ബംഗളൂരുവിലെ നക്ഷത്രങ്ങള്‍

0
1523

ബംഗളൂരു: ഐ.ടി ഹബായ ബംഗളൂരുവിലെ വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങള്‍ക്കും തെരുവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട പ്രായമായവര്‍ക്കും അഭയമാകുകയാണ് രണ്ട് കന്യാസ്ത്രീകള്‍. ഡോട്ടേര്‍സ് ഓഫ് ചര്‍ച്ച് സഭാംഗമായ സിസ്റ്റര്‍ ആന്‍സില ദേവദാസും കനോഷ്യന്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ മേരി നിജോയുമാണ് തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ സംരക്ഷകരായി മാറുന്നത്. 2016-ലാണ് ബംഗളൂരുവില്‍ ഈ പ്രൊജക്ട് ആരംഭിച്ചത്. വിവിധ സന്യാസ സമൂഹങ്ങളുടെയും സന്നദ്ധസംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത മീറ്റിംഗില്‍ ഉയര്‍ന്നുവന്ന വിഷയമായിരുന്നു നഗരങ്ങളിലെ തെരുവോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരെപ്പറ്റിയുള്ള ആശങ്കകള്‍. അതില്‍ പ്രത്യേകമായി ബംഗളൂരുവിലെ കാര്യവും പരാമര്‍ശിക്കപ്പെട്ടു. അവിടെനിന്നാണ് തെരുവോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരെ സഹായിക്കാനുള്ള പദ്ധതി ആരംഭിച്ചത്. ഉപേക്ഷിക്കപ്പെടുന്ന നക്ഷത്രങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഇവര്‍ രണ്ടു പേരും പറയുന്നത്. ഇങ്ങനെ ലഭിക്കുന്നവരെ ഉപേക്ഷിക്കപ്പെടുന്ന നക്ഷത്രങ്ങള്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതിന് ഒരു കാരണവുമുണ്ട്. ഏറ്റവും പ്രധാനമായത് ഉപേക്ഷിക്കപ്പെടുന്നവരുടെ അഭിമാനത്തെ മാനിക്കുക, അവരുടെ പ്രായത്തെ ബഹുമാനിക്കുക എന്നതാണ്. ഒരു പേരിലുപരി മനോഭാവമായിട്ടാണ് സിസ്റ്റേഴ്‌സ് അതിനെ കാണുന്നത്.
ഉപേക്ഷിക്കപ്പെട്ടവരും ഭവനങ്ങളില്ലാതെയുമായി ബംഗളൂരു നഗരത്തില്‍ അലഞ്ഞുതിരിയുന്നവരുടെയും എണ്ണം ഏതാണ്ട് 30,000 വരുമെന്ന് സിസ്റ്റര്‍ ആന്‍സില ദേവദാസും സിസ്റ്റര്‍ മേരി നിജോയും പറയുന്നു. ഇവര്‍ക്ക് ആഹാരം, വസ്ത്രം, മരുന്ന്, കിടക്കാനുള്ള ഇടം എന്നിങ്ങനെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യമില്ല. അതിലുപരി ബഹുഭൂരിപക്ഷവും ശാരീരിക-മാനസിക രോഗങ്ങള്‍ നേരിടുന്നവരാണ്. എന്നാല്‍, നഗരത്തിന്റെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്ന ഇവരെ ആരും പരിഗണിക്കുന്നില്ല. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവരെ വിവിധ അഭയകേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് രണ്ടു പേരും ചെയ്യുന്നത്. സെന്ററുകളില്‍ ഏല്പിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്ന് ഇവര്‍ കരുതുന്നില്ല. എല്ലാ മാസവും അവരെ സന്ദര്‍ശിക്കുകയും അവരുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നു. കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സാഹചര്യവും ഒരുക്കുന്നു.
തെരുവില്‍ ജീവിക്കുന്നവര്‍ അഭയകേന്ദ്രങ്ങളിലേക്ക് വരാന്‍ തയാറാകാത്തത് വലിയൊരു പ്രശ്‌നമാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ഭയമാണ് പലരെയും പിന്തിരിപ്പിക്കുന്നതെന്ന് സിസ്റ്റേഴ്‌സ് പറയുന്നു. ഓരോ ദിവസവും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഇവര്‍ തെരുവോരങ്ങളില്‍ മതിയായ ആഹാരവും വസ്ത്രവും ഇല്ലാത്തവരെ കാണുമ്പോള്‍ അവരുടെ അടുത്തേക്ക് പോകുകയാണ് പതിവ്. അവരുടെ ചുറ്റുപാടുകള്‍ അന്വേഷിക്കുന്നതിനൊപ്പം സഹായം ആവശ്യം ഉള്ളവരാണെന്ന് കണ്ടെത്തിയാല്‍ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കും. അവരുടെ അനുവാദം ലഭിച്ചതിനുശേഷമേ അവരെ പുനരധിവാസകേന്ദ്രങ്ങളിലേക്ക് മാറ്റുകയുള്ളൂ. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍നിന്നും നല്ല പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് സിസ്റ്റേഴ്‌സ് പറയുന്നു. ക്രിസ്തുവിന്റെ പ്രിയപ്പെട്ടവര്‍ക്കായി ജീവിച്ച് ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ സാക്ഷികളായി മാറുകയാണ് ലക്ഷ്യമെന്ന് സിസ്റ്റര്‍ ആന്‍സില ദേവദാസും സിസ്റ്റര്‍ മേരി നിജോയും പറയുന്നു.