‘ഫാ. ജാക്വസ് ഹാമലിന്റെ പുഞ്ചിരി:  മതഭ്രാന്തിന്റെ മുഖത്തേറ്റ പ്രഹരം’

വികാരഭരിതനായി മാക്രോൺ; ആത്മശാന്തി നേർന്ന് 'പേപ്പൽ ട്വീറ്റ്'

397
പാരീസ്: ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികൻ ജാക്വസ് ഹാമലിന്റെ പുഞ്ചിരി മതഭ്രാന്തിന്റെ മുഖത്തേറ്റ വലിയ പ്രഹരമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. ഫാ. ഹാമലിന്റെ ഒന്നാം ചരമവാർഷികത്തിൽ, അദ്ദേഹത്തിന്റെ ശിരസ്‌ഛേദനത്തിന് സാക്ഷിയായ നോർമണ്ടിയിലെ സെന്റ് ഏറ്റിയന്നെഡു റൌറെ ദൈവാലയങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണസംഗമത്തിൽ വികാരഭരിതമായിരുന്നു പ്രസിഡന്റിന്റെ വാക്കുകൾ.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമെന്നും രക്തസാക്ഷിയെന്നും വിശേഷിപ്പിച്ചാണ് മാക്രോൺ ഫാ. ഹാമലിന്റെ ഓർമകൾക്കു മുമ്പിൽ ശിരസുനമിച്ചത്. സമർപ്പണത്തിന്റെയും കരുതലിന്റെയും പ്രതീക്ഷയുടെയും ആകെത്തുകയാണ് ഫാ. ഹാമലെന്ന് അദ്ദേഹം പറഞ്ഞു അൾത്താരയുടെ മുന്നിൽവെച്ച് ഫാ. ഹാമലിനെ കൊലപ്പെടുത്തുന്നതിലൂടെ ഫ്രഞ്ച് കത്തോലിക്കരുടെ മനസിൽ പ്രതികാരമനോഭാവം വളർത്തുകയായിരുന്നു ജിഹാദികളുടെ ഗൂഢലക്ഷ്യം.
രണ്ട് സമൂഹങ്ങളെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ അക്രമത്തെ ഫ്രാൻസിലെ കത്തോലിക്കർ പരാജയപ്പെടുത്തി. വൈകാരികമായി പ്രതികരിക്കാതെ ക്ഷമയുടെ പ്രതീകങ്ങളായി മാറിയ രാജ്യത്തെമ്പാടുമുള്ള ക്രൈസ്തവർക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം,വിദ്വേഷം ഒരിക്കലും വിജയിച്ചിട്ടില്ലെന്നും ഒരിക്കലും വിജയിക്കില്ലെന്നുമുള്ള ഓർമപ്പെടുത്തലോടെയാണ്  പ്രസംഗം അവസാനിപ്പിച്ചത്.
റൌറെ ആർച്ച്ബിഷപ്പ് ഡൊമിനിക്ക് ലിബ്രണിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച അനുസ്മരണബലിയിൽ പങ്കെടുക്കാൻ നൂറുകണക്കിനാളുകളാണെത്തിയത്. ദൈവാലയത്തിന് അകവും പുറവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. ഫാ. ഹാമൽ കത്തോലിക്കാസഭയ്ക്കും ലോകത്തിനു മുഴുവനും ആത്മീയസുഗന്ധം പ്രസരിപ്പിക്കുകയാണെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണം ജനഹൃദയങ്ങളിൽ സമാധാനത്തിന്റെ ചിന്തകൾ കൊണ്ടുവരാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ. ഹാമലിന്റെ നാമകരണ നടപടികൾ ആരംഭിച്ച വിവരവും ഔദ്യോഗികമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഏപ്രിൽ മാസത്തിലാണ് നാമകരണ നടപടികൾ ആരംഭിച്ചത്.
ഫാ. ഹാമലിന്റെ സ്മരണാർത്ഥം മനുഷ്യാവകാശ പ്രഖ്യാപനം ആലേഖനം ചെയ്ത സ്റ്റീൽ സ്മാരകം റൌറെയിലെ മേയർ ജൊവാക്കിം മോയിസെ അനാച്ഛാദനം ചെയ്തു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് സ്മാരകമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പ്, ആർച്ച്ബിഷപ്പ് എമരിറ്റസ്, ഫാ. ഹാമേലിന്റെ നാമകരണ പരിപാടികളുടെ പോസ്റ്റുലേറ്റർ, ഫാ. ഹമേലിന്റെ സഹോദരി തുടങ്ങിയവരുൾപ്പെടെ നിരവധി പ്രമുഖരും അനുസ്മരണ ശുശ്രൂഷകളിൽ സന്നിഹിതരായിരുന്നു.
ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സന്ദേശം ഒരുലക്ഷത്തിൽപ്പരംപേരാണ് ആദ്യദിനത്തിൽതന്നെ ലൈക്ക് ചെയ്തത്. ‘മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി ജീവിതം ചെലവഴിച്ച ഫാ. ഷാക് ഹമേലിനെ
യും ഒപ്പം ഇക്കാലഘട്ടത്തിലെ മറ്റനേകം രക്തസാക്ഷികളെയും ഇന്ന് നമുക്ക് ഓർമിക്കാം,’ എന്നായിരുന്നു സന്ദേശം.
2016 ജൂലൈ 26ന് ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കേയാണ് ഐസിസ് അനുഭാവികളായ രണ്ട് യുവാക്കൾ 85 വയസുകാരനായ ഫാ. ഹാമലിനെ കൊലപ്പെടുത്തിയത്. ഒരു പുരോഹിതന്റെ നേർക്കുള്ള ആക്രമണം മാത്രമല്ല, പാശ്ചാത്യ സമൂഹത്തിന്റെ അടിത്തറയായ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നുവരെ കൊലപാതകം നിരീക്ഷിക്കപ്പെട്ടു. എന്നാൽ, രണ്ട് വിശ്വാസങ്ങൾ തമ്മിലുള്ള വിഭാഗിയത ഉദ്ദേശിച്ച് നടത്തിയ അക്രമം ലക്ഷ്യം കാണാതെപോയപ്പോൾ ക്ഷമയാണ് ക്രിസ്തീയതയുടെ മുഖമുദ്രയെന്ന് ലോകം ഒരിക്കൽക്കൂടി തിരിച്ചറിയുകയായിരുന്നു.
അൾത്താരയിൽവെച്ച് തങ്ങളുടെ പ്രിയപ്പെട്ട വൈദികൻ വധിക്കപ്പെട്ടിട്ടും ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ നേർസാക്ഷ്യങ്ങളായി മാറി ഫ്രാൻസിലെ ക്രൈസ്തവർ. ഈ സാഹചര്യത്തിലാണ് കത്തോലിക്കാ വിശ്വാസികൾക്ക് നന്ദിയർപ്പിച്ച പ്രസിഡന്റിന്റെ നടപടിയുടെ പ്രസക്തി. ഭീകരതക്ക് എതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ ഇത് യൂറോപ്പ്യൻ ജനതയെ പ്രേരിപ്പിച്ചെന്നുവേണം മനസിലാക്കാൻ. ഫാ. ഹാമലിന്റെ രക്തസാക്ഷിത്വത്തിനുശേഷം വന്ന ഞായറാഴ്ച  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദൈവാലയങ്ങളിൽ നടന്ന അനുസ്മരണാശുശ്രൂഷകളിൽ ഇസ്ലാം മതവിശ്വാസികൾ  പങ്കെടുത്തതും ഇതോട് കൂട്ടിവായിക്കണം.