ബാലവേലയില്ലാതാക്കൽ സർക്കാരുകളുടെ മുൻഗണനാവിഷയം: ഫ്രാൻസിസ് പാപ്പ

0
190

വത്തിക്കാൻ: ബാലവേലയുടെ കാരണങ്ങൾ ഇല്ലാതാക്കുകയാണ് സർക്കാരുകളുടെയും അന്താരാഷ്ട്രസംഘടനകളുടെയും മുൻഗണനാവിഷയമെന്ന് ഫ്രാൻസിസ് പാപ്പ. ലോകരാഷ്ട്രങ്ങളുടെ വത്തിക്കാൻ അംബാസിഡർമാരെയും നയതന്ത്രപ്രതിനിധികളെയും പുതുവത്സരാശംസകൾ അറിയിക്കുന്നതിന് വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലവേലയെ താൻ അപലപിക്കുന്നു. ലാഭക്കണ്ണുകളോടെയും ബലഹീനരെ ചൂഷണം ചെയ്തും മുന്നോട്ടു പോകുന്ന ഒരു സമ്പദ്ഘടനയ്ക്ക് മെച്ചപ്പെട്ടൊരു ഭാവിയെക്കുറിച്ചുള്ള പദ്ധതി മുന്നോട്ടുവയ്ക്കാനാകില്ലെന്നും പാപ്പ പറഞ്ഞു.

“വത്തിക്കാൻ രാഷ്ട്രത്തലവന്മാരുമായി ബന്ധം പുലർത്തുന്നതിൻറെ ഏകലക്ഷ്യം മനുഷ്യന്റെ ആദ്ധ്യാത്മിക-ഭൗതിക സുസ്ഥിതിയും പൊതുനന്മയും പരിപോഷിപ്പിക്കുക എന്നതാണ്. പരാജിതനായ ശത്രുവിനെ നിന്ദിക്കലല്ല വിജയം. കീഴടക്കിയവന്റെ മേൽ ആധിപത്യം പുലർത്തി സമാധാനം സ്ഥാപിക്കാനാകില്ല. ഭയമല്ല, മറിച്ച് ഭിന്നതകളെ ദൂരികരിക്കുന്ന സംഭാഷണവും പരസ്പരധാരണയുമാണ് ഭാവി ആക്രമണങ്ങളിൽ നിന്ന് തടയുക. രാഷ്ട്രങ്ങൾക്ക് പരസ്പരം സമത്വം പുലർത്താനാകുമ്പോൾ മാത്രമെ സമാധാനം ശക്തമാകൂ. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധവും, മാനുഷിക ബന്ധങ്ങളെപ്പോലെ, സത്യം, നീതി, പ്രവർത്തനനിരതമായ ഐക്യദാർഢ്യം, സ്വാതന്ത്ര്യം എന്നിവയിൽ അധിഷ്ഠിതമാകണം”. പാപ്പ പറഞ്ഞു.

കുടിയേറ്റക്കാരുടെ, പ്രത്യേകിച്ച്, മ്യൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്ന റൊഹീംഗ്യ മുസ്ലീം ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളും പാപ്പാ അനുസ്മരിച്ചു. അവരെ സ്വാഗതം ചെയ്യണമെന്നും അവർക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും പാപ്പ ആവശ്യപ്പെട്ടു.

സോവറിൻ ഓർഡർ ഓഫ് മാൾട്ടയും യൂറോപ്യൻ സമിതിയുമടക്കം 185 രാജ്യങ്ങൾ നിലവിൽ വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിച്ചിട്ടുണ്ട്. അറബുനാടുകളുടെ സഖ്യം, കുടിയേറ്റക്കാർക്കായുള്ള അന്താരാഷ്ട്ര സംഘടന, അഭയാർത്ഥികൾക്കായി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വിഭാഗമായ യു എൻ എച്ച് സി ആർ എന്നിവയ്ക്കും വത്തിക്കാനിൽ ഔദ്യോഗിക പ്രതിനിധികളുണ്ട്.