ഫ്രാൻസും അമ്മയ്ക്കരികെ; ‘റോസറി അറ്റ് ദി ബോർഡേസ്’ ഏപ്രിൽ ഇരുപത്തെട്ടിന്

0
318

പാരീസ്: പോളണ്ടിനും അയർലണ്ടിനും പിറകെ ഫ്രാൻസും അമ്മയുടെ കരം പിടിക്കുന്നു. ഭ്രൂണഹത്യയ്‌ക്കെതിരെ ‘റോസറി അറ്റ് ദി ബോർഡേസ്’ എന്ന പേരിൽ ഏപ്രിൽ ഇരുപത്തെട്ടിന് ഫ്രഞ്ചുജനത ജപമാല കൈയ്യിലേന്തും. രാജ്യത്ത് ഇനി നിഷ്‌കളങ്ക രക്തം വീഴാതിരിക്കാനും വഴിതെറ്റിപ്പോയ യുവജനത വിശ്വാസത്തിലേക്ക് തിരിച്ചുവരാനും ജപമണികൾ ഉരുവിട്ട് ഫ്രഞ്ചുജനത പ്രാർത്ഥിക്കും.

” പ്രതിവർഷം രണ്ടുലക്ഷത്തോളം കുഞ്ഞുങ്ങൾ ഫ്രാൻസിൽ ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെടുന്നുണ്ട്. മൂല്യവും ലക്ഷ്യബോധവുമില്ലാത്ത തലമുറയെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസസമ്പ്രദായവും, തൊഴിൽരഹിതരായ യുവജനങ്ങളും കുടുംബങ്ങളിൽ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ധാർമ്മികത ഇല്ലാതായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് വൃദ്ധരെ മരുന്നുനൽകി കൊലപ്പെടുത്തുന്നുമുണ്ട”;. ‘റോസറി അറ്റ് ദി ബോർഡേസിന്റെ സംഘാടകർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പത്തുശതമാനത്തിൽ താഴെമാത്രം കത്തോലിക്കരാണ് ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുക്കുന്നതെന്ന് ആറുവർഷം മുൻപ് നടത്തിയ സർവ്വേ വ്യക്തമാക്കുന്നു. ദിവ്യബലിയർപ്പിക്കുന്നവരെ മുസ്ലീം തീവ്രവാദികൾ ഭീഷണിപ്പെടുത്തുന്നതും ഫ്രാൻസിൽ പതിവാണ്. രണ്ടുവർഷങ്ങൾക്ക് മുൻപാണ് ദിവ്യബലിയർപ്പിക്കുകയായിരുന്ന വൃദ്ധ വൈദികനെ മുസ്ലീം തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മതതേര ആശയങ്ങൾക്ക് ലഭിച്ച വൻസ്വീകാര്യതയാണ് ഫ്രാൻസിൽ ക്രൈസ്തവരുടെ എണ്ണം കുറയാൻ കാരണം.

അതേസമയം, ഭ്രൂണഹത്യക്കെതിരെ ‘റോസറി ഓൺ ദ കോസ്റ്റ്’ എന്ന പേരിൽ ബ്രിട്ടനിലും ജപമാലയജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 29 ന് ബ്രിട്ടനിലെ തീരപ്രദേശത്തിന് ചുറ്റുമാണ് ജപമാലയജ്ഞം നടക്കുക. 1968 ഏപ്രിൽ ഇരുപത്തേഴിന് നിലവിൽവന്ന ഭ്രൂണഹത്യാനിയമത്തിന് അമ്പത് വയസ് തികയുന്ന സാഹചര്യത്തിലാണ് ജപമാല യജ്ഞം നടത്താൻ ഇംഗ്ലണ്ട് സഭ തീരുമാനിച്ചത്. കൂടാതെ, ഫാത്തിമയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറ്റൊന്നാം വാർഷികദിനമായ മെയ് പതിമൂന്നിന് ഓസ്‌ട്രേലിയയിലും ജപമാലയജ്ഞം നടക്കും. ഓസ്ട്രേലിയയ്ക്ക് ചുറ്റും ജപമാല കൊണ്ട് സംരക്ഷണം തീർക്കുകയാണ് ‘ഒ സെഡ് റോസറി എന്ന് പേരിൽ നടക്കുന്ന ജപമാലയജ്ഞത്തിന്റെ ലക്ഷ്യം.

ഗർഭഛിദ്രത്തിനെതിരെതന്നെയാണ് കഴിഞ്ഞമാസം പോളണ്ടും അയർലണ്ടും രാജ്യവ്യാപകമായി ജപമാലയജ്ഞം നടത്തിയത്. ‘റോസറി റ്റു ദ ബോർഡർ’ എന്ന പേരിൽ പോളണ്ടിൽ നടന്ന ജപമാല യജ്ഞത്തിൽ രാജ്യത്തിന്റെ എല്ലാ അതിർത്തികളിലും ജപമാലയുമായി വിശ്വാസികൾ അണിനിരന്നിരുന്നു.