ബ്രക്സിറ്റിനേക്കാൾ കുടുംബത്തിന് മുൻഗണന നൽകണം: ഷ്രൂസ്‌ബെറി ബിഷപ്പ് മാർക്ക് ഡേവിസ്

0
219

ഷ്രൂസ്‌ബെറി: ബ്രെക്‌സിറ്റിനെക്കാളും കുടുംബത്തിന് കൂടുതൽ മുൻഗണന നൽകണമെന്ന് ബ്രിട്ടനിലെ ഷ്രൂസ്‌ബെറി ബിഷപ്പ് മാർക്ക് ഡേവിസ്. കുടുംബദിനത്തോടനുബന്ധിച്ചുള്ള ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദിനംപ്രതി തകരുന്ന വിവാഹങ്ങളും കുടുംബബന്ധങ്ങളും ബ്രിട്ടനെ ഒരു വലിയ ദുരന്തത്തിലേക്കാണ് തള്ളി വിടുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ബ്രിട്ടനിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുസമൂഹവും ബ്രക്സിറ്റിനെപ്പറ്റിയാണ് ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും. എന്നാൽ ബ്രിട്ടനിലെ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും അടിയന്തരപ്രാധാന്യം വിവാഹത്തിനും തകരുന്ന കുടുംബബന്ധങ്ങൾക്കും നൽകണം. സുശക്തവും ആരോഗ്യപരവുമായ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിന് കെട്ടുറപ്പുള്ള വിവാഹബന്ധങ്ങളും മാതൃകാപരമായ കുടുംബജീവിതവും അത്യന്താപേക്ഷിതമാണ്. എഴുപത്തഞ്ച് ശതമാനം യുവതിയുവാക്കളും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും ഇന്നത്തെ തകർന്ന വിവാഹ ബന്ധങ്ങൾ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നുവെന്ന് സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് നടത്തിയ സർവ്വേയിൽ വ്യക്തമാകുന്നു. ബ്രിട്ടനിൽ വിവാഹിതരുടെ എണ്ണത്തിലുണ്ടായ കുറവും വിവാഹമോചനത്തിലെ വൻവർദ്ധനവും പുതുതലമുറയിൽ വലിയ ധാർമ്മികച്യുതിയ്ക്കും സാംസ്‌കാരിക അധഃപതനത്തിനും കാരണമായതായി പഠനങ്ങൾ തെളിയിക്കുന്നു. ഇത് രാജ്യത്തെ വലിയ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്”; അദ്ദേഹം പറഞ്ഞു.

“മാര്യേജ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് അൻപത് ശതമാനത്തിൽ താഴെ മാത്രം യുവജനങ്ങളാണ് വിവാഹിതരാകുന്നത്. എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ ഇത് ഇരുപത്തിനാലുശതമാനമായി ചുരുങ്ങും. അതേസമയം, വിവാഹിതരാകുന്ന ദമ്പതികളിൽ അമ്പതുശതമാനവും കുറഞ്ഞ കാലയളവിനുള്ളിൽ ബന്ധം വേർപെടുത്തുന്നു. മുൻകാലങ്ങളിൽ ബ്രിട്ടനിലെ ഗവൺമെന്റുകൾ സുദൃഢമായ വിവാഹബന്ധങ്ങൾക്കും മാതൃകാപരമായ കുടുംബജീവിതങ്ങൾക്കും വലിയ വില കൽപ്പിച്ചിരുന്നു. എന്നാൽ, രാജ്യത്ത് 200 വർഷമായി നിലനിന്നിരുന്ന മാര്യേജ് ആക്ടിൽ നടത്തുന്ന പരിഷ്‌കാരങ്ങൾ കുടുംബവ്യവസ്ഥയെ അടിമുടി തകിടം മറിച്ചു. മനുഷ്യസ്നേഹത്തിന്റെ സമ്പൂർണ സാക്ഷാത്ക്കാരവും കുടുംബത്തിന്റെ അടിസ്ഥാനവുമായ വിവാഹബന്ധങ്ങൾ വിശുദ്ധിയിലേക്കുള്ള വിളിയാണ്. കഴിഞ്ഞ രണ്ടായിരം വർഷമായി സഭ ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നു”; അദ്ദേഹം കൂട്ടിച്ചേർത്തു.

“ബ്രിട്ടനിലെ തകരുന്ന കുടുംബജീവിതവും വിവാഹബന്ധങ്ങളും നികുതിദായകരായ പൊതുജനത്തിന് സാമ്പത്തികഭാരമുണ്ടാക്കുന്നു. വിവാഹമോചിതരാകുന്നവരുടെ പുനരധിവാസം, സംരക്ഷണം, ഭവന-വിദ്യാഭ്യാസ സഹായങ്ങൾ എന്നിവയ്ക്കായി അൻപത് ബില്യൺ പൗണ്ടാണ് വർഷം തോറും ചിലവഴിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഈയിനത്തിൽ 20 ബില്യൺ പൗണ്ടിന്റെ വർദ്ധനവ് ഉണ്ടായി. രാജ്യസുരക്ഷയ്ക്കും പ്രതിരോധത്തിനും നീക്കിവയ്ക്കുന്ന ബഡ്ജറ്റിന് തുല്യമാണ് ഈ തുക”; അദ്ദേഹം ചൂണ്ടിക്കാട്ടി