‘ഫാ. അമോർത്തയും സാത്താനും’ ഏപ്രിലിൽ പുറത്തിറങ്ങും

0
426

ഇറ്റലി: വത്തിക്കാന്റെ അന്തരിച്ച ഔദ്യോഗിക ഭൂതോച്ഛാടകനായ ഫാ. ഗബ്രിയേലെ അമോർത്തിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഏപ്രിൽ 20 ന് പുറത്തിറങ്ങും. “ദ ഡെവിൾ ആന്റ് ഫാദർ അമോർത്ത്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്റി വില്യം ഫ്രൈഡ്കിൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 1973 ൽ പുറത്തിറങ്ങിയ ദ എക്സോർസിസ്റ്റ് സംവിധാനം ചെയ്തതും വില്യമായിരുന്നു.

ഫാ. അമോർത്തോ ഭൂതോച്ഛാടനം നടത്തിയ റോസ എന്ന ഇറ്റാലിയൻ സ്ത്രീയെ ഡോക്യുമെന്ററിയിൽ ഇന്റർവ്യൂ ചെയ്യുന്നുണ്ട്. പൈശാചിക ബാധയുടെ പല ലക്ഷണങ്ങൾ കാണിച്ചിരുന്ന ഈ സ്ത്രീ ഈസ്റ്റർ പോലെ ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളിൽ അങ്ങേയറ്റം അപകടകാരിയായി മാറും. 2016 ലാണ് ഫാ. അമോർത്തോ ഇവരിൽ നിന്ന് പിശാചിനെ ഒഴിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട്. അതേസമയം,തനിക്ക് നിരവധി വർഷങ്ങളായി അമോർത്തിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നതായും എന്നാൽ കഴിഞ്ഞ മെയ്യിലാണ് അദ്ദേഹം തന്നെ കാണാനും തന്റെ ജീവിതം ഡോക്യുമെന്ററിയാക്കാനും അനുവാദം തന്നതെന്നും സംവിധായകൻ വില്യം ഫ്രൈഡ്കിൻ പറഞ്ഞു.

വടക്കൻ ഇറ്റലിയിലെ മൊഡേണയിൽ 1925 മെയ്യിലാണ് ഫാ. അമോർത്ത് ജനിച്ചത്. 20- ാം വയസിൽ വിശുദ്ധ പൗലോസിന്റെ സന്ന്യാസസമൂഹത്തിൽ ചേർന്ന അദ്ദേഹം 1951 ൽ വൈദികനായി അഭിഷിക്തനായി. റോമിലെ വികാരി ജനറലായിരുന്ന കർദിനാൾ യുഗോ പൊലേട്ടിയാണ് അമോർത്തയെ ഭൂതോച്ഛാടകനായി നിയമിച്ചത്. ഒരു ഭൂതോച്ഛാടകൻ തന്റെ കഥ പറയുന്നു എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഫാ. അർമാത്തോ ഡോക്യുമെന്ററി ചിത്രീകരണം പൂർത്തിയായ ശേഷം 2016 സെപ്തംബറിലാണ് അന്തരിച്ചത്.