ഫ്രാൻസിന്റെ ക്രൈസ്തവപാരമ്പര്യം മതനിരപേക്ഷതക്ക് തകർക്കുവാനാകില്ല: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ

0
202

പാരീസ്: ഫ്രാൻസിന്റെ ദീർഘകാലത്തെ ക്രൈസ്തവ പാരമ്പര്യത്തെ മതനിരപേക്ഷതക്ക് തകർക്കുവാനാകില്ലെന്നും സഭയിലും വിശ്വാസികളിലും താത്പര്യമില്ലാത്ത ഫ്രഞ്ച് പ്രസിഡന്റുമാർ തങ്ങളുടെ ദൗത്യത്തിൽ വീഴ്ച വരുത്തുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ.

കഴിഞ്ഞ ദിവസം പാരീസിൽ വെച്ച് ഫ്രഞ്ച് ബിഷപ്പുമാർ സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്തവരുടേയും മാനസിക പ്രശ്‌നങ്ങളുള്ളവരുടേയും ബുദ്ധിമുട്ടുകൾ വ്യക്തമാക്കിക്കൊണ്ടാണ് കോൺഫറൻസ് തുടങ്ങിയത്.

“ഫ്രാൻസിന്റെ മതനിരപേക്ഷ രാഷ്ട്രീയ വ്യവസ്ഥിതിയിൽ സജീവമായി ഇടപെടാൻ കത്തോലിക്കരെ താൻ ക്ഷണിക്കുന്നു. അഭയാർത്ഥി വിഷയത്തിൽ ശ്രദ്ധ പതിപ്പിക്കുമെങ്കിലും നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരുടെ കാര്യത്തിൽ കർശനനിയന്ത്രണമുണ്ടാകും. സത്യത്തിലധിഷ്ഠിതമായ സംവാദത്തിലൂടെ സഭയും രാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് തന്റെ ശ്രമം. മതനിരപേക്ഷതയെ എതിർക്കുന്നവരായി രാഷ്ട്രീയക്കാർ കത്തോലിക്കരെ തെറ്റിദ്ധരിച്ചിരിക്കുകയാണ്”;      അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിനിടെ ഫ്രാൻസിന്റെ ബിഷപ്പ് സമിതിയുടെ തലവനായ ആർച്ച് ബിഷപ്പ് ജ്യോർഗസ് പോണ്ടിയർ ഫ്രാൻസിന്റെ ബയോ എത്തിക്‌സ് നിയമങ്ങളുടെ ന്യൂനതകളെപ്പറ്റി മാക്രോണിനോട് സംസാരിച്ചു. അത്തരം വിഷയങ്ങളോട് തങ്ങൾ വിയോജിപ്പ് രേഖപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.