ബംഗ്ലാദേശ് സന്ദർശനം ക്ഷമയുടെയും സമാധാനത്തിൻറെയും സന്ദേശം പകരും: ഫ്രാൻസിസ് പാപ്പ

0
290

വത്തിക്കാൻ: സുവിശേഷത്തിന്റെ ശുശ്രൂഷകനായി അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും സമാധാനത്തിൻറെയും സന്ദേശവുമായാണ് താൻ ബംഗ്ലാദേശ് സന്ദർശിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ. ബംഗ്ലാദേശ് സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ വീഡിയോയിലാണ് പാപ്പ തന്റെ സന്ദർശനോദ്ദേശം വ്യക്തമാക്കിയത്.

“ബംഗ്ലാദേശിലെ ജനങ്ങൾക്കായി സൗഹൃദത്തിൻറെയും ആശംസയുടെയും വാക്കുകൾ അയയ്ക്കുന്നതിനു ഞാനാഗ്രഹിക്കുന്നു. നാം ഒരുമിച്ചായിരിക്കുന്ന നിമിഷങ്ങളെ ഞാൻ മുന്നിൽ കാണുകയാണ്. ബംഗ്ലാദേശിലെ കത്തോലിക്കാസമൂഹം വിശ്വാസവും സുവിശേഷസാക്ഷ്യവും വഴി സ്ത്രീ പുരുഷന്മാരുടെ അന്തസ്സ് ഉയർത്തിയെന്നും ഒപ്പം അവരുടെ ഹൃദയം ദരിദ്രരെയും ആവശ്യക്കാരെയും സഹായിക്കാൻ സന്നദ്ധമാണ് എന്ന് മനസ്സിലാക്കാനായും ഞാനാഗ്രഹിക്കുന്നു”. പാപ്പ പറഞ്ഞു.

“വിശ്വാസികളും സന്മനസ്സുള്ളവരും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ഏക മാനവകുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ പരസ്പരം സഹായിക്കുകയും ചെയ്യേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ തന്നെ എല്ലാ ജനതകളെയും കാണുന്നതിന് ഞാനാഗ്രഹിക്കുന്നു”. പാപ്പ പറഞ്ഞു.

തന്റെ ബംഗ്ലാദേശ് സന്ദർശനത്തിനൊരുക്കമായി കഠിനമായി അധ്വാനിക്കുന്നവർക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. ബംഗ്ലാദേശ് സന്ദർശനം പ്രത്യാശയും പ്രോത്സാഹനവും നൽകുന്നതാകാൻ ഓരോരുത്തരുടെയും പ്രാർഥന താൻ യാചിക്കുന്നതായും ബംഗ്ലാദേശുകാർക്കും അവരുടെ കുടുംബങ്ങൾക്കും സന്തോഷത്തിൻറെയും സമാധാനത്തിന്റെയും ദൈവാനുഗ്രഹങ്ങൾ ലഭിക്കാൻ താൻ പ്രാർത്ഥിക്കുന്നതായും പാപ്പ പറഞ്ഞു.