ബൈബിൾ ഇല്ലാതെ യഹൂദർക്ക് നിലനിൽപ്പില്ല: ഇസ്രയേൽ പ്രധാനമന്ത്രി

427

ജെറുസലേം: ബൈബിൾ ഇല്ലാതെ യഹൂദർക്ക് നിലനിൽപ്പും ഭാവിയുമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. തന്റെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ബൈബിൾ പഠന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെൻ-ഗൂരിയോൺ എല്ലാവർഷവും രാജ്യത്ത് ബൈബിൾ പഠന ക്ലാസ് സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ബൈബിൾ പഠനത്തിനായി പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും ഒരു ദിവസം മാറ്റിവെച്ചത്.

ഇടയ്ക്ക് മുടങ്ങിയ ബൈബിൾ പഠന കൂട്ടായ്മ മുൻ പ്രധാനമന്ത്രിയായിരുന്ന മെനാക്കേം പുനരാംഭിച്ചെങ്കിലും വീണ്ടും മുടങ്ങിയിരുന്നു. തുടർന്നാണ് തന്റെ ഭാര്യയായ സാറയുടെ പിതാവും, ബൈബിൾ പണ്ഡിതനുമായ ഷൂമെൽ ബെൻ-അർട്‌സിയുടെ ബഹുമാനർത്ഥം നെതന്യാഹു വീണ്ടും ബൈബിൾ പഠനം സംഘടിപ്പിച്ചത്.

അതേസമയം, 2014-ൽ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബാറ്റ്-ഗാലിം ഷാറിന്റെ മാതാവായ ഗിലാദ് ഷായെർ ബൈബിൾ കൂട്ടായ്മയിൽ പങ്കെടുത്തിരുന്നു. തന്റെ മകനെക്കുറിച്ച് രചിച്ച ഒരു ഗ്രന്ഥം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും സമ്മാനിച്ച ശേഷമാണ് ഷായെർ വേദി വിട്ടത്.
നെതന്യാഹുവിന്റെ മകൻ ആവ്‌നെർ നാഷണൽ ബൈബിൾ ക്വിസ്സിൽ ഒന്നാം സ്ഥാനവും, അന്താരാഷ്ട്ര ബൈബിൾ ക്വിസ്സിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. രണ്ടുവർഷങ്ങൾക്ക് മുൻപ് ജെറുസലേമിൽ വെച്ച് നടന്ന അന്താരാഷ്ട്ര ബൈബിൾ ക്വിസിൽ തന്റെ ഔദ്യോഗിക കടമകൾ മാറ്റിവെച്ച് നെതന്യാഹു പങ്കെടുത്തിരുന്നു.