ബനഡിക്ട് മാർപാപ്പയുടെ നവതിയോടനുബന്ധിച്ച് വത്തിക്കാൻ സ്റ്റാമ്പ് പുറത്തിറക്കുന്നു

357

വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് മാർപാപ്പയോടുള്ള സ്‌നേഹം നിറഞ്ഞ കൃത്ജ്ഞതാപ്രകാശനത്തിന്റെ ഭാഗമായി മേയ് മാസത്തിൽ വത്തിക്കാൻ സ്റ്റാമ്പ് പുറത്തിറക്കുന്നു. കഴിഞ്ഞ 2000 വർഷങ്ങളിലെ മറ്റ് പ്രധാനപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട സ്റ്റാമ്പും മേയ് മാസത്തിൽ വത്തിക്കാൻ പുറത്തിറക്കും. ഏപ്രിൽ 16നാണ് പാപ്പ എമിരറ്റസ് നവതി ആഘോഷിച്ചത്. ചിത്രകാരനായ ഡാനിയൽ ലോംഗോ രൂപകൽപ്പന ചെയ്ത ചിത്രത്തിൽ ജപമാലയർപ്പിക്കുന്ന ബനഡിക്ട് മാർപാപ്പയെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിന്റെ 1950ാം വാർഷികത്തോടനുബന്ധിച്ച് 95 യൂറോ-സെന്റ് സ്റ്റാമ്പുകളും പുറത്തിറക്കുന്നുണ്ട്. പത്രോസ് ശ്ലീഹായുടെ രക്തസാക്ഷിത്വം അനുസ്മരിക്കുന്നതിനായി പുറത്തിറക്കുന്ന സ്റ്റാമ്പിൽ കോഴിയുടെ ചിത്രവും പൗലോസ് ശ്ലീഹായുടേതിൽ അദ്ദേഹത്തെ പരമ്പരാഗതമായി സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വാളിന്റെയും പുസ്തകത്തിന്റെയും ചിത്രവും ചേർത്തിട്ടുണ്ട്. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഫാത്തിമ നാഥയുടെ സ്റ്റാമ്പും മേയ് നാലിന് വത്തിക്കാൻ പുറത്തിറക്കും.