ഫ്രാൻസിസ് പാപ്പ ബംഗ്ലാദേശിൽ; പ്രതീക്ഷയോടെ സഭയും രാഷ്ട്രവും

0
317

ബംഗ്ലാദേശ്: അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും സമാധാനത്തിൻറെയും സന്ദേശവുമായി ഫ്രാൻസിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദർശനം ആരംഭിച്ചു. രണ്ടരദിവസം നീണ്ട മ്യാന്മർ സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച വൈകുന്നേരം പ്രാദേശികസമയം മൂന്ന് മണിയോടെ വിമാനത്താവളത്തിലെത്തിയ പാപ്പയെ ബംഗ്ലാദേശ് പ്രസിഡന്റായ അബ്ദുൽ ഹമീദ് സ്വീകരിച്ചു. രാജ്യത്തെ രാഷ്ട്രീയ നയതന്ത്രപ്രതിനിധികളും ബംഗ്ലാദേശിലെ പത്ത് കത്തോലിക്കാ ബിഷപ്പുമാരും പാപ്പയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രത്യേകം തെരഞ്ഞെടുത്ത 40 കുട്ടികൾ വിമാനത്താവളത്തിൽ വെച്ച് പാപ്പയ്ക്ക് മുന്നിൽ പാരമ്പര്യനൃത്തം അവതരിപ്പിച്ചു.

1971 ൽ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിൽ രക്തസാക്ഷിത്വം വഹിച്ചവരുടെ സ്മരണാർത്ഥം സ്ഥാപിച്ച ദേശീയ സ്മാരകമായ സാവറിലെ ‘നാഷണൽ മാർട്ടേഴ്‌സ് മെമ്മോറിയലി’ലേക്കാണ് പാപ്പ പോയത്. ബംഗ്ലാദേശ് ‘ലിബറേഷൻ യുദ്ധ’മാണ് പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശിനെ വേർപെടുത്തിയതും സ്വതന്ത്രമാക്കിയതും. സ്മാരകത്തിൽ പുഷ്പ്പചക്രം സമർപ്പിച്ച പാപ്പ ബുക്ക് ഓഫ് ഹോണറിൽ ഒപ്പും രേഖപ്പെടുത്തി. സ്മാരകത്തിന്റെ തൊട്ടടുത്തുള്ള സമാധാനത്തിന്റെ ഉദ്യാനത്തിൽ പാപ്പ വൃക്ഷത്തൈ നടുകയും ചെയ്തു.

തുടർന്ന്, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ബഹുമാനർത്ഥം 1994 ൽ നിർമ്മിച്ച ധാക്കയിലെ ‘ബഗാബന്ധു മെമ്മോറിയൽ മ്യൂസിയവും പാപ്പ സന്ദർശിച്ചു. മ്യൂസിയത്തിലെത്തിയ പാപ്പയെ മുജിബൂർ റഹ്മാന്റെ കുടുംബാംഗങ്ങൾ സ്വീകരിച്ചു. തുടർന്ന് മ്യൂസിയത്തിൽ പുഷ്പചക്രം സമർപ്പിച്ച പാപ്പ അൽപ്പനേരം മൗനമായി പ്രാർത്ഥിച്ചു. മ്യൂസിയത്തിലെ ബുക്ക് ഓഫ് ഹോണറിൽ ഒപ്പു രേഖപ്പെടുത്തിയ പാപ്പ തുടർന്ന് സ്വകാര്യ സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രസിഡന്റായ അബ്ദുൽ ഹമീദിന്റെ കൊട്ടാരത്തിലേക്ക് തിരിച്ചു. പ്രസിഡന്റിന്റെ വസതിയിൽ നയതന്ത്ര വിദഗ്ദരുമായും ഉന്നത ഉദ്യോഗസ്ഥരുമായും പാപ്പ കൂടിക്കാഴ്ച്ച നടത്തും. രണ്ടര ദിവസം ബംഗ്ലാദേശിൽ ചെലവഴിക്കുന്ന പാപ്പ ഡിസംബർ രണ്ടിന് രാത്രിയിൽ റോമിലേക്ക് മടങ്ങും. മൂന്നരലക്ഷം കത്തോലിക്കാ വിശ്വാസികളുള്ള ബംഗ്ലാദേശിൽ 12 കത്തോലിക്ക ബിഷപ്പുമാരും 372 വൈദികരുമാണുളള്ളത്.