ഫ്രാൻസിസ് പാപ്പ മ്യാൻമർ- ബംഗ്ലാദേശ് സന്ദർശിക്കും ഇന്ത്യ സന്ദർശനം ഉണ്ടായേക്കില്ല.

342

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ മ്യാൻമർ- ബംഗ്ലാദേശ് സന്ദർശനം വത്തിക്കാൻ സ്ഥിരീകരിച്ചു. മ്യാൻമറിൽ നവംബർ 27 മുതൽ 30 വരെ തീയതികളിലും ബംഗ്ലാദേശിൽ നവംബർ 30 മുതൽ ഡിസംബർ രണ്ടു വരെ തീയതികളിലുമാണ് മാർപാപ്പ സന്ദർശനം നടത്തുന്നത്. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബർക്ക് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് മ്യാൻമറിൽ ഒരു മാർപാപ്പ സന്ദർശനം നടത്തുന്നത്.

മ്യാൻമറിൽ പീഡനം അനുഭവിക്കുന്ന രോഹിംഗ്യ മുസ്ലിംകളുടെ വിഷയം അന്താരാഷ്ട്ര സമൂഹത്തിലെത്തിക്കുന്നതിനു ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സഹായകമാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഭൂരിപക്ഷ ബുദ്ധമതക്കാരും രോഹിംഗ്യ മുസ്ലിംകളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെയാണ് പാപ്പയുടെ സന്ദർശനം. മ്യാൻമർ- ബംഗ്ലാദേശ് രാജ്യങ്ങളിലെ ഭരണകർത്താക്കളും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടർന്നാണ് പാപ്പയുടെ അപ്പസ്തോലിക സന്ദർശനം.

അതേ സമയം മാർപാപ്പയുടെ ഇന്ത്യ സന്ദർശനം ഇത്തവണ ഇല്ലായെന്നാണ് സൂചനകൾ. ഇന്ത്യൻ സന്ദർശനത്തിനായി മാർപാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കത്തോലിക്കാ മെത്രാൻ സമിതി കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മൃദുസമീപനമാണ് ഭാരതസന്ദർശനത്തിന് തടസ്സമായി നിലനിൽക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സിബിസിഐ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

അതോടൊപ്പം ഫ്രാൻസിസ് പാപ്പായുടെ ദക്ഷിണേഷ്യൻ സന്ദർശനത്തോടനുബന്ധിച്ച് ലോഗോയും ആപ്തവാക്യവും വത്തിക്കാൻ പുറത്തിറക്കി. ‘ഐക്യവും സമാധാനവും’ എന്നതാണ് ബംഗ്ലാദേശ് സന്ദർശനത്തിൻറെ പ്രമേയവാക്യം. ഇംഗ്ലീഷിലും ബംഗ്ലാ ഭാഷയിലും ഈ വാക്യം ലോഗോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിസ് പാപ്പായെ ഐക്യത്തിൻറെയും സമാധാനത്തിൻറെയും സ്ഥാനപതിയായും പാപ്പായുടെ സാന്നിധ്യത്തെ രാഷ്ട്രത്തിൻറെയും സഭയുടെും ആനന്ദത്തിൻറെ ആഘോഷമായും ലോഗോയിൽ ചിത്രീകരിച്ചിട്ടുണ്ട്.