്കപ്പെട്ടിരുന്ന കത്ത് കരങ്ങളിൽ ലഭിച്ചപ്പോൾ അവൾ പറഞ്ഞു, ”ഇത് ഞാനെഴുതിയ കത്താണ്. എന്റെ കൈപ്പട. പൂർണവുമാണ്.” കർദ്ദിനാൾ ചോദിക്കുന്ന മറ്റൊരു ചോദ്യം, അതിൽ കാണുന്ന വെള്ളയുടുപ്പിട്ട മെത്രാൻ മാർപാപ്പയാണോ എന്നായിരുന്നു. ദർശനത്തിൽ പാപ്പ വെടിയേറ്റ് വീഴുന്നത് ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നേരെയുതിർത്ത വെടിവയ്പും വധശ്രമവുമാണോ എന്നും കർദിനാൾ ചോദിച്ചു. എല്ലത്തിനും പ്രാർത്ഥനാപൂർവം ലൂസി മറുപടി നൽകി. വ്യഖ്യാനങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. മൂന്നാം രഹസ്യം കഴിഞ്ഞുപോയതാണ്, ഇനി വരാനിരിക്കുന്നതല്ല എന്ന കാര്യവും സ്ഥീരീകരിച്ചു. അതിനുശേഷമാണ് വത്തിക്കാൻ അന്നത്തെ വിശ്വാസതിരുസംഘം തലവനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗറുടെ വിശദീകരണ, വ്യാഖ്യാന കുറിപ്പോടെ രഹസ്യം പ്രസിദ്ധീകരിച്ചത്.

മൂന്നാം രഹസ്യം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. പൂർണമായ രഹസ്യം പുറത്തുവിട്ടില്ലെന്നും, ഇനിയും വരാനിരിക്കുന്ന കാര്യങ്ങളാണതിലെന്നും, ലോകാവസാനമാണ് പ്രതിപാദ്യമെന്നും അങ്ങനെ യാതൊരു കുറവുമുണ്ടായില്ല ഊഹാപോഹങ്ങൾക്ക്.

ജോൺ പോൾ രണ്ടാമൻ പാപ്പതന്നെ ഈ രഹസ്യത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ; ”എന്റെ മുൻഗാമികൾ വിശ്വാസികളുടെ ഇടയിൽ ഭയം ജനിപ്പിക്കാതിരിക്കാനാണ് അത് മറച്ചുവയ്ക്കാൻ ഇഷ്ടപ്പെട്ടത്. തങ്ങൾ നിസ്സഹായരാകുന്ന ഗുരുതരമായ ഒരു ദുരന്തത്തെക്കുറിച്ച് അറിയുന്നത് തീർച്ചയായും സഹായകമാവില്ലല്ലോ.” എന്നാൽ അദ്ദേഹം ജപമാലയുയർത്തി ഇപ്രകാരം പറഞ്ഞു, ”ഈ തിന്മയ്‌ക്കെതിരായുള്ള ആയുധം ജപമാലയാണ്. പ്രാർത്ഥിക്കു, വേറൊന്നും ചിന്തിക്കേണ്ടതില്ല. ദൈവമാതാവിന്റെ കരങ്ങളിൽ സകലതും സമർപ്പിക്കുക.” തനിക്ക് വെടിയേറ്റതിനുശേഷം ആറ് മാസം കഴിയുമ്പോഴാണ് ഈ വാക്കുകൾ എന്നതിനാൽ അതിന്റെ അർത്ഥം നമുക്ക് മനസിലാകും. രഹസ്യം എന്താണെന്നറിഞ്ഞ പാപ്പ കൂടിയായിരുന്നല്ലോ അദ്ദേഹം. മറിയത്തിന്റെ സംരക്ഷണത്തിന് ആ പ്രവചനത്തെ മാറ്റിമറിക്കാൻ കഴിഞ്ഞു എന്നദ്ദേഹം വിശ്വസിച്ചു.

