ബ്രിട്ടനിൽ ‘റോസറി ഓൺ ദ കോസ്റ്റ്’ ഏപ്രിൽ 29ന്, 9 ബിഷപ്പുമാർ ജപമാലയജ്ഞത്തിൽ പങ്കെടുക്കും

0
207

ബ്രിട്ടൻ: അയർലണ്ടിനും പോളണ്ടിനും പിറകെ ബ്രിട്ടനും പരിശുദ്ധ അമ്മയുടെ കരം പിടിക്കുന്നു. ‘റോസറി ഓൺ ദി കോസ്റ്റ്’ എന്ന പേരിൽ ഈ മാസം 29 നാണ് ബ്രിട്ടനിൽ ജപമാലയജ്ഞം നടക്കുക. അന്നേദിവസം മൂന്നുമണിക്ക് ബ്രിട്ടനിലെ 200 പ്രദേശങ്ങളിൽ ജപമാല യജ്ഞം നടക്കും.

രാജ്യത്തെ ഒൻപത് ബിഷപ്പുമാർ റോസറി ഓൺ ദി കോസ്റ്റിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. വെസ്റ്റ് കൺട്രി ഉൾപ്പെട്ട പ്ലൈമൗത്ത് രൂപതയ്ക്കാണ് ഏറ്റവും വലിയ പ്രാർത്ഥനാ സംഘമുള്ളത്. പ്ലൈമൗത്ത് രൂപതയിലെ പതിനാറ് പ്രാർത്ഥനാ സംഘങ്ങൾ റോസറി ഓൺ ദി കോസ്റ്റിൽ പങ്കെടുക്കും. “ജീവന്റെ സംസ്‌ക്കാരം പടുത്തുയർത്താനുള്ള മഹത്ത്വവും ആളുകളിലും രാജ്യങ്ങളിലും സമാധാനം ആധിപത്യം പുലർത്താനുമുള്ള വിശ്വാസത്തിന്റെ പുഷ്ടിപ്പെടലുമാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്”; റോസറി ഓൺ ദി കോസ്റ്റിന്റെ സംഘാടകർ പറഞ്ഞു.

കഴിഞ്ഞമാസം റോസറി ഓൺ ദ കോസ്റ്റിൽ പങ്കെടുക്കുന്നവരെ ഫ്രാൻസിസ് പാപ്പ അനുഗ്രഹിച്ചിരുന്നുവെന്നും ഇതിൽ പങ്കെടുക്കുന്നവർക്ക് തന്റെ ആത്മീയ സാമീപ്യം വാഗ്ദാനം ചെയ്യുന്നതായും എല്ലാവരെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് കീഴിൽ സമർപ്പിക്കുമെന്നും ആർച്ചുബിഷപ്പ് എഡ്വേർഡ് ആഡംസ് പറഞ്ഞു. ട്രഡീഷണലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ക്രൈസ്റ്റ് ദ കിംഗ് ന്യൂ ബ്രൈറ്റണിലെ ഡോം ഓഫ് ഹോമിൽ സംഘടിപ്പിക്കുന്ന റോസറിയിൽ ഷ്രൂസ്ബറി രൂപതാ ബിഷപ്പ് മാർക്ക് ഡേവിസ് പങ്കെടുക്കും.

പ്ലൈമൗത്തിലെ ഹൊ റോസറി സംഘത്തിൽ ബിഷപ്പ് മാർക്ക് ഒ ടൂളും ആയ്ർ ബിച്ചിലെ റോസറിയിൽ ഗാലോവേ ബിഷപ്പായ വില്യം നോളനും പങ്കെടുക്കും. സെന്റ് ആൻഡ്രൂസ്, എഡിൻബർഗ് എന്നിവിടങ്ങളിലെ ബിഷപ്പായ ലിയോ കുഷ്ലി, പോർട്സ്മൗത്ത് ബിഷപ്പായ ഫിലിപ്പ് ഏഗൻ, മനീവിയ ബിഷപ്പായ ടോം ബേൺസ്, ഹല്ലാം ബിഷപ്പായ റാൾഫ് ഹസ്‌ക്കറ്റ്, പെയ്സ്ലി ബിഷപ്പായ ജോൺ കീനാൻ എന്നിവരും റോസറി ഓൺ ദ കോസ്റ്റിൽ പങ്കെടുക്കും. അതേസമയം, അവർ അപ്പസ്‌തോലന്മാരുടെ പിൻഗാമികളാണെന്നും അവരുടെ അനുഗ്രഹങ്ങളും അംഗീകാരവും പ്രാർത്ഥനയ്ക്ക് കൂടുതൽ ശക്തിയും കാര്യക്ഷമതയും നൽകുമെന്നും ‘റോസറി ഓൺ ദ കോസ്റ്റി’ന്റെ സംഘാടകരിൽ ഒരാളായ അന്റോണിയ മൊഫാട്ട് പറഞ്ഞു.