ബൈബിള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ഡച്ച് മിഷനറി ഓര്‍മായി

0
2236
ബൈബിള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ഡച്ച് മിഷനറി ഓര്‍മായി

ശ്രീനഗര്‍: ബൈബിള്‍ ജമ്മു-കാഷ്മീരിയിലെ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ഡച്ച് മിഷനറി ഫാ.ജിം ബോസ്റ്റ് (88) നിത്യസമ്മാനത്തിനായി യാത്രയായി.
ധ്യാനപ്രസംഗകന്‍, വിദ്യാഭ്യാസ വിചഷണന്‍, മിഷനറി എന്നിങ്ങനെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഈ മിഷനറി നീണ്ട 55 വര്‍ഷങ്ങള്‍ ഇന്ത്യയില്‍ സേവനം ചെയ്തു.

2003-ല്‍ ഒരു തെറ്റായ പരാതിയെ തുടര്‍ന്ന് രാജ്യംവിട്ടുപോകണമെന്ന് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി യാഥാര്‍ത്ഥ്യങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെ നടപടികള്‍ ഒഴിവാക്കപ്പെടുകയായിരുന്നു.

1930 ഓഗസ്റ്റ് മൂന്നിന് നെതര്‍ലാന്റില്‍ ജനിച്ച ഫാ. ബോസ്റ്റ് 1945-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1957 മെയ് ഏഴിന് ലണ്ടനില്‍വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. 1963-ല്‍ ജമ്മു-കാഷ്മീരില്‍ എത്തി. പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തിലെ ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു.

വിദ്യാഭ്യാസ മേഖലയിലായിരുന്നു തുടക്കത്തില്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചത്. ബാരാമുള്ള സെന്റ് ജോസഫ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു ഫാ. ബോസ്റ്റ്. തുടര്‍ന്ന് അവിടെയുള്ള സെന്റ് ജോസഫ് ദൈവാലയ വികാരിയായി. ഈ കാലയളവിലാണ് അവിടുത്തെ പ്രാദേശിക ഭാഷയിലേക്ക് ബൈബിള്‍ വിവര്‍ത്തനം നടത്തിയത്.

ഫാ. ബോസ്റ്റ് കാഷ്മീര്‍ വാലിയിലെ ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച ഒരു തീവ്ര മുസ്ലീം സംഘടന കൊടുത്ത വിവരം അനുസരിച്ച് ഒരു ദിനപത്രത്തില്‍ അദ്ദേഹം മതപരിവര്‍ത്തനം നടത്തുകയാണെന്ന വിധത്തിലുള്ള വാര്‍ത്ത വന്നതിനെതുടര്‍ന്നാണ് ഇന്ത്യാ ഗവണ്‍മെന്റ് പുറത്താക്കാന്‍ തീരുമാനിച്ചത്.

വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടിരുന്നവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫാ.ബോസ്റ്റിന് അനുകൂലമായി മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ റാലികള്‍ വരെ നടന്നു എന്നൊരു പ്രത്യേകതയും ഫാ.ബോസ്റ്റിനുണ്ട്.

1975-ല്‍ ബീഹാറിലേക്കുപോയ അദ്ദേഹം 1993-ല്‍ ജമ്മു-കാഷ്മീരിലേക്ക് തിരികെ എത്തി. കരിസ്മാറ്റിക് നവീകരണത്തിന്റെ ആദ്യനാളുകള്‍ മുതല്‍ ധ്യാനങ്ങളില്‍ സജീവമായിരുന്നു ഫാ. ബോസ്റ്റ്. ശ്രീനഗറിലാണ് സംസ്‌കാരം നടത്തിയത്.