ഫാത്തിമ സന്ദേശം ഇന്നും പ്രസക്തം: ആർച്ച് ബിഷപ്പ് ബെർണർദീത്തോ ഔസ

169

ന്യൂയോർക്ക്: സംഘർഷഭരിതമായിരുന്ന മഹായുദ്ധകാലത്ത് ലഭിച്ച ഫാത്തിമ സന്ദേശത്തിന് ഒരു നൂറ്റാണ്ടിന് ശേഷം ഇന്നും പ്രാധാന്യമുള്ളതായി ഐക്യരാഷ്ട്രസഭയിലെ സ്ഥിരം വത്തിക്കാൻ നിരീക്ഷകൻ ആർച്ച്ബിഷപ്പ് ബെർണർദീത്തോ ഔസ്സ. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഉന്നതതലഫോറത്തിൽ ‘സമാധാന സംസ്‌ക്കാരം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വത്തിക്കാനെ സംബന്ധിച്ചിടത്തോളം പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി ആചരിക്കുന്ന അവസരത്തിൽ കുട്ടികളും സമാധാനത്തിൻറെ സംസ്‌ക്കാരവും എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുന്നത് ഏറ്റവും ഉചിതമായി താൻ കരുതുന്നതായും രക്തപ്പുഴ ഒഴുകിയിരുന്ന മഹായുദ്ധകാലത്ത്, സമാധാനത്തിനായുള്ള ഫാത്തിമ സന്ദേശം പരിശുദ്ധ അമ്മ ഭരമേൽപ്പിച്ചത് കുട്ടികളെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“സമാധാനസംസ്‌ക്കാരത്തിന് അടിസ്ഥാനമായി ക്ഷമയുടെയും അനുരഞ്ജനത്തിൻറെയും സംസ്‌ക്കാരം രൂപീകൃതമാകണം. പഴയ മുറിവുകളിൽ നിന്ന് ഇന്നും നാളെയും വീണ്ടും ചോര പൊടിയാതിരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ധൈര്യം നമുക്കാവശ്യമാണ്”. അദ്ദേഹം പറഞ്ഞു.

നിരായുധീകരണത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നത് വളരെ പ്രാധാന്യമർഹിക്കുന്നതായും ഐക്യരാഷ്ട്രസംഘടന ഒരു ഭരണകാര്യസംഘടന എന്നതിനെക്കാൾ ഒരു ലോകരാഷ്ട്രങ്ങളുടെ കുടുംബമെന്ന നിലയിലുള്ള ഒരു ധാർമികകേന്ദ്രമായി മാറണമെന്നും ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം ആവശ്യപ്പെട്ടു