ഇതാണ് മൂന്നാം രഹസ്യത്തെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പിൽ പീന്നീട് പാപ്പയായ കർദ്ദിനാൾ റാറ്റ്‌സിംഗറും കുറിയ്ക്കുന്നത്. ഫാത്തിമയിലെ മൂന്നാം രഹസ്യം ഭാവിയിൽ എന്തുസംഭവിക്കുമെന്നതിന്റെ ആകെത്തുകയല്ല. മനുഷ്യർ പ്രാർത്ഥിച്ച് അത്യാഹിതങ്ങളെ മാറ്റണമെന്ന ദൈവഹിതത്തിന്റെ വെളിപ്പെടുത്തലാണ്. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതത്തിൽ സംഭവിച്ചത് ഒരുദാഹരണം മാത്രം.

ജോൺ പോൾ രണ്ടാമൻ പാപ്പ റഷ്യയെയും കമ്മ്യൂണിസ്റ്റ് രാഷ്ടങ്ങളെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പല പ്രാവശ്യം സമർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. നിരീശ്വരവാദത്തിനെതിരായ എല്ലാ രീതിയിലുമുള്ള ആത്മീയയുദ്ധം പ്രഖ്യാപിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. ഈ സമർപ്പണം പൂർണമായോ, മതിയായതാണോ എന്ന ലൂസിയോടുള്ള ചോദ്യത്തിന് പരിശുദ്ധ അമ്മ അതിൽ ഏറെ സന്തോഷവതിയാണെന്ന വാക്കുകളാണ് ലഭിച്ചത്.

മൂന്നാം രഹസ്യത്തിന്മേലുള്ള വിവാദങ്ങളെക്കുറിച്ച് 1996 ൽ കർദിനാൾ റാറ്റ്‌സിംഗർ പറഞ്ഞു, ”ജിജ്ഞാസുക്കളായ വ്യക്തികളോട് എനിക്ക് പറയാനുള്ളതിതാണ്. സെൻസേഷണിലിസം ഉണ്ടാക്കാൻവേണ്ടി എന്തെങ്കിലും പറയുന്ന ആളാണ് പരിശുദ്ധ ദൈവമാതാവ് എന്നു ഞാൻ കരുതുന്നില്ല. ഭയം ജനിപ്പിക്കാനും അവൾ ഒന്നും ചെയ്യില്ല. അവസാനനാളുകളെക്കുറിച്ചുള്ള ദർശനങ്ങളല്ല അത്. യേശുവിലേക്ക് അനേകരെ അടുപ്പിക്കാനുള്ള ശ്രമമാണത്. അതാണ് പ്രധാനവും.” പ്രാർത്ഥനയും പ്രായശ്ചിത്തവും വഴി, വിശ്വാസവും സ്‌നേഹവും പ്രത്യാശയും ലോകത്തിൽ വളരുന്നതിനുള്ള ആഹ്വാനമാണതിലെന്ന് ബനഡിക്ട് പാപ്പ എഴുതുന്നു. ജപമാലയുയർത്തിയുള്ള ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്; ”നിങ്ങൾ ഭയക്കേണ്ടതില്ല. ഈ ആയുധത്തിലൂടെ നിങ്ങൾക്ക് എല്ലാം അതിജീവിക്കാൻ സാധിക്കും.”

2016 മെയ് 21 ന് ഫാത്തിമയെക്കുറിച്ചുള്ള ഏറ്റവും അടുത്തു നൽകപ്പെട്ട വത്തിക്കാൻ നിർദേശം ഇങ്ങനെ പറയുന്നു. ബനഡിക്ട് പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അത്. മൂന്നാമത്തെ ഫാത്തിമ രഹസ്യം പൂർണമായി വെളിപ്പെടുത്തിയിട്ടില്ല എന്ന നിരീക്ഷണവും അവകാശവാദവും, ”തികച്ചും കെട്ടിച്ചമച്ചതും, തീർത്തും അസത്യവുമാണ്.”

ജിന്റോ മാത്യു